നാലാമത് ‘പണക്കാരൻ’ രാജ്യമായി ഇന്ത്യ; ജപ്പാൻ ഔട്ട്! നമ്മുടെ മാസ്സ് എൻട്രി!

2026ലേക്ക് രാജ്യം കടക്കുന്നത് വലിയൊരു സാമ്പത്തിക നേട്ടത്തോടെയാണ്. ഏകദേശം 4.18 ട്രില്യൺ ഡോളർ ആഭ്യന്തര ഉൽപ്പാദനവുമായി (GDP) ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അമേരിക്ക, ചൈന, ജർമ്മനി എന്നിവർ മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഐഎംഎഫ് (IMF) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഈ കണക്കുകളെ ശരിവെക്കുന്നു.
2014ൽ ലോകത്തെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ. 2022ൽ ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ഇപ്പോൾ ജപ്പാനെയും പിന്നിലാക്കിയാണ് നാലാം സ്ഥാനത്തേക്ക് ഉയർന്നത്. വെറും 11 വർഷത്തിനുള്ളിൽ ആറ് സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്.
ഇന്ത്യ നാലാം സ്ഥാനത്തെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വലിപ്പത്തിന്റെ സൂചനയാണ്, അല്ലാതെ ഓരോ പൗരനും സമ്പന്നനായി എന്നല്ല. ജപ്പാനിൽ 12 കോടി ആളുകൾ ഉള്ളപ്പോൾ ഇന്ത്യയിൽ 140 കോടി ആളുകളുണ്ട്. ഒരു ഇന്ത്യക്കാരന്റെ ശരാശരി വാർഷിക വരുമാനം ഏകദേശം 2,694 ഡോളർ മാത്രമാണ്. എന്നാൽ ഒരു ജപ്പാൻകാരന്റേത് 32,487 ഡോളറാണ്. അതായത്, സാമ്പത്തിക വലിപ്പത്തിൽ നമ്മൾ മുന്നിലാണെങ്കിലും ജീവിതനിലവാരത്തിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ട്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇന്ത്യ 6.7% ശരാശരി വളർച്ച നിലനിർത്തിയിരുന്നു. ജിഎസ്ടി , ബാങ്കിംഗ് രംഗത്തെ പരിഷ്കാരങ്ങൾ, ഡിജിറ്റലൈസേഷൻ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ കൂടുതൽ പണം ചെലവാക്കുന്നതും, ഡിജിറ്റൽ ഇടപാടുകൾ കൂടിയതും, സർക്കാർ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം.
സമ്പദ്‌വ്യവസ്ഥയിൽ മുന്നിലെത്തിയെങ്കിലും നേരിടുന്ന വെല്ലുവിളികൾ പലതാണ്. വലിയൊരു വിഭാഗം യുവാക്കൾക്ക് മികച്ച ജോലി ഉറപ്പാക്കുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും വർദ്ധിക്കേണ്ടതുണ്ട്. 2025ൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 4.74 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
അടുത്ത 3 വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. 2030ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.3 ട്രില്യൺ ഡോളറിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യ ലോകവേദിയിൽ ഒരു വമ്പൻ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. എന്നാൽ ഈ വളർച്ചയുടെ ഗുണം സാധാരണക്കാരന്റെ ജീവിതനിലവാരത്തിൽ പ്രകടമാകാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here