ദക്ഷിണേന്ത്യ നിനച്ചാൽ രാജ്യം ഭരിക്കാം; ഇന്ദിരയും വാജ്പേയിയും ഒഴിവാക്കിയ ഡീലിമിറ്റേഷൻ ഇങ്ങെത്തി

ഇന്ന് നമ്മൾ സംസാരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റി വരയ്ക്കാൻ പോകുന്ന വലിയൊരു പരിഷ്‌ക്കാരത്തെ കുറിച്ചാണ്. 2026 എന്ന വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. അടുത്ത വർഷം നടക്കാൻ പോകുന്ന ചില മാറ്റങ്ങളോടെ ഇന്ത്യൻ പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ ശബ്ദം ദുർബലമാകുമെന്ന വാദങ്ങൾ പലയിടത്ത് നിന്നും ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് ഇന്ത്യയുടെ ഭരണം കൈകാര്യം ചെയ്യുമെന്ന ആശങ്കകൾ ഉയരുകയാണ്. ഡീലിമിറ്റേഷൻ വരുന്നതിന്റെ പുകിലുകളാണ് ഇത്. സിമ്പിളായി പറഞ്ഞാൽ മണ്ഡല പുനർനിർണ്ണയം. നമുക്ക് നോക്കാം 1976-ൽ ഇന്ദിരാഗാന്ധിയും, 2001ൽ വാജ്‌പേയിയും പിന്നെയാകട്ടെയെന്ന് വച്ച ലോകസഭാ മണ്ഡല പുനർനിർണ്ണയത്തെ പറ്റി, അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുത്താൻ പോകുന്ന വലിയ കോളിളക്കത്തെ പറ്റി.
ആദ്യമായി എന്താണ് ഈ ഡീലിമിറ്റേഷൻ എന്ന് നോക്കാം, ജനസംഖ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കുന്ന പ്രക്രിയയാണിത്. ഭരണഘടനയുടെ 82-ാം അനുച്ഛേദം പറയുന്നത് ഓരോ സെൻസസിന് ശേഷവും ഇത് നടക്കണമെന്നാണ്. ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം എന്ന ജനാധിപത്യ തത്വമാണ് ഇതിന്റെ അടിസ്ഥാനം. ഭരണഘടന പ്രകാരം ഓരോ പത്ത് വർഷത്തെ സെൻസസിന് ശേഷവും ഡീലിമിറ്റേഷൻ നടക്കേണ്ടതായിരുന്നു. എന്നാൽ 1970-ന് ശേഷം ഇത് കൃത്യമായി നടക്കാതെ വന്നു. അക്കാലത്ത് ഇന്ത്യ, ജനസംഖ്യാ നിയന്ത്രണത്തിന് വലിയ മുൻഗണന നൽകുന്ന കാലമായിരുന്നു. കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കുടുംബസൂത്രണ പദ്ധതികൾ വളരെ ഫലപ്രദമായി നടപ്പിലാക്കി. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുതിച്ചുയർന്നു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുതുക്കി നിശ്ചയിച്ചാൽ, ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. അങ്ങനെ 1976-ൽ ഇന്ദിരാഗാന്ധി സർക്കാർ ഈ മണ്ഡല പുനർനിർണ്ണയം 2000-മാണ്ട് വരെ മരവിപ്പിച്ചു. പിന്നീട് വാജ്‌പേയി സർക്കാർ അത് 2026 വരെ നീട്ടി. ഇവിടെയാണ് 2026ന്റെ പ്രസക്തി. 2026-ന് ശേഷം ജനസംഖ്യാനുപാതികമായി സീറ്റുകൾ നിശ്ചയിച്ചാൽ എന്തുസംഭവിക്കും എന്ന ചോദ്യമുയർന്നു തുടങ്ങിയതിന്റെ പിന്നിലെ കാരണം ഇതാണ്.
ഡീലിമിറ്റേഷൻ നടപ്പിലായി കഴിഞ്ഞാൽ ഉത്തർപ്രദേശിലെയും ബീഹാറിലെയും ലോക്സഭാ സീറ്റുകൾ വൻതോതിൽ വർദ്ധിക്കും. അതേസമയം കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയുയും. ഇതിനർത്ഥം, ഉത്തരേന്ത്യയിലെ കുറച്ച് സംസ്ഥാനങ്ങൾ വിചാരിച്ചാൽ മാത്രം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ വരും.
