‘സാനിറ്റൈസർ ഉപയോഗിച്ചാൽ വോട്ടിലെ മഷി മായും’; ഗുരുതര ആരോപണവുമായി രാജ് താക്കറെ

വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിൽ പുരട്ടുന്ന മഷി സാനിറ്റൈസർ ഉപയോഗിച്ച് എളുപ്പത്തിൽ മായ്ച്ചുകളയാനാകുമെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (MNS) അധ്യക്ഷൻ രാജ് താക്കറെ. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

വോട്ടിങ്ങിന് ശേഷം വിരലിൽ പുരട്ടുന്നത് ആഴ്ചകളോളം മായാതെ നിൽക്കുന്ന സിൽവർ നൈട്രേറ്റ് അടങ്ങിയ മഷിയാണ്. എന്നാൽ ഇവിടെ വോട്ടർമാരുടെ വിരലിൽ അടയാളപ്പെടുത്താൻ സാധാരണ പേനകളോ അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത മഷിയോ ആണ് ഉപയോഗിക്കുന്നതെന്നും, അതുകൊണ്ട് തന്നെ സാനിറ്റൈസർ ഉപയോഗിച്ച് അത് എളുപ്പത്തിൽ മായ്ച്ചു കളയാൻ പറ്റും. ഇത് കള്ളവോട്ടിന് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. ശിവസേന (UBT) അധ്യക്ഷനുമായ ഉദ്ധവ് താക്കറെയും ഇതേ കാര്യം തന്നെ ആവർത്തിച്ചു.

കൂടാതെ, വോട്ടിംഗ് യന്ത്രങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായാൽ ബാക്കപ്പ് ആയി ഉപയോഗിക്കുന്ന ‘പ്രിന്റിംഗ് ഓക്സിലറി ഡിസ്പ്ലേ യൂണിറ്റ്’ (PADU) എന്ന പുതിയ സംവിധാനത്തെയും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ പാർട്ടികളെ അറിയിക്കാതെയാണ് ഇത് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ലെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയായ മുംബൈ കോർപ്പറേഷനിലെ 227 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർ പട്ടികയിൽ പേര് കാണാനില്ലെന്ന പരാതിയും പലയിടങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. നാളെ ആണ് വോട്ടെണ്ണൽ.
മുംബൈയെ കൂടാതെ മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂർ, താനെ തുടങ്ങി 29 മുനിസിപ്പൽ കോർപ്പറേഷനുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top