ചുമതല ജൂനിയറിന് കൈമാറി; ബൈക്കിന് പെട്രോള്‍ അടിക്കേണ്ട പൈസ മാത്രം മതി; സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറായി ഡോ: ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ അച്ചടക്ക നടപടി മുന്നില്‍ കണ്ട് ഡോ: ഹാരിസ്. ചുമതലകള്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. താന്‍ സര്‍വീസില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ക്ക് സേവനം ലഭിക്കണമെന്ന് ഹാരിസ് പ്രതികരിച്ചു. ഉന്നയിച്ച വിമര്‍ശനങ്ങള്‍ തെളിയിക്കാനുളള വിവരങ്ങളെല്ലാം അന്വേഷണ സമിതിക്കു മുന്‍പാകെ നല്‍കിയെന്ന് ഹാരിസ് പറഞ്ഞു.
സഹപ്രവര്‍ത്തകരും താന്‍ പറഞ്ഞ കാര്യങ്ങള്‍ അനുകൂലിച്ചിട്ടുണ്ട്. നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞത് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ സ്വീകരിച്ച മാര്‍ഗം തെറ്റായിരുന്നു. വേറെ മാര്‍ഗമില്ലാത്തതു കൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം എന്നാണ് കരുതിയതെന്നും ഹാരിസ് പറഞ്ഞു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഎമ്മും എന്നും ഒപ്പം നിന്നിട്ടുണ്ട്. അവരാണ് കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. താന്‍ പറഞ്ഞത് സര്‍ക്കാരിന് എതിരായതില്‍ വിഷമമുണ്ട്. നടപടിയുണ്ടാകും എന്ന് ഒരു ഭയവുമില്ല. ഒരു ജോലി അല്ലെങ്കില്‍ വേറൊരു ജോലി കിട്ടും. എന്ത് ശിക്ഷയ്ക്കും തയ്യാറായി നില്‍ക്കുകയാണ്. സാമ്പത്തിക ബാധ്യതകള്‍ ഒന്നുമില്ല. ഭാര്യയ്ക്കും മൂത്ത മകള്‍ക്കും ജോലിയുണ്ട്. ഒരു ദിവസം ബൈക്കിന് പെട്രോള്‍ അടിക്കേണ്ട പൈസ മാത്രം മതിയെന്നും ഹാരിസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here