ഇന്ത്യയുടെ ആകാശത്തെ പുതിയ മരണദൂതന്മാർ; നാഗാസ്ത്രയും ഭാർഗവാസ്ത്രയും റെഡി

ഇനി വരാനിരിക്കുന്നത് മുഖാമുഖം കാണാത്ത യുദ്ധങ്ങളുടെ കാലമാണ്. കിലോമീറ്ററുകൾക്ക് അപ്പുറം ഇരുന്ന് ഒരു കമ്പ്യൂട്ടർ കീബോർഡിലൂടെ അയക്കുന്ന ഡ്രോൺ ശത്രുവിന്റെ വമ്പൻ യുദ്ധക്കപ്പലുകളെയും ടാങ്കുകളെയും തകർക്കുന്ന തരത്തിലുള്ളതാകും ഭാവിയിലെ യുദ്ധങ്ങൾ. ഈ മാറ്റം മുൻകൂട്ടി കണ്ട് ഇന്ത്യ ഒരു അദൃശ്യമായ ആകാശക്കോട്ട നിർമ്മിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിൽ നമ്മൾ അത് കണ്ടതാണ് മണിക്കൂറുകൾ കൊണ്ട് ഇന്ത്യ പാകിസ്താന്റെ ഒളിതാവളങ്ങളിൽ തീമഴ പെയ്യിപ്പിച്ച പോരാട്ടം. ഇന്ന് നമ്മുടെ നീക്കങ്ങൾ ശത്രുക്കളുടെ ഉറക്കം കെടുത്തുകയാണ്. വെറും ആയുധങ്ങളല്ല, മറിച്ച് സാങ്കേതികവിദ്യയുടെ കരുത്തിൽ ‘ഡ്രോൺ കമാൻഡോകളെയും’ ‘ഡ്രോൺ വാരിയേഴ്സിനെയും’ അണിനിരത്തിക്കൊണ്ട് ഇന്ത്യ ഒരുക്കുന്ന ഈ പ്രതിരോധം ലോകത്തിന് തന്നെ അത്ഭുതമാണ്. ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന കരുത്തായി മാറിയ ആവേശകരമായ കഥയാണിത്.
Also Read : വിപണിയിൽ തീ പടർത്തി ഇന്ത്യൻ പ്രതിരോധം; കുതിച്ചുയർന്ന് ഡിഫൻസ് ഷെയറുകൾ
പത്ത് വർഷം മുൻപ് വരെ 70 ശതമാനം ആയുധങ്ങളും നമ്മൾ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. എന്നാൽ ഇന്ന് 60 ശതമാനം ആയുധങ്ങളും നമ്മൾ സ്വന്തമായി നിർമ്മിക്കുന്നു. അമേരിക്കയിൽ നിന്നുള്ള പ്രിഡേറ്റർ ഡ്രോണുകളും ഇസ്രായേലിന്റെ ഹെറോൺ ഡ്രോണുകളും നമ്മുടെ പക്കലുണ്ട്. പക്ഷേ, അതിനേക്കാൾ നമ്മൾ അഭിമാനിക്കേണ്ടത് നമ്മുടെ സ്വന്തം നാഗാസ്ത്ര-1, രുസ്തം-2, ആർച്ചർ-NG എന്നീ ഡ്രോണുകളാണ്. വെറും ആകാശവാഹനങ്ങളല്ല അവ. ശത്രുവിന്റെ ചങ്കിടിപ്പേറ്റുന്ന മരണദൂതന്മാരാണ്.

