‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ

അഫ്ഗാനിസ്ഥാനിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാരൻ ഗൗരവ് ശർമ്മയോട് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കാട്ടിയ സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. “ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളെപ്പോലെയാണ്” എന്ന് ഉദ്യോഗസ്ഥർ സ്നേഹത്തോടെ പറയുന്ന വീഡിയോ ഗൗരവ് ശർമ്മ വാണ്ടെർഡ (Wanderda) എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ ഓർമ്മിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ.
പതിവ് പരിശോധനയ്ക്കായി അഫ്ഗാനിസ്ഥാനിലെ ഒരു ചെക്ക്‌പോസ്റ്റിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യൻ സഞ്ചാരിയുടെ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. ഉദ്യോഗസ്ഥർ പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ, താൻ ഇന്ത്യയിൽ നിന്നുള്ളയാളാണ് എന്ന് സഞ്ചാരി മറുപടി നൽകി. ഇത് കേട്ടയുടനെ ഉദ്യോഗസ്ഥരുടെ മുഖം തെളിഞ്ഞു. അവർ ചിരിക്കുകയും, വളരെ സൗഹാർദ്ദപരമായി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. “പാസ്പോർട്ട് പരിശോധിക്കേണ്ട ആവശ്യമില്ല. ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളെപ്പോലെയാണ്,” ഇത് പറഞ്ഞ ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്ര തുടരാൻ അനുവദിക്കുക മാത്രമല്ല, ചായ കുടിക്കാൻ ക്ഷണിക്കുകയും ചെയ്തു.
Also Read : ഏഷ്യയിലെ ബിഗ് ബോസായി ഇന്ത്യ; അമേരിക്കയ്‌ക്കെതിരെ മോദിയുടെ മാസ്റ്റർ സ്ട്രോക്ക്
ഇന്ത്യയിൽ നിന്നുള്ള പൗരനോട് താലിബാൻ ഉദ്യോഗസ്ഥർ കാട്ടിയ സൗഹൃദം ഇരു രാജ്യങ്ങളും തമ്മിൽ അനൗദ്യോഗിക തലത്തിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ അടയാളമാണ്. പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ സ്വാധീനം ചെലുത്തുമ്പോളാണ് താലിബാൻ ഉദ്യോഗസ്ഥരുടെ ഇന്ത്യൻ പ്രേമം എന്നത് ശ്രദ്ധേയമാണ്.
താലിബാനെ അംഗീകരിക്കുന്നില്ലെങ്കിലും അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യ സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ഈ ജനകീയ സൗഹൃദത്തിനപ്പുറം, നയതന്ത്ര തലത്തിലും കാര്യങ്ങൾ ചൂടുപിടിക്കുകയാണ്. താലിബാൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഈയാഴ്ച ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻസിലും ഇന്ത്യയുടെ അഫ്ഗാൻ അനുകൂല നിലപാട് ശ്രദ്ധ നേടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here