ബീഹാർ ഫലം കേരളത്തിൽ ഉണ്ടാക്കുന്ന ‘ഇംപാക്ട്’ നിരീക്ഷിച്ച് യുഡിഎഫ്; പരമാവധി മുതലെടുക്കാൻ ഇടതുമുന്നണി

ബീഹാര്‍ തിരഞ്ഞെടുപ്പു ഫലം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ആശങ്ക യു.ഡി.എഫില്‍ സജീവമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയില്ലായിരുന്ന ബിജെപിക്ക് ഈ ഫലം പുത്തന്‍ ഊര്‍ജ്ജവും നൽകുന്നുണ്ട്. വലിയ അവകാശവാദങ്ങള്‍ ഒന്നും കേരളത്തിന് പുറത്ത് കാര്യമായി ഉന്നയിക്കാനില്ലാത്തത് കൊണ്ട് ഈ പരാജയത്തെ കോണ്‍ഗ്രസിനെതിരെ തിരിച്ച് കേരളത്തില്‍ പരമാവധി മുതലെടുപ്പിനുള്ള ശ്രമമായിരിക്കും ഇടതുമുന്നണി നടത്തുക. ഇതുവരെയുള്ള എല്ലാ വിഷയങ്ങള്‍ക്കും അപ്പുറം ബീഹാറിലെ തിരഞ്ഞെടുപ്പു ഫലം കേരളത്തിലെ തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകുമെന്ന വിലയിരുത്തലാണ് പൊതുവില്‍ മുന്നണികളിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതുണ്ടാക്കാവുന്ന കേടുപാടുകള്‍ മറികടക്കാനുള്ള ശ്രമങ്ങളും പലകോണുകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.

ആരും പ്രതീക്ഷിക്കാത്ത ഫലമാണ് ഇന്നലെ ബീഹാറില്‍ നിന്നുണ്ടായത്. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ തീവ്രവോട്ടര്‍പട്ടിക പരിഷ്‌ക്കരണമാണ് ഇതിന് കാരണമെന്ന് പരക്കെ പ്രചാരണം ഉണ്ടെങ്കിലും കാര്യങ്ങള്‍ അതിനുമപ്പുറം ആണെന്നാണ് വിലയിരുത്തല്‍. ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം നേടിയ വിജയത്തോടെ അവരുടെ രാഷ്ട്രീയ അടിത്തറ കുറേക്കൂടി ശക്തമായി എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ഇത് തന്നെയാണ് ഇവിടെ ചര്‍ച്ചയാകുമെന്ന് കരുതുന്നതും. കഴിഞ്ഞ കുറേക്കാലമായി ആഭ്യന്തര വിഷയങ്ങളും മറ്റും കൊണ്ട് ആകെ വലഞ്ഞിരുന്ന കേരളത്തിലെ ബിജെപിക്ക് ഇത് പുതു ഊര്‍ജ്ജമാണ്. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം പ്രകടിപ്പിക്കാറുണ്ട് എങ്കിലും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അവരുടെ പ്രകടനം അത്ര മെച്ചമായിട്ടില്ല. ഇക്കുറിയും അത്തരം ആശങ്കകള്‍ അവർക്കുണ്ടായിരുന്നു. അത് മറികടക്കാൻ കിട്ടിയ മൃതസഞ്ജീവനിയാണ് ബീഹാര്‍ ഫലം. ഇതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവുമാകും ഇനിയുള്ള ദിവസങ്ങളിലെ തുറുപ്പുചീട്ട്. ബീഹാറിലെ കഞ്ഞഞ്ചിക്കുന്ന വിജയം കേരളത്തിലെ ഒരുവിഭാഗത്തിന്റെ കണ്ണു തുറപ്പിക്കുമെന്നും അവര്‍ കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലികള്‍ പ്രകടമാകും. അതുകൊണ്ടുതന്നെ ഇതുവരെ ഉണ്ടായിരുന്ന ചാഞ്ചല്യം മാറ്റിവച്ച് ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്തിറങ്ങാന്‍ ഇന്നലെ തന്നെ അണികള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം ഈ തിരഞ്ഞെടുപ്പുഫലം തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫിനുള്ളിലുണ്ട്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലില്‍ ഓരോ തിരഞ്ഞെടുപ്പിനേയും സമീപിക്കുമ്പോള്‍ അവിടങ്ങളിലൊക്കെ കനത്ത പരാജയമാണ് ഉണ്ടാകുന്നത് എന്നത് യുഡിഎഫിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. മാത്രമല്ല, ബീഹാറിലെ കോണ്‍ഗ്രസിന്റെ പ്രകടനം തീര്‍ത്തും ദയനീയവുമായിരുന്നു. അതുകൊണ്ടുതന്നെ ഇത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവചര്‍ച്ചയുമാകും. ഇടതുമുന്നണിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടികൊണ്ട് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് മേല്‍കൈ നല്‍കുമ്പോഴും പാര്‍ലമെന്റിലേയ്ക്ക് യുഡിഎഫിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന പ്രതിഭാസമാണ് ചുരുക്കം അവസരങ്ങളിലൊഴികെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. രാജ്യത്ത് ഒരു ബദല്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന പ്രതീക്ഷയാണ് കേരളത്തിലെ വോട്ടര്‍മാര്‍, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങള്‍ പുലര്‍ത്തിവരുന്നത്. അതിനുള്ള തിരിച്ചടിയായി ബീഹാർ പരാജയം മാറിയെന്ന വിലയിരുത്തല്‍ സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. കോണ്‍ഗ്രസിന് രാജ്യത്ത് ഭാവിയില്ലെന്ന തരത്തിലുള്ള പ്രചാരണമായിരിക്കും ഇനി ശക്തമാകുക. തദ്ദേശ തിരഞ്ഞെടുപ്പിലും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ കുടുതല്‍ സജീവമാകും.

