വിദേശ കോളുകൾ ലോക്കലാക്കി മാറ്റി സൈബർ തട്ടിപ്പ്; കേരളത്തിൽ നിന്നുള്ള പ്രതികൾ ദുബായിൽ ഒളിവിൽ

അന്താരാഷ്ട്ര ഫോൺ കോളുകൾ നിയമവിരുദ്ധമായി ലോക്കൽ കോളുകളായി മാറ്റി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ചിരുന്ന വലിയ റാക്കറ്റിനെ ബംഗളൂരുവിൽ പൊലീസ് തകർത്തു. ഈ റാക്കറ്റിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.
വോഡാഫോൺ ലിമിറ്റഡ് ഉദ്യോഗസ്ഥൻ നവംബർ 28ന് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ദേവരാജ് കെട്ടിടത്തിന്റെ നാലാം നിലയിൽ ‘സിം ബോക്സുകൾ’ ഉപയോഗിച്ച് വിദേശ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റിയിരുന്നു എന്നാണ് പരാതി.
ഒന്നിലധികം സിം കാർഡുകൾ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് സിം ബോക്സുകൾ. വിദേശത്തുനിന്ന് വരുന്ന കോളുകൾ ഈ സിം ബോക്സുകളിലേക്ക് എത്തുന്നു. തുടർന്ന് ഇത് വിദേശ കോളിനെ സാധാരണ ലോക്കൽ മൊബൈൽ കോൾ പോലെ മാറ്റി, ലക്ഷ്യസ്ഥാനത്തേക്കുള്ള ഇന്ത്യൻ നമ്പറിലേക്ക് എത്തിക്കുന്നു. കോൾ സ്വീകരിക്കുന്ന ആൾക്ക് ഇത് ഇന്ത്യയിൽ നിന്നുള്ള സാധാരണ മൊബൈൽ കോൾ ആയി മാത്രമേ തോന്നുകയുള്ളൂ.
അന്താരാഷ്ട്ര കോളുകൾക്ക് ടെലികോം കമ്പനികൾ ഈടാക്കുന്ന ഉയർന്ന ചാർജുകൾ ഒഴിവാക്കാനും അതുവഴി വലിയ ലാഭം നേടാനും തട്ടിപ്പുകാർക്ക് ഇതിലൂടെ കഴിയുന്നു. ഇത് സർക്കാരിനും ടെലികോം കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വിദേശത്തുനിന്ന് വരുന്ന കോളുകളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാൻ ഇതിലൂടെ സാധിക്കുന്നു എന്നതും പ്രധാനമാണ്.
ഭീകരപ്രവർത്തനങ്ങൾക്കോ മറ്റ് സൈബർ തട്ടിപ്പുകൾക്കോ വേണ്ടി വിദേശത്തുനിന്ന് വിളിക്കുമ്പോൾ, ആ കോളുകൾ ഇന്ത്യയിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇതുമൂലം സാധിക്കും. ഈ പ്രവർത്തനം സൈബർ കുറ്റകൃത്യങ്ങൾക്ക് വഴി വെക്കുന്നതിനോടൊപ്പം, രാജ്യസുരക്ഷയെ അപകടത്തിലാക്കുകയും സർക്കാരിനും ടെലികോം കമ്പനിക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു.
പൊലീസ് നടത്തിയ പരിശോധനയിൽ 28 സിം ബോക്സുകൾ വിവിധ കമ്പനികളുടെ 1,193 സിം കാർഡുകൾ, ലാപ്ടോപ്പ്, റൂട്ടറുകൾ, സിസിടിവി കാമറ, തുടങ്ങി നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. ഇവയ്ക്ക് 40 ലക്ഷം രൂപയോളം വിലവരും എന്നാണ് വിവരം. ഈ സിം കാർഡുകളും സിം ബോക്സുകളും പല സൈബർ കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്നും നിലവിൽ അവർ ദുബായിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
നിയമവിരുദ്ധ ടെലികോം എക്സ്ചേഞ്ചുകൾ തകർക്കുന്നതിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെയും കമ്പനികളുടെയും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. സിം ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ നഗരത്തിലെ മറ്റ് കെട്ടിടങ്ങളിൽ പരിശോധന നടത്താനും പൊലീസ് നിർദേശം നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here