പോലീസുകാരനെ തല്ലിയ എംഎൽഎയുടെ മകൻ പോലീസ് കസ്റ്റഡിയിൽ; ആക്രമണം ഡ്യൂട്ടിക്കിടെ

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിൽ ജനതാ ഉന്നയൻ പാർട്ടി (JUP) അധ്യക്ഷനുമായ ഹുമയൂൺ കബീറിന്റെ മകൻ ഗുലാം നബി ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ പരാതിയിലാണ് നടപടി.

ഇന്ന് രാവിലെ എംഎൽഎയുടെ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ അവധി ചോദിച്ചപ്പോൾ ഹുമയൂൺ കബീർ അത് നിഷേധിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ മകൻ ഗുലാം നബി ആസാദ് പോലീസുകാരനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് ആരോപണം. പരാതി ലഭിച്ച ഉടൻ പോലീസ് ഹുമയൂൺ കബീറിന്റെ വീട്ടിലെത്തി മകനെ കസ്റ്റഡിയിലെടുത്ത് ശക്തിപൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എന്നാൽ മകനെതിരെയുള്ള ആരോപണങ്ങൾ ഹുമയൂൺ കബീർ നിഷേധിച്ചു. കോൺസ്റ്റബിൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും മകൻ തന്നെ രക്ഷിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. പോലീസിന്റെ നടപടിക്കെതിരെ എസ്പി ഓഫീസ് ഉപരോധിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവാദ പ്രസ്താവനകളെത്തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ഹുമായൂൺ കബീർ. ബാബറി മസ്ജിദിന്റെ മാതൃകയിൽ മുർഷിദാബാദിൽ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. അടുത്തിടെ ‘ജനതാ ഉന്നയൻ പാർട്ടി’ എന്ന പുതിയ പാർട്ടി രൂപീകരിച്ച അദ്ദേഹം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top