കോൺഗ്രസിന് വൻ തിരിച്ചടി! സസ്‌പെൻഡ് ചെയ്ത 12 കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ നീക്കങ്ങൾ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടർന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത 12 കൗൺസിലർമാരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാന്റെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്.

ഡിസംബർ 20ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റുകളിൽ ശിവസേന (ഷിൻഡെ വിഭാഗം) 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് നാല് സീറ്റുകളുടെ കുറവുണ്ടായിരുന്നു. ശിവസേനയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പരമ്പരാഗത ശത്രുക്കളായ ബിജെപിയും (14 സീറ്റ്) കോൺഗ്രസും (12 സീറ്റ്) അജിത് പവാർ നയിക്കുന്ന എൻസിപിയും (4 സീറ്റ്) കൈകോർത്ത് ‘അംബർനാഥ് വികാസ് അഘാഡി’ (AVA) എന്ന സഖ്യം രൂപീകരിച്ചു.

ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രകോപിതരായ കോൺഗ്രസ് നേതൃത്വം 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേർന്നത്.വികസനത്തിന് വേണ്ടിയാണ് തങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് കൗൺസിലർമാർ പറഞ്ഞു. എന്നാൽ സ്വന്തം സഖ്യകക്ഷിയായ ശിവസേനയെ മാറ്റിനിർത്തി കോൺഗ്രസുമായി ബിജെപി കൈകോർത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top