ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് എറിഞ്ഞു

ഹൈദരാബാദിലെ നല്ലകുണ്ടയിൽ ക്രിസ്മസ് തലേന്നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഭാര്യയെ മക്കളുടെ മുന്നിലിട്ടാണ് ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. തടയാൻ ശ്രമിച്ച മകളെയും ക്രൂരനായ അച്ഛൻ തീയിലേക്ക് തള്ളിയിട്ടു. നല്ലകുണ്ട സ്വദേശിനിയായ ത്രിവേണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവായ വെങ്കിടേഷ് ഒളിവിൽ പോയി.
ഭാര്യയെക്കുറിച്ച് സംശയമുണ്ടായിരുന്ന വെങ്കിടേഷ് ഇതുമായി ബന്ധപ്പെട്ട് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. പീഡനം സഹിക്കവയ്യാതെ അടുത്തിടെ ത്രിവേണി സ്വന്തം വീട്ടിലേക്ക് മാറിതാമസിച്ചു. എന്നാൽ താൻ മാറിക്കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെങ്കിടേഷ് ഇവരെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.
ഡിസംബർ 24ന് വൈകിട്ടോടെ വെങ്കിടേഷ് ഭാര്യയെ മർദ്ദിക്കുകയും കുട്ടികളുടെ മുന്നിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകളെയും ഇയാൾ തീയിലേക്ക് തള്ളിയിട്ടു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകളെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ത്രിവേണി വെന്തുമരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെങ്കിടേഷും ത്രിവേണിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് മകനും മകളുമുണ്ട്. മൃഗീയമായ ഈ കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വെങ്കിടേഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളും സംശയവുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here