25 കോടി ബമ്പറടിച്ചാൽ എത്ര കയ്യിൽ കിട്ടും… പണം അക്കൗണ്ടിലെത്തിയ ശേഷവും പിടുത്തം!!

കേരളം കാത്തിരുന്ന തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. TH 577825 എന്ന സീരിയൽ നമ്പറിലുള്ള ലോട്ടറിക്കാണ് ബമ്പർ അടിച്ചിരിക്കുന്നത്. 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലി ആരെന്ന ആകാംക്ഷയിലാണ് മലയാളികൾ.
സമ്മാനത്തുകയിൽ 10% ഏജൻ്റ് കമ്മീഷനും, 30% ആദായ നികുതിയും കിഴിച്ച ശേഷം 15.75 കോടി രൂപ ആയിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക. തുക അക്കൗണ്ടിൽ ക്രെഡിറ്റായി കഴിഞ്ഞാൽ പിന്നെയും ഉണ്ട് ചില കടമ്പകൾ. സമ്മാന തുക 5 കോടിക്ക് മുകളിലാണെങ്കിൽ, ആദായ നികുതി നിയമം അനുസരിച്ച് സർചാർജ് (Surcharge), സെസ്സ് (Health and Education Cess) എന്നിവകൂടി അടയ്‌ക്കേണ്ടി വരും.
Also Read : മന്ത്രിക്ക് കണക്ക് അറിയില്ല !! ലോട്ടറിയിൽ സമ്മാനമടിച്ച തുകയും സർക്കാരിലേക്ക് തന്നെ; അതിൻ്റെ കാരണം ഇതാണ്…
ഇത് സമ്മാനത്തുക അക്കൗണ്ടിൽ ലഭിച്ച ശേഷം ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്ന സമയത്താണ് നൽകേണ്ടത്. ഇവയെല്ലാം കുറച്ച് ഏകദേശം 12.88 കോടി രൂപ ആയിരിക്കും ഭാഗ്യശാലിക്ക് സ്വന്തമാവുക. ഈ വർഷം പാലക്കാടാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടന്നിട്ടുള്ളത്.
75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്. കനത്ത മഴയും ജി.എസ്.ടി. മാറ്റവും കാരണം ടിക്കറ്റ് വിൽപന പൂർത്തിയാകാത്തതിനെ തുടർന്ന് സെപ്റ്റംബർ 27-ലെ നറുക്കെടുപ്പ് ഒക്ടോബർ 4ലേക്ക് മാറ്റുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here