ചേട്ടനോട് ദയവുചെയ്ത് ക്ഷമിക്കണം, ഞാനൊരു നല്ല മനുഷ്യനാകാൻ ശ്രമിക്കട്ടെ… അന്തസായി വേടൻ്റെ പ്രതികരണം; ഷൈൻ ടോമുമാർ കേട്ടുപഠിക്കണം

താരതമ്യം ചെയ്താൽ വേടൻ്റെ പേരിലുള്ള കുറ്റത്തിന് ഷൈൻ ടോം ചാക്കോയുടെ പേരിലുള്ളതിനേക്കാൾ ഒരൽപം ഗ്രാവിറ്റി കൂടുതലാണെന്ന് പറയാം. ഷൈനിൻ്റെ പക്കൽ നിന്ന് ഇതേവരെ ഒരുതരി പോലും ലഹരി നേരിട്ട് പിടികൂടിയിട്ടില്ല എന്നിരിക്കെ, വേടൻ്റെ താമസസ്ഥലത്ത് നിന്ന് കയ്യോടെ പിടികൂടിയിട്ടുണ്ട് ആറുഗ്രാമെങ്കിലും കഞ്ചാവ്. കുറഞ്ഞ അളവായതിനാൽ ജാമ്യം കിട്ടി. പിന്നാലെ വനംവകുപ്പിൻ്റെ കേസും വന്നു. അതിലും ഒരുവിധം ജാമ്യംനേടി ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങിയ വേടൻ ഉള്ളിലേക്ക് പോയ വേടനല്ലെന്ന് നിസംശയം പറയാം.
നന്നാകാൻ ശ്രമിക്കട്ടെ എന്ന് സ്വയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൊണ്ട് വേടൻ്റെ സമീപനത്തിലുണ്ടായ മാറ്റമല്ല ഉദ്ദേശിച്ചത്. ഹിരൺദാസ് മുരളിയെന്ന ഈ വേറിട്ട സംഗീതകാരൻ്റെ പോപ്പുലാരിറ്റിയിൽ ഉണ്ടായ മാറ്റമാണ് വരും ദിനങ്ങളിൽ കേരളം കാണാനിരിക്കുന്നത്. വേടൻ എന്ന പേര് കേട്ടിട്ടുപോലും ഇല്ലാതിരുന്ന ഒരുപാട് ജനവിഭാഗങ്ങൾക്കിടയിൽ ഈ പേരിനുണ്ടായ സ്വീകാര്യത, അത് ഉണ്ടാക്കുന്ന തരംഗം, തൽഫലമായുണ്ടാകുന്ന സെർച്ച് ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ പ്രകടമാണ്.
ഷൈൻ ടോം ചാക്കോ കേസിൽ പെട്ടപ്പോഴത്തേത് പോലെയല്ല, വേടനൊപ്പം എന്ന ഹാഷ്ഗാഗിൽ പരസ്യമായി പിന്തുണ അറിയിക്കാൻ ഒരു മടിയുമില്ലാതെ മുന്നോട്ട് വരികയാണ് പലരും. ലഹരി വിഷയത്തിൽ വേടൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന് പറയുന്നവർ തന്നെ അത് തിരുത്താൻ അയാൾക്ക് കഴിയുമെന്നും അത് ആവശ്യമാണെന്നും കുറിക്കുന്നു. അയാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോട് പ്രത്യക്ഷത്തിൽ ആഭിമുഖ്യം പ്രകടിപ്പിക്കാത്തവർ പോലും ഇങ്ങനെ പിന്തുണ പ്രഖ്യാപിക്കുന്നവരിൽ ഉണ്ട്.
