100 വയസ്സ് പിന്നിട്ടു? വത്സല ചരിഞ്ഞു; ജനനം കേരളത്തിൽ, മരണം മധ്യപ്രദേശിൽ

ഗിന്നസ് റെക്കോർഡിന് അർഹതയുണ്ടായിട്ടും ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അതിന് കഴിയാതെ പോയ ഹതഭാഗ്യയാണ് വത്സല. ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയാണ്. 1920കളിൽ കേരളത്തിൽ നിലമ്പൂർ വനങ്ങളിൽ ജനനം. പിന്നീട് 1993ൽ മധ്യപ്രദേശിലെ നർമ്മദാപുരത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പന്ന പന്ന ടൈഗർ റിസർവിലേക്ക്.
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ആനയെന്ന് മധ്യപ്രദേശ് സർക്കാർ അവകാശപ്പെടുന്നുണ്ട് എങ്കിലും വ്യക്തമായ ജനന രേഖകൾ ഇല്ലാത്തതിനാൽ വത്സലക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ കഴിഞ്ഞില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
നൂറ്റാണ്ട് നീണ്ട ‘വത്സല’യുടെ സൗഹൃദത്തിന് വിരാമമായി. പന്ന ടൈഗർ റിസർവിൽ അന്ത്യശ്വാസം വലിച്ചു. അവൾ വെറുമൊരു ആനയല്ല, നമ്മുടെ വനങ്ങളുടെ നിശബ്ദ സംരക്ഷകയും, തലമുറകളുടെ സുഹൃത്തും, മധ്യപ്രദേശിന്റെ വികാരങ്ങളുടെ പ്രതീകവും ആയിരുന്നുവെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയ കുറിപ്പിൽ ആന മുത്തശിയെ അനുസ്മരിച്ചു.
ടൈഗർ റിസർവ് സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു വത്സല. ആനസംഘത്തിലെ ഏറ്റവും സീനിയർ എന്ന നിലയിൽ എല്ലാവരെയും നയിച്ചിരുന്നത് വത്സലയായിരുന്നു. എന്നാൽ നഖങ്ങൾക്ക് പറ്റിയ പരുക്കു കാരണം കുറച്ചായി നടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം കാഴ്ചയും നഷ്ടപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here