2025 ജൂലൈയിൽ ആന്ധ്രാപ്രദേശിലെ കുർണൂലിൽ വച്ച് നമ്മൾ പരീക്ഷിച്ച ULPGM-V3 മിസൈൽ ഒരു മുന്നറിയിപ്പായിരുന്നു. ഡ്രോണുകളിൽ നിന്ന് തൊടുക്കാവുന്ന ഈ മിസൈലിന് കൃത്യതയുടെ കാര്യത്തിൽ നൂറിൽ നൂറ് മാർക്കാണ്. അതുമാത്രമല്ല, തേനീച്ചക്കൂട്ടത്തെപ്പോലെ ഇരച്ചുകയറുന്ന സ്വാം ഡ്രോണുകളും നമ്മുടെ പക്കലുണ്ട് (Swarm Drones). ഒരേസമയം നൂറുകണക്കിന് ഡ്രോണുകൾ ശത്രുവിന്റെ ആകാശത്തെ വിഴുങ്ങുമ്പോൾ അവരുടെ റഡാറുകൾ പോലും സ്തംഭിച്ചുപോകും. 2026-ഓടെ 5,000 കോടിയുടെ വ്യവസായമായി നമ്മുടെ ഡ്രോൺ സെക്ടർ മാറാൻ പോവുകയാണ്.
Also Read : ചൈനയെ തടുക്കാന്‍ അമേരിക്കൻ പ്രിഡേറ്റർ ഡ്രോൺ; വിലകൂടും മുമ്പ് വാങ്ങാൻ ഇന്ത്യ
ആക്രമിക്കാൻ മാത്രമല്ല, പ്രതിരോധിക്കാനും നമ്മൾ പഠിച്ചു. ഭാരത് ഇലക്ട്രോണിക്സ് വികസിപ്പിച്ച സക്ഷാം (SAKSHAM) എന്ന AI സിസ്റ്റം അതിർത്തിയിൽ കാവലുണ്ട്. ശത്രു ഡ്രോണുകൾ വന്നാൽ AI തന്നെ അവയെ കണ്ടെത്തി തകർക്കും. കൂടാതെ ഭാർഗവാസ്ത്ര എന്ന മിസൈൽ സിസ്റ്റവും, 5 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ പോലും കരിച്ചുകളയുന്ന ഷഹസ്ത്ര ശക്തി (Shahastra Shakti) എന്ന 30 കിലോവാട്ട് ലേസർ ആയുധവും ഇന്ത്യയെ ലോകത്തിലെ വൻശക്തികൾക്കൊപ്പം എത്തിച്ചിരിക്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും അമേരിക്കയ്ക്കും മാത്രം അവകാശപ്പെടാനായിരുന്ന ഈ കരുത്ത് ഇന്ന് ഇന്ത്യക്കുണ്ട്.

ഇന്ത്യയുടെ ഓരോ ഇൻഫൻട്രി ബറ്റാലിയനിലും ഓരോ ഡ്രോൺ പ്ലാറ്റൂണുകൾ സജ്ജമാണ്. ബിഎസ്എഫ് ഡ്രോൺ കമാൻഡോകളെ വാർത്തെടുക്കുന്നു. മധ്യപ്രദേശിലെ തെക്കാൻപൂർ അക്കാദമിയിൽ അവർക്ക് ലോകോത്തര പരിശീലനമാണ് നൽകുന്നത്. അരുണാചലിലെ ഡ്രോൺ കവച് എക്സർസൈസ് വഴി ശത്രുവിന് നമ്മൾ വ്യക്തമായ സന്ദേശം നൽകി കഴിഞ്ഞു. മരുന്നെത്തിക്കാനും പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താനും ഉപയോഗിക്കുന്ന ഇതേ ഡ്രോണുകൾ അതിർത്തിയിൽ നമ്മുടെ ജവാന്മാരുടെ ജീവൻ കാക്കുന്ന കാവൽമാലാഖമാരായും മാറും.
Also Read : പാക് ഡ്രോണുകളെ ഇനി പറപ്പിക്കും; ഇന്ത്യയുടെ ’ഇന്ദ്രജാൽ’ സുസജ്ജം
ഇത് പുതിയ ഇന്ത്യയാണ്. ഡിജിറ്റൽ യുദ്ധക്കളത്തിൽ അടിപതറാത്ത ഇന്ത്യ. ആയുധങ്ങൾക്കപ്പുറം സാങ്കേതികവിദ്യയിലും സ്വയംപര്യാപ്തത നേടിയ ഇന്ത്യ. സമാധാനം ആഗ്രഹിക്കുന്നവരാണ് നമ്മൾ, പക്ഷേ നമ്മുടെ ആകാശത്ത് അതിക്രമിച്ചു കയറുന്നവർക്ക് മറുപടി നൽകാൻ നമ്മൾ സജ്ജമാണ്. യുദ്ധത്തിന്റെ ഭാഷ മാറിയിരിക്കുന്നു, ഒപ്പം ഇന്ത്യയുടെ ഭാവവും. അൽഗോരിതങ്ങൾ കൊണ്ട് അതിർത്തി കാക്കുന്ന, ലേസർ കിരണങ്ങൾ കൊണ്ട് ശത്രുവിനെ തകർക്കുന്ന ഇന്ത്യയുടെ അദൃശ്യ കോട്ട താണ്ടാൻ ശത്രുക്കൾ ഇനി പാടുപെടും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here