മിനിമം ബാലൻസ് 50,000 നിർബന്ധം; ഞെട്ടി അക്കൗണ്ടുടമകൾ

മിനിമം ബാലൻസ് തുകയുടെ നിബന്ധന പരിഷ്കരിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐയാണ് മിനിമം ബാലൻസ് വ്യവസ്ഥ പരിഷ്കരിക്കുന്നത്. പുതുതായി അക്കൌണ്ട് എടുക്കുന്നവർ കുറഞ്ഞത് 50,000 രൂപയെങ്കിലും എപ്പോഴും സൂക്ഷിക്കേണ്ടി വരും. എന്നാൽ മുതിർന്ന പൗരൻമാർക്കുള്ള മിനിമം ബാലൻസ് വ്യവസ്ഥ പഴയത് പോലെ തന്നെ തുടരും.
മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കാണ് നടപടി ബാധകം. അതേസമയം പഴയ ഉപഭോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും. അർദ്ധ നഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ 25,000 രൂപയും ഗ്രാമീണ ഉപഭോക്താക്കൾ 10,000 രൂപയും കുറഞ്ഞത് നിലനിർത്തേണ്ടതുണ്ട്.
Also Read : പലിശ നിരക്കില്‍ അരശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക്; വായ്പ എടുത്തവര്‍ക്ക് വമ്പന്‍ ആശ്വാസം; ഇഎംഐ കുറയും
മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉടമകൾക്ക് കുറവുള്ള തുകയുടെ ആറ് ശതമാനമോ 500 രൂപയോ പിഴ ചുമത്തും. ഇത് രണ്ടിൽ ഏറ്റവും കുറഞ്ഞ തുക എതാണോ അതാണ് പിഴയായി ചുമത്തുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും ഐ.സി.ഐ.സി.ഐ ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് തവണ സൗജന്യമായി അക്കൗണ്ടിലേക്ക് പണമിടാമെന്നും പിന്നീടുള്ള ഓരോ ഇടപാടിനും 150 രൂപ ചുമത്തുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധർ ബാങ്ക് നടപടികളെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020 ൽ മിനിമം ബാലൻസ് നിയമം തന്നെ റദ്ദാക്കിയിരുന്നു. മറ്റ് ബാങ്കുകളിൽ മിനിമം ബാലൻസ് 2,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here