ചൈനയുടെ പ്രകോപനം അന്താരാഷ്ട്ര നിയമലംഘനം; പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇന്ത്യൻ പൗരത്വത്തെ ചോദ്യം ചെയ്ത ചൈനീസ് നടപടിക്കെതിരെ പ്രതിഷേധമുയർത്തി ഇന്ത്യ. അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ വാങ്ചോങ് തൊങ്ഡോക്കിനാണ് ദുരനുഭവം ഉണ്ടായത്.
ലണ്ടനിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പൽ റെഗുലേറ്ററി കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് പ്രേമ തൊങ്ഡോക്. ഷാങ്ഹായ് വിമാനത്താവളത്തിൽ വച്ച് പ്രേമയുടെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ തടഞ്ഞുവക്കുകയും ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് പറയുകയും ചെയ്തു. ഇമിഗ്രേഷൻ ജീവനക്കാരും എയർലൈൻസ് ജീവനക്കാരും തന്നോട് പരുഷമായി പെരുമാറിയെന്നും ഭക്ഷണത്തിനോ ആശയവിനിമയത്തിനോ സൗകര്യങ്ങൾ ലഭിച്ചില്ലെന്നും പ്രേമ പറയുന്നു.
Also Read : ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടം; ലോകവ്യവസായ ഭൂപടം മാറുന്നു
അരുണാചൽ പ്രദേശിനെ ചൈനീസ് പ്രദേശമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പരിഹസിച്ചു ചിരിച്ചതായും അവർ പറഞ്ഞു. ഏകദേശം 18 മണിക്കൂറോളം വിമാനത്താവളത്തിനുള്ളിൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രേമ, ഏറെ പ്രയാസപ്പെട്ടാണ് യുകെയിലെ ഒരു സുഹൃത്തിനെ ബന്ധപ്പെടാൻ സാധിച്ചത്. തുടർന്ന് ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് യുവതിക്ക് യാത്ര തുടരാൻ സാധിച്ചത്.
ചൈനീസ് അധികൃതരുടെ ഈ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അരുണാചൽ പ്രദേശ് ഇന്ത്യൻ പ്രദേശമാണ്. അവിടത്തെ താമസക്കാർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വക്കാനും യാത്ര ചെയ്യാനും പൂർണ്ണമായ അവകാശമുണ്ട്. ചൈനീസ് അധികൃതരുടെ നടപടികൾ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾക്ക് വിരുദ്ധമാണ്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ചൈനീസ് അധികൃതരെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here