‘എനിക്ക് 6 കുട്ടികളുണ്ട്, നിങ്ങളെ ആരാണ് തടയുന്നത്?’; ബിജെപി നേതാവിന് ഒവൈസിയുടെ മറുപടി

കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ച് രാജ്യം പിടിച്ചെടുക്കാൻ ചിലർ ശ്രമിക്കുന്നു എന്ന നവനീത് റാണയുടെ ആരോപണം പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറക്കുകയാണ്. ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്ത്.
‘എനിക്ക് 6 കുട്ടികളുണ്ട്, നിങ്ങൾക്ക് നാല് വേണമെങ്കിൽ ആരാണ് തടയുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് തടയാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നും നവനീത് റാണ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചിലർക്ക് നാല് ഭാര്യമാരും 19 കുട്ടികളുമുണ്ടെന്നും അവർ പരിഹസിച്ചിരുന്നു. നവനീത് റാണയുടെ ഈ പരാമർശത്തിനാണ് ഒവൈസി മറുപടി നൽകിയത്.
മഹാരാഷ്ട്രയിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. തെലങ്കാനയിലും ഇത്തരം നിയമം ഉണ്ടായിരുന്നുവെങ്കിലും അത് മാറ്റിയതായി അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടുതൽ കുട്ടികൾ വേണമെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിലായിരുന്നു ആ പ്രസ്താവന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here