ഇന്ത്യ മുന്നണി തകരുന്നോ? ആം ആദ്മിയുടെ പിന്മാറ്റം ഗുണം ചെയ്യുന്നത് ബിജെപിക്കോ?

ഇന്ത്യ മുന്നണിയ്ക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് ആം ആദ്മി പാർട്ടിയുടെ നീക്കം. 2024 പാർലമെന്റ് ഇലക്ഷനിൽ ബിജെപിക്കെതിരെ ഇന്ത്യ മുന്നണി നടത്തിയ ശക്തമായ പ്രതിരോധത്തിൽ മുന്നണിക്കൊപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി മുന്നണി വിടുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഇന്ത്യാ മുന്നണിയിൽ നിന്നും പുറത്തുപോയതായും പാർലമെൻ്റിൻ്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യ മുന്നണി പ്രവേശം ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിത്വത്തെ ഇല്ലാതാക്കി എന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സംഘടന ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
Also Read : ആം ആദ്മിയെ തകർക്കുന്നത് അധികാരമോഹമോ? വലവിരിച്ച് ബിജെപി; കെജ്‌രിവാളിൻ്റെ വിശ്വസ്തൻ്റെ രാജിക്ക് പിന്നിൽ…
പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ഡൽഹിയിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് പാർട്ടിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പഞ്ചാബിലും ഗുജറാത്തിലും നടന്ന രണ്ട് നിർണായക നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിച്ച് വിജയിച്ചുകൊണ്ട് ആം ആദ്മി പാർട്ടി വലിയ തിരിച്ചുവരവ് നടത്തിയിരുന്നു.
പഞ്ചാബിൽ, ആംആദ്മി കോൺഗ്രസിനെ പരാജയപ്പെടുത്തി ലുധിയാന വെസ്റ്റ് സീറ്റ് നേടി, ഗുജറാത്തിൽ, രണ്ട് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്തി വിസവദർ മണ്ഡലത്തിൽ ശ്രദ്ധേയമായ വിജയം നേടി. ആ സാഹചര്യത്തിൽ ബിജെപി ക്കും കോൺഗ്രസിനും എതിരായ ബദൽ ശക്തിയായി ആംആദ്മി പാർട്ടി നിലകൊള്ളണമെന്ന വാദങ്ങൾ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്ന് വന്നത്.
Also Read : കേരളത്തിലെ ഒരു മുൻ മന്ത്രി ആംആദ്മിയിലേക്ക്; ജനതാദൾ എസ് വിമതവിഭാഗവുമായി ലയനം ഉടനെന്ന് നേതൃത്വം
പഞ്ചാബിലും ഗുജറാത്തിലും 2027 ൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാമുന്നണിയിൽ നിന്നും പുറത്തു വരുന്ന ആംആദ്മി പാർട്ടി സംസ്ഥാനങ്ങളിലെ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കും. കോൺഗ്രസിന്റെ കോർ വോട്ട് ബാങ്ക് തട്ടിയെടുക്കാമെന്ന് എഎപി പ്രതീക്ഷിക്കുന്നു.
ബിജെപിക്കെതിരായി വിശാല പ്രതിപക്ഷസഖ്യം രൂപീകരിച്ച കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാകും. കോൺഗ്രസ് വോട്ട് ബാങ്കിലുണ്ടാകുന്ന വിള്ളൽ സഹായിക്കുക ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെയായിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here