ചെയ്യുന്ന പുണ്യങ്ങൾക്കൊന്നും ക്രെഡിറ്റ് കിട്ടുന്നില്ലെന്ന് ലോകപോലീസിൻ്റെ പരിദേവനം !! ഇറാൻ- ഇസ്രയേൽ സമാധാനം ഉടനുണ്ടാകുമെന്നും വാദം

ഇറാനും ഇസ്രയേലും തമ്മിൽ കരാർ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ്. രാജ്യങ്ങൾക്കിടയിലെ സംഘർഷം പരിഹരിക്കാൻ പലപ്പോഴും തൻ്റെ ഇടപെടൽ കാരണമായിട്ടുണ്ട് എന്നും, എന്നാൽ തനിക്ക് ഒരിക്കലും അതിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ്. ട്രൂത്ത് സോഷ്യലിൽ ഷെയർചെയ്ത പോസ്റ്റിൽ, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് വ്യാപാരബന്ധം മുൻനിർത്തി സമ്മർദം പ്രയോഗിച്ചുവെന്ന തന്‍റെ വാദവും ട്രംപ് ആവർത്തിച്ചു.

ആദ്യതവണ അമേരിക്കൻ പ്രസിഡൻ്റായപ്പോൾ സെർബിയയും കൊസോവോയും തമ്മിലും, ഈജിപ്തും എത്യോപ്യയും തമ്മിലും ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്ന വാദവും ട്രംപ് ഉന്നയിക്കുന്നുണ്ട്. തന്‍റെ ഇടപെടൽ കാരണം ഇപ്പോൾ ഇവിടെയെല്ലാം സമാധാനമുണ്ട്. അങ്ങനെ തുടരുമെന്നും കൂട്ടിച്ചേർത്തു. അതുപോലെ, ഇറാനും ഇസ്രായേലും തമ്മിലും ഉടൻ സമാധാനം ഉണ്ടാകും. ഒട്ടേറെ കോളുകളും മീറ്റിംഗുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് -ട്രംപ് പറയുന്നു.

ഇത്രയെല്ലാം ചെയ്തിട്ടും ഒന്നിനും ക്രെഡിറ്റ് കിട്ടുന്നില്ല (I do a lot, and never get credit for anything) എന്ന അൽപത്തരവും ഇതിനൊപ്പമാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. എങ്കിലും സാരമില്ല, ജനങ്ങൾ മനസിലാക്കും എന്നു പറഞ്ഞാണ് ‘ലോകപോലീസ്’ തലവൻ സ്വയം ആശ്വസിക്കുന്നത്. ഇന്ത്യോ- പാക്ക് സംഘർഷം അവസാനിപ്പിച്ചത് ട്രംപിൻ്റെ ഇടപെടലിൽ അല്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പ്രസിഡന്‍റ് ഇത് ആവർത്തിക്കുന്നത് പലതലങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top