ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുമോ? ജസ്റ്റിസ് രാമസ്വാമിയെ ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷിച്ച കോണ്‍ഗ്രസ്; ആവര്‍ത്തിക്കുമോ ചരിത്രം

ഔദ്യോഗിക വസതിയില്‍ ചാക്കില്‍ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മുന്നോട്ടുള്ള നടപടി എന്താണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന വേളയിലാണ് വര്‍മ്മയുടെ വീട്ടില്‍ തീപിടുത്തമുണ്ടായതും നോട്ട് കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും. 150 കോടിയില്‍ പരം രൂപ ചാക്കുകെട്ടുകളില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 500 രൂപയുടെ കെട്ടുകള്‍ കത്തിയ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ടപതിക്കും പ്രധാനമന്ത്രിക്കും ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 14നാണ് ജസ്റ്റിസ് വര്‍മ്മയുടെ വീടിനോട് ചേര്‍ന്ന മുറിയില്‍ തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് വര്‍മ്മയും കുടുംബവും സ്ഥലത്തില്ലായിരുന്നു. കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം വിവാദമായതോടെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ഇദ്ദേഹത്തെ അലഹബാദിലേക്ക് സ്ഥലം മാറ്റി. അവിടെ ജൂഡീഷ്യല്‍ ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

രാജ്യത്തെ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമിട്ടത് തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് വി രാമസ്വാമിക്ക് എതിരെയായിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, സാമ്പത്തിക ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങള്‍ രാമസ്വാമിക്കെതിരെ ഉയര്‍ന്നിരുന്നു. 1990ലായിരുന്നു ഇത്. രാമസ്വാമി സുപ്രീം കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ നടന്നത്.

രാമസ്വാമിയെ ഇംപീച്ച് ചെയ്യാന്‍ ബിജെപിയും ഇടതു പാര്‍ട്ടികളും പ്രമേയം കൊണ്ടുവന്നു. 1993 മേയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നതോടെ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെട്ടു. 1993 മെയ് 11 ന് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം ലോക്സഭ അംഗീകരിച്ചിരുന്നെങ്കില്‍, സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുന്ന ആദ്യത്തെ സുപ്രീം കോടതി ജഡ്ജി അദ്ദേഹമാകുമായിരുന്നു.

രാമസ്വാമിക്കു വേണ്ടി അന്ന് ലോക്‌സഭയില്‍ വാദിച്ചത് പ്രമുഖ അഭിഭാഷകനായ കപില്‍ സിബലായിരുന്നു. സിബലിന് വലിയ പ്രശസ്തി നേടിക്കൊടുത്ത സംഭവമായിരുന്നു ലോക്‌സഭയിലെ അദ്ദേഹത്തിന്റെ പെര്‍ഫോര്‍മെന്‍സ്. ഈ സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായത്.
ജഡ്ജിമാരുടെ മോശം പെരുമാറ്റത്തിനെതിരെയും ഭരണഘടനയില്‍ നിയന്ത്രണമുണ്ട്. മൂന്നില്‍ രണ്ട് പിന്തുണയുള്ള ഒരു പ്രമേയത്തിലൂടെ മാത്രമേ പാര്‍ലമെന്റില്‍ ഒരു ജഡ്ജിയെ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് നിയമത്തില്‍ പറയുന്നുണ്ട്. 1968 ലെ ജഡ്ജിസ് (അന്വേഷണ) നിയമത്തില്‍ ഈ പ്രക്രിയ വിവരിച്ചിട്ടുണ്ട്.

ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ചട്ടമനുസരിച്ച് രാജ്യസഭയിലെ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയിലെ 100 എംപിമാരോ ഒപ്പിടണം. ആവശ്യമായ ഒപ്പുകള്‍ നേടിയ ശേഷം, സാഹചര്യമനുസരിച്ച്, രാജ്യസഭാ ചെയര്‍മാനോ ലോക്സഭാ സ്പീക്കറിനോ പരാതി സമര്‍പ്പിക്കണം.
ജസ്റ്റിസ് രാമസ്വാമിക്ക് ശേഷം മറ്റ് ചില ജഡ്ജിമാര്‍ക്കെതിരെയും ഇംപീച്ച്‌മെന്റ് നടപടികള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപടിക്രമങ്ങള്‍ പ്രകാരം അവയൊന്നും പാര്‍ലമെന്റിലേക്ക് എത്തിയില്ല.

1983-ല്‍ കോടതി നിയമിച്ച റിസീവര്‍ എന്ന നിലയില്‍ 33.23 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്‍ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. രാജ്യസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പുറത്താക്കലിന് അംഗീകാരം ലഭിച്ചെങ്കിലും
ലോക്സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സൗമിത്ര സെന്‍ രാജിവച്ചു.

വിവിധ കോടതികളെ ജഡ്ജിമാരായ ജസ്റ്റിസ് എസ്.കെ. ഗംഗലെ, ജസ്റ്റിസ് സി.വി. നാഗാര്‍ജുന, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.ഡി. ദിനകരന്‍, ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് എന്നിവര്‍ക്കെതിരെ സമാന ഇംപീച്ച്‌മെന്റ് ആരോപണങ്ങള്‍ വന്നെങ്കിലും അതൊന്നും പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്ഥിതിയിലേക്ക് എത്തിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top