ഇടുക്കിയിൽ 4 വയസ്സുകാരന് ദാരുണാന്ത്യം; വില്ലനായത് സ്‌കൂൾ ബസ്

വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ (4) സ്കൂൾ മുറ്റത്ത് വച്ച് ബസിടിച്ച് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയായ ഇനായ ഫൈസലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സ്കൂൾ ബസിൽ വന്നിറങ്ങിയ ശേഷം ക്ലാസിലേക്ക് പോകാനായി ഹെയ്സൽ ബെൻ ബസിന് പിന്നിലൂടെ നടന്നുപോവുകയായിരുന്നു.

അപ്രതീക്ഷിതമായി, സ്കൂൾ മുറ്റത്തേക്ക് പ്രവേശിച്ച മറ്റൊരു സ്കൂൾ ബസ് കുട്ടികളെ ഇടിക്കുകയും, നാല് വയസ്സുകാരനായ ഹെയ്സൽ ബെന്നിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെയ്സലിന് ഗുരുതരമായി പരിക്കേറ്റു. ഇനായ ഫൈസലിൻ്റെ കാലിനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്നയുടൻ ഗുരുതരമായി പരിക്കേറ്റ ഹെയ്സൽ ബെന്നിനെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചെറുതോണി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണോ അപകടത്തിലേക്ക് നയിച്ചത് എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്കൂൾ അധികൃതരുടെയും ബസ് ജീവനക്കാരുടെയും ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top