വേടൻ ആരാണെന്ന് അറിയാനും അയാളുടെ സംഗീതവും രാഷ്ട്രീയവും മനസിലാക്കാനും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ സെർച്ച് ചെയ്യുന്നുണ്ട്. ആദ്യ വീഡിയോ മുതൽ അയാൾ ഇന്നുവരെ കൊടുത്തിട്ടുള്ള ഇൻ്റർവ്യൂകളുടേയും സ്റ്റേജിലെ പ്രകടനങ്ങളുടെയും വരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന വീഡിയോകൾ വരെ ഇപ്പോൾ പൊങ്ങിവരുന്നത് അതുകൊണ്ടാണ്. പലതിൻ്റെയും വ്യൂസ് ഈ ഏതാനും ദിവസങ്ങൾ കൊണ്ട് ലക്ഷങ്ങളിലേക്ക് കുതിക്കുകയാണ്.
Also Read: ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…
ഇതാണ് ഷൈൻ ടോമിനൊന്നും സ്വപ്നം കാണാൻ കഴിയാത്ത ജനപ്രീതി. മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം സിനിമകളിൽ നല്ല റോളുകൾ കിട്ടിയിട്ടും, സിനിമക്ക് പുറത്ത് കിട്ടാവുന്ന വേദിയെല്ലാം ഉപയോഗപ്പെടുത്തി സാധാരണക്കാരുടെ മനസിൽ അറുവഷളൻ ഇമേജ് വേഗത്തിൽ സൃഷ്ടിച്ചെടുത്തു ഷൈൻ. ചോദ്യം ചോദിക്കുന്ന മാധ്യമങ്ങളോടെല്ലാം തട്ടിക്കയറുകയും, അയാളോട് മിണ്ടാൻ പേടിച്ചിരിക്കുന്ന യുവതികളായ അവതാരകരുടെ മുന്നിൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്യുന്ന തരം വല്ലാത്ത വിരുതുകൾ പുറത്തെടുക്കുന്ന ‘നടൻ’.
ഇവിടെയെല്ലാം വേടൻ വ്യത്യസ്തനാണെന്ന് ഇന്നലെ വീണ്ടും കാണിച്ചു. സ്വന്തം ലഹരിയുപയോഗം മറച്ചുവയ്ക്കുകയോ അത് ചോദിക്കുന്നവരോട് രോഷം കൊള്ളുകയോ ചെയ്തില്ല. അതെല്ലാം ബാഡ് ഇൻഫ്ലൂവൻസ് ആണെന്ന് അറിയാമെന്ന് പറഞ്ഞ ഈ ചെറുപ്പക്കാരൻ, “ചേട്ടനോട് ക്ഷമിക്കണം, നല്ലൊരു മനുഷ്യനാകാൻ ശ്രമിക്കട്ടെ” എന്നും പറഞ്ഞ് തികഞ്ഞ സമാധാനത്തോടെയാണ് ജാമ്യം നേടി പുറത്തുപോയത്. കുഞ്ഞുകുട്ടികളിലും കൌമാരക്കാരിലും ഏറ്റവും ആരാധകരുള്ള വേടൻ്റെ ഈ വാക്കുകൾ അവർക്കിടയിൽ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ജാമ്യം കിട്ടിയ ശേഷമുള്ള വേടൻ്റെ പ്രതികരണത്തിൽ പിന്തുണ അറിയിച്ച് യാക്കോബായ സഭ മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ് വരെ രംഗത്തെത്തി. “നിൻ്റെ ചടുല സംഗീതത്തേക്കാൾ വലിയ ലഹരിയെന്തുണ്ട് അനിയാ” എന്ന് ചോദിച്ച അദ്ദേഹം തനിക്ക് വേടനോടുള്ള ഇഷ്ടം കൂടിയെന്നും, വെളുത്ത ദൈവങ്ങൾക്ക് എതിരെയുള്ള വേടൻ്റെ കലാവിപ്ലവം തുടരട്ടെയെന്നും ആണ് ആശംസിച്ചത്. സുനിൽ പി ഇളയിടം, ഷഹബാസ് അമൻ, പിഎം ലാലി അടക്കം പലരും അറസ്റ്റിന് പിന്നാലെ തന്നെ വേടന് പിന്തുണ അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here