ഇനി മുതിർന്നവരെ കണ്ടാൽ ഉറക്കം നടിക്കാൻ കഴിയില്ല; എല്ലാ KSRTC ബസിലും സീറ്റ് സംവരണം ഏർപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

എല്ലാ കെഎസ്ആർടിസി ബസുകളിലും മുതിർന്ന പൗരൻമാർക്ക് പ്രത്യേകം സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഇതിന് അനുസൃതമായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സർവീസുകളിൽ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന കെഎസ്ആർടിസിയുടെ വാദം കമ്മിഷൻ തള്ളി. ഇത്തരം ബസുകളിൽ പൊതുവിഭാഗം സീറ്റുകളിൽ മുതിർന്ന പൗരൻമാർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന വാദവും കമ്മീഷൻ അംഗീകരിച്ചില്ല. മുതിർന്ന പൗരൻമാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
എറണാകുളം മുതൽ കോട്ടയം വരെ ഓൺലൈൻ റിസർവേഷൻ ചെയ്ത മുതിർന്ന പൗരൻമാർക്ക് റിസർവ് ചെയ്ത സീറ്റിൽ നിന്നും മറ്റൊരാൾക്കായി മാറി കൊടുക്കേണ്ടി വന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. നിലവിലെ നിയമപ്രകാരം ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള സർവ്വീസുകളിൽ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ചെയ്യാൻ കഴിയില്ലെന്ന് കെഎസ്ആർടിസി കമ്മിഷനെ അറിയിച്ചി രുന്നു. ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മുതിർന്നവർക്ക് സീറ്റ് സംവരണം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികൾ പ്രത്യേകം പരാമർശിച്ച് ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവ് ഇറക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here