‘ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും’; ബംഗാളിൽ അമിത് ഷായുടെ പടയൊരുക്കം!

പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിനെ നുഴഞ്ഞുകയറ്റക്കാരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം തടയുക മാത്രമല്ല, നിലവിൽ സംസ്ഥാനത്തുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുകയും ചെയ്യും. ബംഗാളിലെ നുഴഞ്ഞുകയറ്റം ഇപ്പോൾ ദേശീയ പ്രശ്നമായി മാറിയിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ മമത ബാനർജി സർക്കാർ സംരക്ഷിക്കുകയാണ്. അതിർത്തിയിൽ വേലി കെട്ടുന്നതിനെ എതിർക്കുന്ന ഏക സംസ്ഥാന സർക്കാരാണ് ബംഗാളിലേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചിട്ടി ഫണ്ട് തട്ടിപ്പ് മുതൽ അധ്യാപക നിയമന കുംഭകോണം വരെ നീളുന്ന വൻ അഴിമതികളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആർജികർ മെഡിക്കൽ കോളേജ് സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി, ബംഗാളിൽ സ്ത്രീകൾക്ക് ഒരിടത്തും സുരക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016 മുതലുള്ള ബിജെപിയുടെ വളർച്ചാ ഗ്രാഫ് പരിശോധിച്ചാൽ, 2026ൽ ബിജെപി അധികാരം പിടിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷാ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here