ദേവയാനിയെ പരിശോധിച്ചപ്പോള്‍ വഷളായത് ഇന്ത്യാ-യുഎസ് ബന്ധം; ചാരക്കേസില്‍ പുറത്താക്കിയത് ഉന്നത ഫ്രഞ്ച് പ്രതിനിധിയെ; വേണ്ടപ്പോള്‍ തിരിച്ചടിച്ച് ഇന്ത്യ; മോദി ട്രൂഡോയോട് കണക്ക് തീര്‍ക്കുമ്പോള്‍…

ന്യൂഡൽഹി: നയതന്ത്ര രംഗത്ത് നയതന്ത്രജ്ഞരെ പുറത്താക്കുന്നത് ഏറ്റവും ഒടുവിലത്തെ നടപടിയായാണ് കണക്കാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇത്തരമൊരു നടപടി അസാധാരണമാണ്. കാനഡയിലെ ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യാ-കാനഡ ബന്ധം വഷളാക്കിയത്. കാനഡ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ കാനഡ പ്രതിനിധിയെ പുറത്താക്കിയത്.

ഇന്ത്യയും പാകിസ്ഥാനും ഇടയ്‌ക്കിടെ നയതന്ത്രജ്ഞരെ പുറത്താക്കിയിട്ടുണ്ട്, ഏറ്റവും ഒടുവില്‍ 2019 ഓഗസ്റ്റിലാണ്. ഈ ജമ്മു കശ്മീരിന്റെ പദവിയിൽ വരുത്തിയ മാറ്റങ്ങളെത്തുടർന്ന് ഇരു രാജ്യങ്ങളും അവരുടെ ഹൈക്കമ്മീഷണർമാരെ പുറത്താക്കുകയും നയതന്ത്രബന്ധം ഒഴിവാക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം മറ്റൊരു റൗണ്ട് പുറത്താക്കല്‍ക്കൂടി നടത്തി.

എന്നാലും ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ പിരിച്ചുവിടുന്നത് താരതമ്യേന അപൂർവമാണ്. ഒമ്പത് വർഷം മുമ്പ്, മൻമോഹൻ സിംഗിന്റെ രണ്ടാം ടേമിന്റെ അവസാന ഘട്ടത്തിൽ, ന്യൂ ഡൽഹി എംബസിയിലെ ഒരു നയതന്ത്രജ്ഞനെ പിൻവലിക്കാൻ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. 2014 ജനുവരിയിൽ വിസ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ന്യൂയോർക്കിലെ ജൂറി കുറ്റം ചുമത്തിയതിനെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് യുഎസ് വിടാൻ പറഞ്ഞതിനെത്തുടർന്ന് അവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.

പരസ്‌പര പുറത്താക്കലുകൾ ഇന്ത്യ-യുഎസ് ബന്ധത്തെ ഏറ്റവും താഴ്ന്ന നിലയിലാക്കി. ഖോബ്രഗഡെയുടെ വേലക്കാരി കുറഞ്ഞ ശമ്പളം നൽകിയെന്നാരോപിച്ച് ഖോബ്രഗഡെയെ തുണിയുരിഞ്ഞ് പരിശോധിച്ചെന്ന ആരോപണമാണ് ബന്ധം വഷളാക്കിയത്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ക്ഷണിച്ചതോടെ ഇന്ത്യയുമായുള്ള ബന്ധം ഉടൻ തന്നെ പൂര്‍വസ്ഥിതിയിലേക്ക് വന്നു.

ഇന്ത്യയുമായി വളരെ അടുത്ത പങ്കാളിത്തമുള്ള മറ്റൊരു പാശ്ചാത്യ രാഷ്ട്രത്തിന്റെ ഏറ്റവും ഉന്നത നയതന്ത്രജ്ഞനെ ഏകദേശം 35 വർഷം മുമ്പ് ഇന്ത്യ പുറത്താക്കി. 1985-ന്റെ തുടക്കത്തിൽ സൗത്ത് ബ്ലോക്കിന്റെ ഇടനാഴികൾ “ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചാരക്കേസുകളിൽ” ഒന്നില്‍ കുലുങ്ങി. 30 ദിവസത്തിനകം ഫ്രഞ്ച് അംബാസഡർ സെർജി ബോയ്‌ഡെവൈക്‌സിനോട് രാജ്യം വിടാൻ ഇന്ത്യ ഉത്തരവിട്ടു.

