ലൈംഗിക ചൂഷണത്തിനും അബോര്‍ഷനും ശേഷം പോയി ചാകാന്‍ ആവശ്യപ്പെട്ടു; പുതിയ ഇരയെ ലഭിച്ചെന്നും ചാറ്റ്; സുകാന്തിന്‌റെ ഐഫോണ്‍ ഞെട്ടിക്കും

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബിഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകന്റെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുത്ത് പോലീസ്. സുകാന്തിന്റെ ഐ ഫോണിലെ വിവരങ്ങളാണ് ലഭിച്ചത്. ടെലിഗ്രാമിലൂടെ ആയിരുന്നു പെണ്‍കുട്ടിയുമായി സുകാന്ത് സംസാരിച്ചത്. ഇതില്‍ തനിക്ക് പുതിയ ഇരയെ ലഭിച്ചെന്നും സുകാന്ത് വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയും അബോര്‍ഷന് വിധേയയാക്കുകയും ചെയ്ത ശേഷം ഒഴിവാക്കാനാണ് സുകാന്ത് ശ്രമിച്ചത്. വിവഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒഴിഞ്ഞു തന്നാല്‍ മാത്രമേ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളൂ എന്ന് സുകാന്ത് പറഞ്ഞു. ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ പോയി ചാകാനാണ് സുകാന്ത് പറഞ്ഞത്. എന്ന് ചാകും എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഓഗസ്റ്റ് 9ന് എന്ന് പെണ്‍കുട്ടി മറുപടിയും നല്‍കിയിട്ടുണ്ട്. ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു എന്നതിലേക്ക് സൂചന നല്‍കുന്നതാണ് ഈ ചാറ്റ് ഹിസ്റ്ററി.
സുകാന്തിന്റെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് സുകാന്തിന്റെ ഐഫോണ്‍ പോലീസ് കണ്ടെത്തിയത്. ഒളിവില്‍ കഴിയാന്‍ അടക്കം ബന്ധുക്കളുടെ സഹായം പ്രതിക്ക് ലഭിക്കുന്നുണ്ടെന്ന കണക്ക് കൂട്ടിലിലാണ് പോലീസ്. മാര്‍ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ റയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യാ കേസായി തള്ളാനുള്ള ശ്രമമാണ് പേട്ട പോലീസ് നടത്തിയത്. കുടുംബം നിര്‍ണായക തെളിവുകള്‍ സ്വന്തം നിലയില്‍ കണ്ടെത്തി കൈമാറിയതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. ഈ വീഴ്ചയാണ് പ്രതിക്ക് ഒളിവില്‍ പോകാന്‍ സഹായകമായത്. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ഇപ്പോള്‍ വേഗത്തിലാക്കിയിരിക്കുന്നത്. എന്നിരുന്നാലം ഇത്രയും നാളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് നാണക്കേടാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here