ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല

കർണാടകയിലെ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 19 വയസ്സുള്ള ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം-വീരപൂർ സ്വദേശിനിയായ മാന്യത പാട്ടീൽ ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാന്യത സ്വന്തം ഗ്രാമത്തിലുള്ള മറ്റൊരു ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം വധഭീഷണി ഉയർന്നതിനെത്തുടർന്ന് ദമ്പതികൾ ഹവേരിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് ഇവർ തിരികെ ഗ്രാമത്തിലെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൃഷിയിടത്തിൽ വച്ച് മാന്യതയുടെ ഭർത്താവിനെയും പിതാവിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ആറുമാസം ഗർഭിണിയായ മാന്യതയെ ക്രൂരമായി മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
ഇരുമ്പ് പൈപ്പും കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മാന്യതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹുബ്ബള്ളി റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here