അന്താരാഷ്ട്ര അമ്പലക്കൊള്ളക്കാരുടെ മാസ്റ്റര്‍ ബ്രെയിനായ മലയാളി; സുഭാഷ് കപൂറിന്റെ സ്വന്തം സഞ്ജീവി അശോകന്‍

ശബരിമല സ്വര്‍ണക്കൊള്ളയും അന്താരാഷ്ട്ര വിഗ്രഹ മാഫിയയുടെ പങ്കിനെക്കുറിച്ചും സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. അന്താരാഷ്ട കള്ളക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ സംഘവുമായി ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കു ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി പോലും സംശയം ഉന്നയിച്ചിരുന്നു. സുഭാഷ് കപൂറിന്റെ വിഗ്രഹ മോഷണ സംഘത്തിന്റെ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിക്കുന്നത് മലയാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ തമിഴ്‌നാട് പോലീസിന്റെ പക്കലുണ്ട്. രാജ്യത്തെ ക്ഷേത്രങ്ങളില്‍ നിന്ന് വിലയേറിയ ശില്പങ്ങള്‍ വിദേശത്തേക്ക് കടത്തുന്ന വിഗ്രഹ മോഷ്ടാക്കളെക്കുറിച്ച് എസ് വിജയകുമാര്‍ 2018ല്‍ എഴുതിയ അന്വേഷണാത്മക പുസ്തകമായ ദ ഐഡല്‍ തീഫ് ( The Idol Thief) ലാണ് സഞ്ജീവി അശോകന്‍ (Sanjeevi Asokan) എന്ന മലയാളി കള്ളനെക്കുറിച്ച് പ്രതിപാദിക്കുന്നത്. വീരവനല്ലൂര്‍ ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങള്‍ 1995ല്‍ സഞ്ജീവിയും സംഘവും മോഷ്ടിച്ചതോടെയാണ് തമിഴ്‌നാട് പോലീസ് ഈ സംഘത്തിനായി വലവിരിക്കുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായി ഷിപ്പിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് എസ് വിജയകുമാര്‍. സിംഗപ്പൂര്‍ വഴിയും രാജ്യത്തെ മറ്റ് തുറമുഖങ്ങള്‍ വഴിയും നടക്കുന്ന വിഗ്രഹക്കടത്തിനെ കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളില്‍ നിന്നാണ് പുസ്തകം രൂപപ്പെട്ടത്. 2018ലാണ് പുസ്തകം പുറത്തിറങ്ങിയത്.
ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി ആര്‍ട്ട് ഗ്യാലറിയും മ്യൂസിയവുമൊക്കെ നടത്തിവന്ന സുഭാഷ് കപൂറിന് ഇന്ത്യയില്‍ നിന്ന് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് എത്തിച്ചു നല്‍കിയിരൂന്നത് തിരുവനന്തപുരം സ്വദേശിയായ സഞ്ജീവി അശോകനാണെന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. 2005ലാണ് ചെന്നൈ ടാജ് കൊറോമണ്ടല്‍ ഹോട്ടലില്‍ വെച്ച് സുഭാഷ് കപൂറും സഞ്ജീവിയും ആദ്യമായി കണ്ടുമുട്ടുന്നത്. ചെന്നൈയിലെ ട്രിപ്ലിക്കേയിനിലും പാരിസ് കോര്‍ണറിലും ആര്‍ട്ട് ഗ്യാലറി നടത്തിവന്ന വ്യക്തിയാണ് സഞ്ജീവി. ദീര്‍ഘകാലമായി ചെന്നൈയില്‍ താമസിക്കുന്ന ഇയാള്‍ക്ക് കേരളവുമായി കാര്യമായ ബന്ധമുള്ളതായി പുസ്തകത്തില്‍ വിവരമൊന്നുമില്ല.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലും ഇടത്തരം നഗരങ്ങളിലുമായി നാശോന്മുഖമായി കിടക്കുന്ന ക്ഷേത്രങ്ങള്‍ കണ്ടെത്തി പ്രൊഫഷണല്‍ കള്ളന്മാരെ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന ഓപ്പറേഷനാണ് സഞ്ജീവി അശോകന്‍ നടത്തി വന്നത്. കോടികളുടെ ഇടപാടുകളാണ് സുഭാഷ് കപൂറിന് വേണ്ടി സഞ്ജീവി നടത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സെല്‍വ എക്‌സ്‌പോര്‍ട്ട്‌സ് എന്ന കമ്പനി മുഖേനയാണ് വിഗ്രഹങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ നിരന്തരം കൊള്ളയടിക്കപ്പെട്ടതോടെ പോലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപംകൊടുത്തു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലെ ചില ക്ഷേത്രങ്ങളിലും ഈ സംഘം ചില്ലറ മോഷണങ്ങള്‍ നടത്തി. കവര്‍ച്ചകള്‍ നിര്‍ബാധം തുടരുമ്പോഴും ഈ സംഘത്തെ പിടികൂടാന്‍ പെട്ടെന്നൊന്നും പോലീസിന് കഴിഞ്ഞില്ല. ഇന്ത്യയില്‍ നിന്ന് പല പേരുകളില്‍ അമേരിക്കയിലേക്കും വിഗ്രഹങ്ങള്‍ പല തരത്തില്‍ ഷിപ്പ്‌മെന്റ് നടത്തുന്ന വിവരം ഇന്ത്യന്‍ അധികാരികള്‍ യുഎസ് കസ്റ്റംസിനെ അറിയിച്ചിരുന്നു. ഒരു തവണ സഞ്ജീവി അശോകന്‍ കൊച്ചിയില്‍ ഒളിച്ചു താമസിക്കുന്ന വിവരത്തെത്തുടര്‍ന്ന് തമിഴ്‌നാട് പോലിസും കേരള പോലീസും വലവിരിച്ചെങ്കിലും പിടിക്കാനായില്ല.