Also Read : കീറി എറിഞ്ഞ ബില്ലുകളെല്ലാം പാസായി; ലോക്സഭയിൽ മാത്രം പാസായത് 12 എണ്ണം
നിലവിൽ ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 272 സീറ്റുകൾ മതിയാകും. കാർണഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് (Carnegie Endowment for International Peace) 2019-ൽ പുറത്തുവിട്ട പഠന പ്രകാരം 2026-ലെ ഡീലിമിറ്റേഷന് ശേഷം ലോക്സഭാ സീറ്റുകൾ 848-ഓളം ആയി വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിൽ നിലവിലുള്ള സീറ്റുകൾ വർദ്ധിച്ച് ഉത്തർപ്രദേശ് 143, ബീഹാർ 79, രാജസ്ഥാൻ 50, മധ്യപ്രദേശ് 52 എന്നിങ്ങനെയാകും ആകെ സീറ്റുകളുടെ എണ്ണം. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം , ഉത്തരേന്ത്യയിലെ കേവലം നാല് സംസ്ഥാനങ്ങൾ മാത്രം ചേർന്നാൽ ഏകദേശം 324 സീറ്റുകൾ ലഭിക്കും. ഈ നാല് സംസ്ഥാനങ്ങൾക്കൊപ്പം മഹാരാഷ്ട്രയും ഡൽഹിയും പോലുള്ള ഹിന്ദി സംസാരിക്കുന്ന മേഖലകളും ചേർന്നാൽ ദക്ഷിണേന്ത്യയുടെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയോ പിന്തുണയുമില്ലാതെ തന്നെ കേന്ദ്രത്തിൽ ഭരണം സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് കഴിയുമെന്ന് സാരം.

അതിനു വേണ്ടിയുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തി തുടങ്ങിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എസ്‌ഐആറെന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണവും ഡീലിമിറ്റേഷനും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എസ്‌ഐആറിലൂടെ അനർഹരെ നീക്കം ചെയ്യുകയും പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്യുന്നതോടെ ഓരോ പ്രദേശത്തും കൃത്യമായ രാഷ്ട്രീയ പ്രാതിനിധ്യം എത്ര വേണമെന്ന് നിശ്ചയിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷന് സാധിക്കുമെന്നാണ് ഇത്തരക്കാരുടെ വാദം. ഒരു മണ്ഡലത്തിൽ എത്ര ജനങ്ങൾ വേണം എന്നതിന് ഒരു നിശ്ചിത അനുപാതമുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് വോട്ടർമാരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതായി എസ്‌ഐആറിലൂടെ കണ്ടെത്തിയാൽ ഡീലിമിറ്റേഷൻ സമയത്ത് ആ മണ്ഡലത്തെ വിഭജിക്കാനോ അതിർത്തികൾ മാറ്റാനോ കഴിയും.

അടുത്തിടെ പാസാക്കിയ വനിതാ സംവരണ ബില്ലിലെ നാരി ശക്തി വന്ദൻ അധിനിയത്തിലെ ഒരു പ്രധാന നിബന്ധന, മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്നതാണ്. അതിനാൽ 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉറപ്പാക്കണമെങ്കിൽ 2026-ൽ തന്നെ ഡീലിമിറ്റേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് സർക്കാരിന് അത്യാവശ്യമാണ്. ഭരണഘടനയിലെ 84-ാം ഭേദഗതി അനുസരിച്ച് 2026-ന് ശേഷം നടക്കുന്ന ആദ്യ സെൻസസിന് ശേഷമേ മണ്ഡല പുനർനിർണ്ണയം നടത്താൻ പാടുള്ളൂ. കോവിഡ് കാരണം വൈകിയ 2021-ലെ സെൻസസ് 2025-ൽ ആരംഭിച്ച് 2026-ഓടെ പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാൽ 2026-ൽ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിക്കാൻ സർക്കാരിന് നിയമപരമായി തടസ്സമൊന്നുമില്ല. ഡീലിമിറ്റേഷൻ 2026-ൽ തന്നെ ആരംഭിക്കുമെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ മണ്ഡലങ്ങൾ നിലവിൽ വരുന്നത് 2029-ലെ പൊതുതിരഞ്ഞെടുപ്പിലാകും.
