അളിയനെ പേടിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥനായി ആൾമാറാട്ടം; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പ്രത്യേക ഉദ്യോഗസ്ഥൻ ചമഞ്ഞു ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. സഹോദരിയുടെ തകർന്ന വിവാഹബന്ധം കൂട്ടിച്ചേർക്കാൻ ആണ് ഇയാൾ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. ഛത്തീസ്‌ഗഢ് ഖംതാരൈ നിവാസിയായ അഖിലേഷ് സിങ് എന്ന 49കാരനെയാണ് സിവിൽ ലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ രവി മിശ്ര എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അഖിലേഷ് തന്റെ സഹോദരി ഭർത്താവായ ചിന്താമണി പാണ്ഡെയെ ഫോണിൽ വിളിച്ചത്. പിണങ്ങി കഴിയുന്ന ഭാര്യയുമായി ഉടൻ ഒത്തുതീർപ്പിലെത്തണമെന്നും, ഇല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കടുത്ത നടപടി എടുപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. സംശയം തോന്നിയ സഹോദരി ഭർത്താവ് പോലീസിൽ പരാതി നൽക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. തന്റെ സഹോദരിയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്നാണ് അഖിലേഷ് പോലീസിനോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ ഭയന്ന് ഭർത്താവ് സഹോദരിയെ തിരികെ സ്വീകരിക്കും എന്നായിരുന്നു ഇയാളുടെ വിചാരം.
എന്നാൽ കുടുംബതർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതോടെ അഖിലേഷ് ഇപ്പോൾ ജയിലഴികൾക്ക് പിന്നിലാണ്. ആൾമാറാട്ടം, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here