പുറത്താക്കലിന് ഇന്ത്യ കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും, പ്രധാന മന്ത്രാലയങ്ങളിലെ പ്രൈവറ്റ് സെക്രട്ടറിമാരെ ചുറ്റിപ്പറ്റിയുള്ള ചാര ശൃംഖലയുടെ കണ്ടെത്തലുമായും ഇന്ത്യൻ വ്യവസായിക്ക് ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയതുമായും ഇതിനു ബന്ധമുണ്ടെന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. സൈനികവും വ്യാവസായികവുമായ രഹസ്യങ്ങൾ ഉൾപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഇത്രയും ഉയർന്ന നയതന്ത്രജ്ഞനോട് ഇന്ത്യ വിടാൻ പറയുന്നത് ഇത് ആദ്യമായാണ്” എന്നാണ് കരുതപ്പെട്ടത്.

ഫ്രഞ്ച് അംബാസഡറെ പുറത്താക്കുന്നതിലേക്ക് നയിച്ച ചാരസംഘം അന്നത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.സി.അലക്സാണ്ടറുടെ ഓഫീസിൽ നുഴഞ്ഞുകയറിയെന്നാണ് ആരോപണം. അതിലും ഒരു മാസം മുമ്പ് 1985 ജനുവരിയിൽ ഫ്രഞ്ച് ഡെപ്യൂട്ടി മിലിട്ടറി അറ്റാഷെ ലഫ്റ്റനന്റ് കേണൽ അലൻ ബോളിയെ ചാരസംഘത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് കരുതപ്പെടുന്ന ന്യൂ ഡൽഹി എംബസി സ്ഥാനത്തുനിന്നും പിൻവലിച്ചിരുന്നു.

മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ സി.ആർ. ഘരേഖാന്റെ, ആ സമയത്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകം അനുസരിച്ച്, ചാര ശൃംഖലയിലെ ഫ്രഞ്ച് ബന്ധം മാധ്യമ ശ്രദ്ധ നേടിയപ്പോൾ, സോവിയറ്റ് യൂണിയൻ, പോളണ്ട്, കിഴക്കൻ ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും ന്യൂഡൽഹി നിശബ്ദമായി പുറത്താക്കിയിരുന്നു.

താൻ ഫ്രഞ്ചുകാരോട് വളരെ പരുഷമായി ഇടപെട്ടതിൽ രാജീവ് ഗാന്ധി ഖേദിക്കുന്നു എന്ന് ഘരേഖാൻ എഴുതി. പുതിയ ഫ്രഞ്ച് അംബാസഡർക്കുള്ള മുൻകൂർ അനുമതി ഉൾപ്പെടെ നല്‍കി ബന്ധങ്ങൾ പൂര്‍വ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു. നേരത്തെ ഇന്ദിരാഗാന്ധിയും ഫ്രാങ്കോയിസ് മിത്തറാൻഡും ചേർന്ന് ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ‘ഇയർ ഓഫ് ഇന്ത്യ’യുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഗാന്ധി ഫ്രാൻസിലേക്ക് പോകുമെന്നും ഇന്ത്യ അറിയിച്ചു.

മേൽപ്പറഞ്ഞ രണ്ട് കേസുകളിലും വിദേശകാര്യ മന്ത്രാലയം പരസ്യ പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ, ജർമ്മനിയും ഇന്ത്യയും തമ്മിലും പ്രശ്നം നടന്നു. ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ നിശബ്ദമായി പുറത്താക്കി.

ജർമ്മനിയില്‍ “ഖാലിസ്ഥാന്‍- കാശ്മീരി വിഘടനവാദികളില്‍ ചാരപ്രവർത്തനം നടത്തിയതിന്” ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൽ നിന്ന് പ്രതിഫലം വാങ്ങിയ ഫ്രാങ്ക്ഫർട്ട് നിവാസിയുടെ വിചാരണയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. 2020-ൽ സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യൻ റവന്യൂ സർവീസിൽ നിന്ന് റോയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പ്രവർത്തിക്കുകയായിരുന്നു. ചാരവൃത്തിയിൽ ഏർപ്പെട്ടതിന് അദ്ദേഹത്തോട് രാജ്യം വിടാന്‍ ജര്‍മ്മനി ആവശ്യപ്പെട്ടു.പകരം ഒരു ജർമ്മൻ നയതന്ത്രജ്ഞനോട് രാജ്യം വിടാന്‍ ഇന്ത്യയും ആവശ്യപ്പെട്ടു. എന്നാൽ, പുറത്താക്കൽ പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top