അതോടൊപ്പം കോൺഗ്രസിൽ കെസി വേണുഗോപാലിനെ എതിര്‍ക്കുന്നവരും ശക്തമായി രംഗത്തുവരും. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേരിട്ടത്. അവിടെ ഉണ്ടായ ദയനീയമായ ഈ പരാജയം അദ്ദേഹത്തിന്റേതു കൂടിയാണെന്നാണ് വേണുഗോപാല്‍ വിരുദ്ധഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം ആരംഭിച്ചിട്ടുള്ളതും. ഈ പരാജയത്തില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ മറുപടി പറയണമെന്ന ഡോ തരൂരിന്റെ പ്രസ്താവന വിരല്‍ചൂണ്ടുന്നതും അതിലേയ്ക്കാണ്.

ഈ തിരഞ്ഞെടുപ്പു ഫലം ഉയര്‍ത്തിക്കാട്ടികോണ്‍ഗ്രസിന് എതിരായ പ്രചാരണം കൊഴുപ്പിക്കാൻ ഇടതുമുന്നണി രംഗത്തിറങ്ങും എന്നാണ് സൂചന. ബീഹാറില്‍ കോണ്‍ഗ്രസിനെക്കാള്‍ മെച്ചമായിരുന്നു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രകടനം എന്നാണ് അവര്‍ പറയുന്നത്. മഹാഗഡ്ബന്ധന്റെ ഭാഗമായി തങ്ങള്‍ക്ക് അനുവദിച്ച നാലില്‍പരം സീറ്റുകളില്‍ വിമതരെ രംഗത്തിറക്കി എന്‍ഡിഎയ്ക്ക് സീറ്റുകള്‍ നേടികൊടുക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചു എന്ന ആരോപണവും അവർ ഉയർത്തും. മാത്രമല്ല, കോണ്‍ഗ്രസിനെ വിശ്വസിച്ചു കൊണ്ട് ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ ഒരു കൂട്ടായ്മയും സാദ്ധ്യമല്ല എന്ന കേരളത്തിലെ സിപിഎമ്മിന്റെ നിലപാടിന് കരുത്തുപകരുന്നതാണ് ഇന്ത്യാമുന്നണിയുടെ ഈ പരാജയങ്ങളെല്ലാം.

അതോടൊപ്പം കെസി വേണുഗോപാലിന് എതിരായ പ്രചാരണങ്ങൾ ഇടതുകേന്ദ്രങ്ങളും ശക്തമാക്കും. ബിജെപിയുടെ ഏജന്റാണ് വേണുഗോപാല്‍ എന്ന പ്രചാരണമായിരിക്കും വരും ദിവസങ്ങളില്‍ സിപിഎം സജീവമാക്കുക. കോണ്‍ഗ്രസ് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന മുസ്ലിം ന്യൂനപക്ഷവോട്ടുകളില്‍ വിള്ളലുകള്‍ വീഴ്ത്താൻ ഈ പ്രചാരണം ഉപകരിക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് പാർലമെൻ്റിലേക്ക് മത്സരിക്കാൻ വരുമ്പോൾ, രാജസ്ഥാനിലെ തന്റെ രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം നല്‍കിയെന്ന ആരോപണം സിപിഎം വീണ്ടുമുയർത്തും. വേണുഗോപാല്‍ സംഘടനയുടെ ചുമതല ഏറ്റശേഷം പാര്‍ട്ടിയിലെ പ്രമുഖരും വിവിധ വിഭാഗങ്ങളില്‍ സ്വാധീനം ഉള്ളവരുമായ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയത്. ഇതൊക്കെ അദ്ദേഹത്തിന്റെ നയസമീപനങ്ങളിലുള്ള വൈകല്യങ്ങളായിരുന്നു.

ഇപ്പോള്‍ ബീഹാറില്‍ തന്നെ ഈ തകര്‍ച്ചയ്ക്ക് വഴിവച്ചതും മഹാഗഡ്ബന്ധനെ നാശത്തിലേയ്ക്ക് നയിച്ചതും അവിടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വേണുഗോപാലിന്റെ നടപടികളായിരുന്നു എന്ന പ്രചാരണവും ശക്തമാക്കും. കഴിയുന്നതും ഈ വിഷയം സജീവമായി വോട്ടെടുപ്പു വരെ ചർച്ചയിൽ നിര്‍ത്താനാണ് ഇടതുമുന്നണിയും ശ്രമിക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ ഇപ്പോൾ തന്നെ ഈനിലക്കുള്ള പ്രചാരണം തുടങ്ങിവച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ബിജെപിക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഇടതുമുന്നണിയിലുണ്ട്. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയുണ്ടാകണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top