ലോക പോലീസ് മെരുങ്ങുന്നു; ഇന്ത്യ നയതന്ത്ര വിജയത്തിനരികെ

ലോക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പവർ ഗെയിമിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഒരുവശത്ത് അതികായനായ അമേരിക്ക. മറുവശത്ത് തല ഉയർത്തി ഇന്ത്യ.
‘റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തും’ – യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ കയറ്റുമതിയുടെ നട്ടെല്ലൊടിക്കാൻ പോന്ന ആ ഭീഷണിയോട് ഇന്ത്യ പ്രതികരിച്ചത് തന്ത്രപൂർവ്വമായിരുന്നു. ഇന്ത്യൻ ജനത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വദേശി ആഹ്വാനത്തെ ഏറ്റുപിടിച്ചു. ഐടി മേഖലയിൽ പോലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായി.
ഇന്ത്യൻ ടെക് കമ്പനിയായ ‘സോഹോ’ (Zoho) വികസിപ്പിച്ചെടുത്ത ‘അറട്ടൈ’ (Arattai) എന്ന മെസേജിങ് ആപ്പ് വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് ആപ്പ്സ്റ്റോറുകളിൽ ഒന്നാംസ്ഥാനത്ത് എത്തി. കൂടാതെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മറ്റു വിപണികൾ കൂടി കണ്ടെത്താൻ കഴിഞ്ഞതോടെ അമേരിക്കയുടെ താരിഫ് ഭീഷണികളിൽ ഇന്ത്യ പുതിയ സാധ്യതകൾ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ഭീഷണികൾ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ തങ്ങളുടെ നയങ്ങൾ അംഗീകരിപ്പിക്കാനുള്ള അമേരിക്കയുടെ കഴിവ് ചോദ്യം ചെയ്യപ്പെട്ടു.
Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്
യുഎസ് കാർഷിക ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിന് തടയിട്ടു കൊണ്ടാണ് ഇന്ത്യ അമേരിക്കയ്ക്ക് തിരിച്ചടി നൽകിയത്. 50% താരിഫ് പിൻവലിച്ചില്ലെങ്കിൽ ഇന്ത്യൻ വിപണി തുറക്കില്ല എന്ന ഇന്ത്യയുടെ കടുംപിടിത്തം, അമേരിക്കൻ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. ഇത് ട്രംപിന് തൻ്റെ വോട്ട് ബാങ്കിൽ നിന്നും രാഷ്ട്രീയ സമ്മർദ്ദം നേരിടാൻ കാരണമായി. ഒടുവിൽ 50% തീരുവ 15 % ആക്കി കുറക്കുമെന്ന വാർത്തകൾ പുറത്ത് വരുകയാണ്. ഈ കരാർ ഒക്ടോബർ അവസാനത്തോടെ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രഖ്യാപിക്കാനാണ് സാധ്യത. കുറച്ചുനാളായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക വാണിജ്യ യുദ്ധത്തിന് ഇതോടെ അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
കഥ തുടങ്ങുന്നത് അന്താരാഷ്ട്ര എണ്ണ വിപണിയിലാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ, ഉപഭോക്തൃ താൽപര്യം മുൻനിർത്തി ഇന്ത്യ വാങ്ങൽ തുടർന്നു. റഷ്യയുടെ ഫണ്ടിംഗ് തടയാനുള്ള യുഎസ് തന്ത്രങ്ങൾക്ക് ഇത് തിരിച്ചടിയായി. പ്രതികാരമെന്നോണം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% വരെ താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ലക്ഷ്യം ലളിതം ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് അകറ്റി, യുഎസിൻ്റെ എണ്ണ ഉപഭോക്താവാക്കുക. ഫലമായി റഷ്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് പ്രഹരമേൽപ്പിക്കുക.
Also Read : ആഗോള മാന്ദ്യത്തിലും കൂസലില്ലാതെ ഇന്ത്യ; താരിഫുകൾ ഏശിയില്ലെന്ന് ലോകബാങ്ക്
എന്നാൽ, ഇന്ത്യൻ നയതന്ത്രം ഇവിടെ തൻ്റെ കരുത്ത് തെളിയിച്ചു. യുഎസിൻ്റെ ഭീഷണികളെ ഇന്ത്യ വകവെച്ചില്ല. മറിച്ച്, റഷ്യയുമായുള്ള സൈനിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തി. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു S-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിൻ്റെ അധിക യൂണിറ്റുകൾ വാങ്ങാനുള്ള 10,000 കോടി രൂപയുടെ പുതിയ കരാർ. ഈ നീക്കം അമേരിക്കയ്ക്കുള്ള വ്യക്തമായ സന്ദേശമായിരുന്നു, ദേശീയ താൽപ്പര്യത്തിൽ വിട്ടുവീഴ്ചയില്ല.
ഇന്ത്യയുടെ ഈ ശക്തമായ പ്രതിരോധത്തിന് മുന്നിൽ അമേരിക്കയ്ക്ക് വഴങ്ങേണ്ടി വരുന്നു. എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ നൽകിയെന്ന് പറയുന്ന ഉറപ്പുകൾക്ക് പകരമായി, യുഎസ് തങ്ങളുടെ താരിഫ് ഭീഷണികളിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറാവുകയെന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം, 50 താരിഫ് 15 ശതമാനം മുതൽ 16 ശതമാനം വരെയായി കുറച്ചേക്കാം. ഈ താരിഫ് കുറയ്ക്കുന്നതിന് പകരമായി ഇന്ത്യ യുഎസിന് നൽകുന്ന പ്രധാന ഇളവുകൾ ഇവയാണ്. യുഎസിൽ നിന്നുള്ള ജനിതക മാറ്റം വരുത്താത്ത ചോളം, സോയാബീൻ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം. എഥനോൾ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അനുമതി. ഈ വലിയ വ്യാപാരക്കരാറിൻ്റെ ആദ്യ ഘട്ടം നവംബർ 1-ന് മുൻപ് തന്നെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Also Read : ചൈന-അമേരിക്ക തർക്കം ഇന്ത്യക്ക് നേട്ടമാകും; അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാനാകുമെന്ന് പ്രതീക്ഷ
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി വളരുന്ന ഇന്ത്യയുടെ, സ്വതന്ത്രമായ വിദേശ നയം ലോകശക്തികൾ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ സംഭവം. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് ഇനി എളുപ്പത്തിൽ ഇന്ത്യയെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന പ്രഖ്യാപനം.
ഒരു വശത്ത് ലോകശക്തികളുമായുള്ള നയതന്ത്ര യുദ്ധത്തിൽ വിജയം, മറുവശത്ത് ശക്തമായ പ്രതിരോധ കരാറുകൾ, ഈ സംഭവവികാസങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിദേശനയം ഇന്ന് കേവലം പ്രതികരണം മാത്രമല്ല, ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കരുത്ത് കൂടിയാണ്.
അമേരിക്കയെ മുട്ടുകുത്തിച്ച ഈ ഇന്ത്യൻ നയതന്ത്രം നമ്മുടെ ഭാവി സാമ്പത്തിക സുരക്ഷയ്ക്ക് എത്രത്തോളം പ്രധാനമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ നയതന്ത്രം നൽകുന്ന സന്ദേശം വ്യക്തം. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതേണ്ട! നമ്മുടെ സാമ്പത്തിക സുരക്ഷയുടെ താക്കോൽ ഇനി നമ്മുടെ കൈകളിൽ ഭദ്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here