തോല്‍വിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയില്‍; ഇന്ത്യന്‍ പേസിന് മുന്നില്‍ ശ്രീലങ്ക ശവപ്പറമ്പായി; തകര്‍ന്നടിഞ്ഞത് 302 റണ്‍സിന്

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ ചാരമാക്കിയാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. 302 റണ്‍സിന് നാണംകെട്ട തോല്‍വിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺ സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ഇതിന്നിടയില്‍ എല്ലാവരും പുറത്തായി.

ലോകകപ്പ് ചരിത്രത്തിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യന്‍ പേസര്‍മാരാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ശ്രീലങ്കയെ ശവപ്പറമ്പാക്കി മാറ്റി. ലങ്കന്‍ മുന്‍നിര ബാറ്റര്‍മാരില്‍ വെറും മൂന്നേ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ലെന്നതാണ് ഈ വിജയത്തിന്റെ ഏറ്റവും വലിയ ഗുണം. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്. ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. വെറും 22 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. പിന്നീട് ലങ്കയ്ക്ക് തിരിച്ചുവരവ് സാധ്യമായില്ല.

നിസ്സങ്ക (0), ദിമുത് കരുണരത്‌നെ (0), സദീര സമരവിക്രമ (0), കുശാല്‍ മെന്‍ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്‍ ഹേമന്ദ (0) എന്നിവര്‍ ഒന്നുപൊരുതുക പോലും ചെയ്യാതെ കീഴടക്കി. ടീം സ്‌കോര്‍ 29-ല്‍ എത്തിയപ്പോള്‍ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ജലോ മാത്യൂസും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടക്കത്തില്‍ തന്നെ പുറത്തായി. വെറും നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ദില്‍ഷന്‍ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്നതോടെ തകര്‍ച്ചയില്‍ നിന്ന് കരകയറി.

രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും കോലിയ്ക്ക് സാധിച്ചു. കോലിയ്ക്ക് പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി നേടി. ഗില്ലിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിന്റെ കയ്യിലെത്തിച്ച് മധുശങ്ക ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ഗില്ലിന് പിന്നാലെ കോലിയെയും മധുശങ്ക പുറത്താക്കി. കോലി പുറത്തായതോടെ ക്രീസില്‍ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ഒന്നിച്ചു. അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറില്‍ ടീം സ്‌കോര്‍ 300 കടത്തി. ശ്രേയസ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ ടീം സ്‌കോര്‍ 350 കടത്തി. ഒപ്പം ചരിത്ര വിജയവും ഇന്ത്യയെ തേടിയെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top