വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളര്‍ മങ്ങി; ഇഹാ ഡിസൈന്‍സിന് 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളര്‍ മങ്ങിയതില്‍ നടപടിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്‌ളാവോസ് വാങ്ങിയ സാരികളാണ് ഉപയോഗിച്ചപ്പോള്‍ തന്നെ കളര്‍ പോയത്.
89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരന്‍ വാങ്ങിയത്. അതില്‍ 16,500 രൂപ വിലയുള്ള സാരി ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി. വിവാഹ നിശ്ചയം പോലെ ഒരുപ്രധാന ചടങ്ങിനായി വാങ്ങിയ സാരി അന്ന് തന്നെ കേടായത് ഏറെ മന:ക്ലേശം ഉണ്ടാക്കി. . ഈമെയില്‍, വക്കില്‍നോട്ടീസ് എന്നിവയിലൂടെ സാരിയുടെ ന്യുനത ഇഹാ ഡിസൈന്‍സിനെ ജോസഫ് നിക്‌ളാവോസ് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
സ്ഥാപനത്തിന്റെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് നിശബ്ദമായിരിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണം. കൂടാതെ, നഷ്ടപരിഹാരം, കോടതി ചിലവ് എന്നിവക്ക് 20,000/- രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവ് നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here