Also Read : കർണാടകയിൽ ആർഎസ്എസ് നിരോധിക്കാനൊരുങ്ങി സർക്കാർ; ഭരണഘടനക്കും രാജ്യത്തിന്റെ ഐക്യത്തിനും എതിരെന്ന് വാദം
ഇതൊരു വലിയൊരു ധർമ്മസങ്കടമാണ്. ഒരു വശത്ത് ജനാധിപത്യത്തിന്റെ ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന തത്വം. മറുവശത്ത് ഫെഡറലിസത്തിന്റെ സമത്വം എന്ന തത്വം. അന്നത്തെ ജനസംഖ്യ നിയന്ത്രണത്തിന്റെ കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിൽ മാറുമോ ഈ പുനർനിർണ്ണയം. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭയ്ക്ക് 888 സീറ്റുകൾ സജ്ജമാക്കിയത് വെറുതെയല്ല. അത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വലിയൊരു സീറ്റ് വർദ്ധനവിനെ തന്നെയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ശക്തമായ എതിർപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. ഈ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു സീറ്റ് വിഭജന പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ അസ്തിത്വത്തിന്റെ തന്നെ പ്രശ്നമാണ്.

കഴിഞ്ഞ 50 വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ നയങ്ങൾ, പ്രത്യേകിച്ച് കുടുംബസൂത്രണം, വിദ്യാഭ്യാസം എന്നിവ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഇതിന്റെ ഫലമായി ജനസംഖ്യാ വളർച്ചാനിരക്ക് കുറയ്ക്കാൻ ഇവർക്ക് സാധിച്ചു. എന്നാൽ ഡീലിമിറ്റേഷൻ നടപ്പിലാക്കുമ്പോൾ, ഈ നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടപ്പെടുകയും, ഈ കാര്യത്തിൽ അനാസ്ഥ കാട്ടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ഫെഡറൽ സംവിധാനത്തിലെ നീതികേടാണെന്ന് അവർ വാദിക്കുന്നത്.
Also Read : ‘ദേവസ്വം ബോർഡിൽ ഹിന്ദു അല്ലാത്തയാളെ ഉൾപ്പെടുത്തുമോ’; വഖഫ് നിയമ ഭേദഗതിയെ പാർലമെൻ്റിൽ എതിർത്ത് കോൺഗ്രസ്
പാർലമെന്റിലെ സീറ്റുകൾ കുറയുന്നത് കേന്ദ്ര ഫണ്ട് വിതരണത്തിലും ദക്ഷിണേന്ത്യയ്ക്ക് തിരിച്ചടിയാകും. ജി.ഡി.പിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളാണെങ്കിലും, ജനസംഖ്യ കുറവായതിനാൽ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കുറയുകയാണ്. രാഷ്ട്രീയമായ സ്വാധീനം കൂടി കുറയുന്നതോടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമെന്ന ആശങ്കകളും ശക്തമാണ്.
ലോക്സഭയിൽ സീറ്റുകൾ കുറഞ്ഞാലും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യസഭയ്ക്ക് കൂടുതൽ അധികാരം നൽകുക, എല്ലാ സംസ്ഥാനങ്ങൾക്കും രാജ്യസഭയിൽ തുല്യ സീറ്റുകൾ നൽകുന്ന അമേരിക്കൻ സെനറ്റ് മാതൃക നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. 2026 എത്തി കഴിഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്നത് ഇന്ത്യയുടെ ഐക്യത്തിന് അത്യാവശ്യമാണ്. ദക്ഷിണേന്ത്യയുടെ വികസന നേട്ടങ്ങളെ മാനിച്ചുകൊണ്ടും, ഉത്തരേന്ത്യയിലെ ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടും ഒരു സമവായത്തിൽ എത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് വലിയൊരു രാഷ്ട്രീയ തർക്കത്തിലേക്കും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ ഇളക്കുന്ന അസ്വാരസ്യങ്ങളിലേക്കും നയിച്ചേക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here