‘ഇന്ത്യ ശക്തമായാൽ ലോകം സുരക്ഷിതം’! രാജ്യത്തെ വാനോളം പുകഴ്ത്തി യൂറോപ്യൻ യൂണിയൻ മേധാവി; വരുന്നത് ചരിത്രപരമായ മാറ്റം!

ഇന്ത്യയുടെ വളർച്ച ലോകത്തിന് കൂടുതൽ സമാധാനവും സുരക്ഷയും നൽകുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഒപ്പിടുന്നതിന് മുന്നോടിയായാണ് അവരുടെ ഈ പ്രസ്താവന.

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉർസുല, ഇത് തന്റെ ജീവിതത്തിലെ വലിയൊരു ബഹുമതിയാണെന്ന് വിശേഷിപ്പിച്ചു. ഉർസുലയ്‌ക്കൊപ്പം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയും 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ സ്വതന്ത്ര വ്യാപാര കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ (Mother of all deals) എന്നാണ് ഉർസുല വിശേഷിപ്പിച്ചത്. ഈ കരാറിലൂടെ 200 കോടി ജനങ്ങൾ ഉൾപ്പെടുന്ന ഭീമൻ വിപണിയാണ് തുറക്കപ്പെടുന്നത്. ഇത് ലോകത്തിന്റെ ആകെ വരുമാനത്തിന്റെ നാലിലൊന്ന് വരും. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി ഇന്ത്യ വൻതോതിൽ കുറയ്ക്കും.

നിലവിൽ 110% വരെയുള്ള നികുതി ഘട്ടംഘട്ടമായി 10% വരെയാക്കി കുറയ്ക്കാനാണ് തീരുമാനം. ഇത് വോക്സ്‌വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ കാറുകളുടെ വില കുറയാൻ കാരണമാകും. തുണിത്തരങ്ങൾ, മരുന്നുകൾ തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും.

യൂറോപ്യൻ യൂണിയൻ നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. 2007ൽ തുടങ്ങിയ ചർച്ചകൾ പല കാരണങ്ങളാൽ 2013ൽ നിർത്തിവെച്ചിരുന്നു. എന്നാൽ 2022ൽ ചർച്ചകൾ വീണ്ടും പുനരാരംഭിക്കുകയും ഇപ്പോൾ അത് അന്തിമഘട്ടത്തിൽ എത്തുകയും ചെയ്തിരിക്കുകയാണ്. നാളെ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ ഈ കരാറിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top