ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് വരയുടെ പരമശിവന്‍

പ്രശസ്തനായ ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ 12.21നാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 5ന് എടപ്പാള്‍ നടുവട്ടത്തുള്ള നടുവട്ടത്തുള്ള കരുവാട്ടു മനയില്‍. ഉച്ചയ്ക്ക് 12 മണി വരെ കരുവാട്ടു മനയിലും അതിനുശേഷം വൈകിട്ട് 3.30 വരെ തൃശൂര്‍ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനവും ഔപചാരിക ചടങ്ങുകളും ഉണ്ടാകും.

1925 സെപ്റ്റംബര്‍ 13ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കല്‍ കെ എം പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ആയിരുന്നു കെ എം വാസുദേവന്‍ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ കെ സി എസ് പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം.

1960-ല്‍ മാതൃഭൂമിയില്‍ ചിത്രകാരനായി ചേര്‍ന്നു. 1981 മുതല്‍ കലാകൗമുദിയിലും തുടര്‍ന്ന് മലയാളം വാരികയിലും പ്രവർത്തിച്ച് ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു. തകഴിയുടെ ‘ഏണിപ്പടികള്‍’, എംടിയുടെ ‘രണ്ടാമൂഴം’, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ‘സ്മാരകശിലകള്‍’, വികെഎന്നിന്റെ ‘പിതാമഹന്‍’ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് വരയിലൂടെ ജീവന്‍ നല്‍കി. ‘വരയുടെ പരമശിവന്‍’ എന്നാണ് വികെഎന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെയും എറണാകുളം കേരള കലാപീഠത്തിന്റെയും സ്ഥാപക അംഗമാണ്.

രേഖാചിത്രങ്ങള്‍, പെയിന്റിങ് എന്നിവയ്ക്കു പുറമേ കളിമണ്ണിലും ലോഹത്തിലും സിമന്റിലും ശില്‍പങ്ങള്‍ തീര്‍ത്ത അദ്ദേഹം കെെവച്ച എല്ലാ മേഖലയിലും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരായ അരവിന്ദന്‍, പത്മരാജന്‍ എന്നിവരോടൊപ്പം സിനിമയിലും പ്രതിഭയറിയിച്ചിട്ടുണ്ട്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്, ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. ഒടുവില്‍ 98-ാം വയസില്‍ വിടവാങ്ങുമ്പോള്‍, മലയാളത്തിന്റെ കലാചരിത്രത്തിന് വിസ്മരിക്കാനാവാത്ത പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top