നടുക്കം മാറാതെ ചന്തിരൂർ; ദേശീയപാതയിൽ ഗർഡർ വീണ് യുവാവ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി

ദേശീയപാത 66-ൻ്റെ ഭാഗമായി അരൂർ – തുറവൂർ മേഖലയിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നു വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്. അപകടത്തെത്തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വീഴ്ചകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
പുലർച്ചെ മൂന്നോടെ ചന്തിരൂരിൽ വച്ചാണ് അപകടം ഉണ്ടായത്. ഗർഡറുകൾ കയറ്റുന്നതിനിടെ ഏകദേശം 8,0000 കിലോ ഭാരമുള്ള രണ്ട് ഗർഡറുകൾ പാലത്തിന് അടിയിലൂടെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് അപകടത്തിൽ ദാരുണമായി മരിച്ചു. സംഭവത്തിൽ കരാർ ഏറ്റെടുത്ത അശോക ബിൽഡേഴ്‌സിൻ്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് വ്യാപകമായി ആരോപണം ഉയർന്നിട്ടുണ്ട്.
Also Read : പണിപാളിയ ദേശീയപാത നിർമ്മാണം; രൂക്ഷവിമർശനവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി
തമിഴ്‌നാട്ടിൽ നിന്ന് മുട്ടയുമായി വന്ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നു പിക്കപ്പ് വാൻ. വാഹനം ഗർഡറുകൾക്കടിയിൽ ഞെരിഞ്ഞമരുകയായിരുന്നു. ഡ്രൈവർ രാജേഷ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാജേഷ് പിക്കപ്പ് വാനിൻ്റെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. പതിവ് ഡ്രൈവർ ഇല്ലാതിരുന്നത് കാരണം വാഹനം ഓടിക്കാൻ വേണ്ടി വിളിച്ചപ്പോൾ വന്നയാളാണ്. ഈ ദാരുണമായ ദുരന്തത്തിന് കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണ് കാരണമെന്ന് വാഹനയുടമ അടക്കമുള്ളവർ ശക്തമായി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് എൻ.എച്ച്.എ.ഐയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here