നായ്ക്കളുടെ ദയാവധം തടഞ്ഞ് ഹൈക്കോടതി; സർക്കാർ തീരുമാനം നടപ്പാക്കരുത്

രോഗബാധിതരായ തെരുവ് നായ്ക്കളുടെ ദയാവധം നടത്താനുള്ള സർക്കാർ തീരുമാനം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല ഉത്തരവുകളും 2023ൽ നിലവിൽ വന്ന മൃഗ ജനന നിയന്ത്രണ ചട്ടവും ദയാവധത്തിന് അനുവദിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഇടക്കാല ഉത്തരവ്. പുതിയ ഉത്തരവ് വരുന്നത് വരെ ദയാവധം നടപ്പാക്കരുത് എന്നാണ് തീരുമാനം.
നായ്ക്കളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരത്തുക പരിഗണിക്കുന്നത്തിന് ജില്ലാതല സമിതികൾ ഒരുമാസത്തിനുള്ളിൽ തന്നെ രൂപീകരിക്കണം എന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൾ നായ് ഭീതിക്ക് പരിഹാരമാകും എന്നും കോടതി അറിയിച്ചു.
ജില്ലാതല സമിതി രൂപീകരണത്തിന് കേരള ലീഗൽ സർവീസ് അതോറിറ്റി (KeLSA) നടപടിയെടുക്കണം. മാർഗ്ഗരേഖ ഉണ്ടാക്കുകയും തുടർച്ചയായ സിറ്റിങ് ഉറപ്പാക്കുകയും വേണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയെയും ദുരന്തനിവാരണ അതോറിറ്റിയെയും സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here