വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ജോലിക്കാർ; കൊലപാതക ശേഷം കുളിയും മോഷണവും

ഹൈദരാബാദിൽ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുജോലിക്കാർ. സൈബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്മെന്റിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത് . 50 വയസ്സുള്ള രേണു അഗർവാൾ ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ മോഷണം നടന്നതായും റിപ്പോർട്ട് ഉണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
ഫ്ലാറ്റിലെ പതിമൂന്നാം നിലയിലാണ് കൊലപാതകം നടന്നത്. 10 ദിവസം മുമ്പാണ് ജാർഖണ്ഡ് സ്വദേശിയായ ഹർഷ ഫ്ലാറ്റിൽ ജോലിക്ക് എത്തിയത്. മറ്റൊരു ഫ്ലാറ്റിലെ റൗഷാൻ എന്ന ജോലിക്കാരനും ഹർഷയും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർ വീട്ടമ്മയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് കത്തിയും കത്രികയും ഉപയോഗിച്ച് കഴുത്തറുത്തത്.
കൊലപാതകം നടത്തിയ ശേഷം ഇവർ ഫ്ലാറ്റിൽ നിന്ന് കുളിച്ച് വസ്ത്രങ്ങൾ മാറ്റി. തുടർന്ന് മോഷണവും നടത്തിയാണ് കടന്നു കളഞ്ഞത്. 40 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. ഇവർ ഫ്ലാറ്റിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവം ദിവസം രേണുവിന്റെ ഭർത്താവും മകനും വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ കമ്പനിയിലേക്ക് പോയ ഭർത്താവ് വൈകിട്ട് 5 മണിയോടെ ഭാര്യയെ വിളിച്ചിരുന്നു എന്നാൽ ഫോൺ എടുത്തിരുന്നില്ല. തുടർന്ന് ഫ്ലാറ്റിൽ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ബാൽക്കണിയിലൂടെ കയറിയാണ് വാതിൽ തുറന്നത്. അപ്പോഴാണ് രേണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. ഹൈദരാബാദിൽ പട്ടാപകൽ അരങ്ങേറിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here