ഡിജിറ്റൽ പണമിടപാടുകളിൽ റെക്കോർഡിട്ട് ഇന്ത്യ; എന്നാൽ ശരാശരി തുക കുറയുന്നു!! അതും നേട്ടമെന്ന് വിദഗ്ധർ, കാരണമറിയാം

ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) ആഗോളതലത്തിൽ ചരിത്രനേട്ടം കൈവരിച്ചു. 2025 ഓഗസ്റ്റിൽ നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം 2,000 കോടി കവിഞ്ഞതായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. റിയൽ-ടൈം ഡിജിറ്റൽ പേയ്മെന്റ്‌സിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.
എന്നാൽ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും ശരാശരി തുക കുറഞ്ഞുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതും നേട്ടമെന്ന് തന്നെയാണ് വിലയിരുത്തൽ. കാരണം വലിയ നഗരങ്ങളിൽ മാത്രമല്ല, സാധാരണക്കാർക്കിടയിലും, ഗ്രാമീണ മേഖലകളിലും യുപിഐക്ക് സ്വീകാര്യതയേറുന്നു എന്നതിൻ്റെ തെളിവാണിത്. ഈ മേഖലകളിലും ദൈനംദിന ആവശ്യങ്ങൾക്കായി ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നുണ്ട്. ഈ വൻ വളർച്ചയ്ക്ക് പിന്നിൽ സർക്കാർ നയങ്ങളും സാങ്കേതികവിദ്യയും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Also Read : ഫോൺപേക്കും ഗൂഗിൾപേക്കും സർവീസ് ചാർജ് ഈടാക്കിയേക്കും; സൂചന നൽകി ആർ ബി ഐ
അതിവേഗ വളർച്ചയുടെ കണക്കുകൾ
എൻ.പി.സി.ഐയുടെ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 34% വർധനവാണ് ഉണ്ടായിരിക്കുന്നത്. യുപിഐ വഴി നടന്ന ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 24.85 ലക്ഷം കോടി രൂപയാണ്. ആഗോളതലത്തിൽ നടക്കുന്ന തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 48.5% ഇന്ത്യയിലാണ് നടക്കുന്നതെന്ന് റിസർവ് ബാങ്കിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. വികസിത രാജ്യങ്ങളായ അമേരിക്കയേക്കാൾ ഏറെ മുന്നിലാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം.
ഇടപാടുകളുടെ എണ്ണത്തിലുള്ള കുതിപ്പ്: ഓഗസ്റ്റ് 2025-ൽ യുപിഐ വഴി 20.01 ബില്യൺ ഇടപാടുകളാണ് നടന്നത്. അതായത് പ്രതിദിനം ശരാശരി 645 ദശലക്ഷം ഇടപാടുകൾ നടക്കുന്നു.
വിപണിയിലെ ആധിപത്യം: മൊത്തം റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ 84% ഇപ്പോൾ യുപിഐ വഴിയാണ് നടക്കുന്നത്. ഇത് യുപിഐ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിന്റെ വ്യക്തമായ സൂചനയാണ്.
Also Read : മണി റിക്വസ്റ്റിങ് ഓപ്ഷൻ നിർത്താനൊരുങ്ങി യുപിഐ; വരുന്നത് വ്യജന്മാർക്കുള്ള കുരുക്ക്
പൊതു ഉപയോഗത്തിനുള്ള പ്ലാറ്റ്‌ഫോം: ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൊതു സ്ഥാപനമായ എൻ.പി.സി.ഐ. രൂപം നൽകിയ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമാണ് യുപിഐ. ഇതിലൂടെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ വിവിധ സേവനദാതാക്കൾക്ക് സ്വന്തം ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സാധിച്ചു. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ സൃഷ്ടിക്കുകയും വിപണിയിലെ മത്സരം വർദ്ധിപ്പിക്കുകയും ചെയ്തു.
സൗജന്യ ഇടപാടുകൾ: യുപിഐ വഴി വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് നിലവിൽ യാതൊരു സർവീസ് ചാർജും ഈടാക്കുന്നില്ല. ഈ സൗജന്യ സേവനം, ചെറുകിട കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാൻ പ്രചോദനമായി.
സർക്കാർ നയങ്ങളും പ്രോത്സാഹനവും: 2016-ലെ നോട്ട് നിരോധനം, ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ പ്രചാരണങ്ങൾ എന്നിവ യുപിഐയുടെ വ്യാപനം അതിവേഗത്തിലാക്കി.
അമേരിക്കയെ പോലെയുള്ള വികസിത രാജ്യങ്ങളിൽ ഓരോ ബാങ്കിനും സ്വന്തമായി ഇടപാട് സംവിധാനങ്ങളുണ്ട്. എന്നാൽ ഇന്ത്യയുടെ യുപിഐ പോലെയുള്ള പൊതു പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാൽ അവിടുത്തെ പേയ്മെന്റ് സിസ്റ്റം കൂടുതൽ സങ്കീർണ്ണവും വേഗത കുറഞ്ഞതുമാണ്. യുപിഐയുടെ ഈ കുതിപ്പ് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കും എന്നാണ് ഫിൻടെക് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here