മുടി കയറ്റുമതിയിൽ 50 കോടിയുടെ തട്ടിപ്പ്: നാഗാലാൻഡ് ഉൾപ്പെടെ ഏഴിടങ്ങളിൽ ഇഡി റെയ്ഡ്

മനുഷ്യ മുടി കയറ്റുമതിയുടെ മറവിൽ 50 കോടിയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തൽ. നിയമവിരുദ്ധ വിദേശനാണ്യ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നാഗാലാൻഡ്, അസം, തമിഴ്‌നാട് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി. വിദേശനാണ്യ വിനിമയ നിയമം (FEMA) ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. നാഗാലാൻഡിൽ ഇഡി നടത്തുന്ന ആദ്യത്തെ FEMA കേസാണിത്.
ലിമ ഇംസോങ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ഇംസോങ് ഗ്ലോബൽ സപ്ലൈയേഴ്സ് കോ’ എന്ന സ്ഥാപനമാണ് അന്വേഷണ പരിധിയിലുള്ളത്. മുടി കയറ്റുമതി ചെയ്യുന്നു എന്ന വ്യാജേന ഇവർക്ക് വിദേശത്തുനിന്ന് വലിയ തുകകൾ എത്തിയിരുന്നതായി ഇഡി കണ്ടെത്തി. വിദേശത്തുനിന്ന് പണം ലഭിച്ചിട്ടും, കയറ്റുമതിയുടെ രേഖകളായ ഷിപ്പിംഗ് ബില്ലുകൾ, ഇൻവോയ്സുകൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ ബാങ്കിന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. ഇത് FEMA നിയമങ്ങളുടെയും റിസർവ് ബാങ്ക് (RBI) നിർദ്ദേശങ്ങളുടെയും ലംഘനമാണ്.
ഇംസോങ് ഗ്ലോബലിന്റെ അക്കൗണ്ടിൽ ലഭിച്ച വിദേശ പണം, ലിമ ഇംസോങ്ങിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ‘ഇൻചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലേക്കും, ഇംസോങ്ങിന്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ അക്കൗണ്ടുകളിലേക്കും വഴിമാറ്റിയതായി ഇഡി കണ്ടെത്തി. ഇൻചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുമ്പ് പ്രവർത്തനരഹിതമായിരുന്നെങ്കിലും വിദേശ പണം വന്നതോടെ സജീവമായി. എന്നാൽ ഈ കമ്പനി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച കടലാസ് കമ്പനിയാണ് എന്നാണ് ഇഡിയുടെ നിഗമനം.
ഇൻചെം ഇന്ത്യയിൽ നിന്ന് പണം ചെന്നൈയിലെ മുടി കച്ചവട സ്ഥാപനങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ദിമാപൂരിൽ രണ്ടിടത്തും ഗുവാഹത്തിയിൽ രണ്ടിടത്തും ചെന്നൈയിൽ മൂന്നിടത്തുമായി ആകെ ഏഴ് സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. തുടർ അന്വേഷണം നടന്നുവരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here