കാലടി ആദിശങ്കര ക്ഷേത്രത്തിലെ മരതക ശിവലിംഗം മോഷണം പോയതുമായി ബന്ധപ്പെട്ട് ഈ സംഘത്തിന് ബന്ധമുണ്ടെന്നു തമിഴ്നാട് പോലീസ് സംശയിച്ചിരുന്നു. 2009 മാര്‍ച്ച് 28 പുലര്‍ച്ചെ ഒരു മണിയോടെയാണ് കാലടി ആദിശങ്കരാചാര്യ ക്ഷേത്രത്തിലെ വിലമതിക്കാന്‍ കഴിയാത്ത മരതക ശിവലിംഗം മോഷ്ടിക്കപ്പെട്ടത്. മരതക രത്‌നത്തിന്റെ മാത്രം മൂല്യം അഞ്ചു കോടി രൂപ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. മരതക ശിവലിംഗത്തിനൊപ്പം അതു പ്രതിഷ്ഠിച്ചിരുന്ന പ്രഭാവലിയടക്കം 12 കിലോഗ്രാം തൂക്കമുള്ള മൂന്നു ലക്ഷം രൂപയുടെ വെള്ളി ഉരുപ്പടികളും ഭണ്ഡാരത്തിലുണ്ടായിരുന്ന 40,000 രൂപയും മോഷ്ടിക്കപ്പെട്ടു.

2011ല്‍ കപൂര്‍ ജര്‍മനിയില്‍ അറസ്റ്റിലായി. അടുത്ത വര്‍ഷം ഇന്ത്യക്ക് കൈമാറി. 2022ല്‍ ഒരു വിഗ്രഹ മോഷണക്കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. കാലാവധി കഴിഞ്ഞെങ്കിലും മറ്റു മൂന്നു കേസുകള്‍ കൂടിയുള്ളതിനാല്‍ കപൂര്‍ തിരുച്ചിറപ്പള്ളി ജയിലില്‍ തന്നെ തുടരുന്നു എന്നാണ് വിവരം. പക്ഷേ ഇക്കാലത്തൊന്നും സഞ്ജീവി അശോകനെ പിടിക്കാന്‍ തമിഴ്‌നാട് പോലീസിന് കഴിഞ്ഞില്ല. ഏതാണ്ട് 10000 കോടി രൂപയുടെ വിഗ്രഹങ്ങള്‍ ഈ സംഘം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിജയകുമാര്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.

സുഭാഷിനെ അകത്താക്കാന്‍ കഴിഞ്ഞെങ്കിലും സഞ്ജീവി പിടികിട്ടാപ്പുള്ളയായി തുടര്‍ന്നു. കൊച്ചിയില്‍ നിന്ന് മുങ്ങിയ ഇയാള്‍ പലയിടത്തുമായി ഒളിച്ചു താമസിക്കുക ആയിരുന്നു. ഒടുവില്‍ 2018 മാര്‍ച്ച് 9ന് സഞ്ജീവി അശോകനെ തിരുനെല്‍വേലിയില്‍ വെച്ച് പിടിയിലായി. 22 വര്‍ഷമായി ഒളിച്ചു നടന്ന ദൈവ തിരുടനെയാണ് തമിഴ് നാട് പോലിസ് പിടിച്ച് അകത്തിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top