ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഇന്ത്യയുമായി; എല്ലാ കരാറുകളുടെയും മാതാവെന്ന് യൂറോപ്യൻ യൂണിയൻ

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെയ്ക്കാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാർ ആഗോള സാമ്പത്തിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതുന്നു. ഇന്ത്യയുമായുള്ള ഈ ചരിത്ര കരാറിനെ “എല്ലാ കരാറുകളുടെയും മാതാവ്” എന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ഉർസുല വോൺ ഡെയർ ലെയൻ ഇതിനെ വിശേഷിപ്പിച്ചത്. ഏകദേശം 200 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ കരാർ ആഗോള ജിഡിപിയുടെ ഗണ്യമായ പങ്കിനെ നിയന്ത്രിക്കും. ജനുവരി 27-ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും 27 രാജ്യങ്ങളടങ്ങിയ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയും കൈകോർക്കുമ്പോൾ അത് വെറുമൊരു കച്ചവടത്തിനപ്പുറം ആഗോള രാഷ്ട്രീയ-സാമ്പത്തിക സമവാക്യങ്ങളെ മാറ്റിമറിക്കുന്ന വലിയ നീക്കമായി മാറും. ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി ഇത് മാറുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു വിഭാഗവും തമ്മിൽ സുപ്രധാനമായ ഈ ധാരണയിലെത്തുന്നത്.
Also Read : അമേരിക്കയെയും റഷ്യയെയും ഞെട്ടിച്ച് ഇന്ത്യ യൂറോപ്പ് സഖ്യം; ആഗോള രാഷ്ട്രീയത്തിലെ ആ വിസ്മയമിതാ
യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2023-24 കാലഘട്ടത്തിൽ മാത്രം ഇരുവിഭാഗവും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളർ കടന്നിരുന്നു. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇത് ഇരട്ടിയായി വർദ്ധിക്കും. ആഗോള ജിഡിപിയുടെ 16 ശതമാനത്തോളം കൈയാളുന്ന യൂറോപ്യൻ യൂണിയനും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയും തമ്മിലുള്ള ബന്ധം ആഗോള വിപണിയെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.
ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റയിൽ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, കാർഷിക വിഭവങ്ങൾ എന്നിവയ്ക്ക് യൂറോപ്പിൽ സീറോ ഡ്യൂട്ടി പ്രവേശനം ലഭിച്ചേക്കാം. യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യയിൽ സുരക്ഷിതമായി നിക്ഷേപം നടത്താൻ ഈ കരാർ ഉറപ്പുനൽകുന്നു. ഇത് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും കരുത്താകും. ഐടി മേഖലയിലെ സഹകരണം, ഡാറ്റ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ ഏകീകൃത സ്വഭാവം വരുന്നത് ഇന്ത്യൻ ഐടി കമ്പനികൾക്ക് യൂറോപ്പിൽ വലിയ അവസരങ്ങൾ തുറക്കും.
ഈ കരാർ ഒപ്പിടുന്നതിന് മുൻപ് ഇരുപക്ഷവും തമ്മിൽ സമവായത്തിലെത്തേണ്ട ചില കടുപ്പമേറിയ വിഷയങ്ങളുണ്ട്. യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കാർബൺ വികിരണത്തിന്റെ പേരിൽ ഏർപ്പെടുത്തുന്ന പ്രത്യേക നികുതി ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇത് ലഘൂകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ എളുപ്പത്തിൽ ജോലി ചെയ്യാനുള്ള സൗകര്യം ഇന്ത്യ പ്രധാന ആവശ്യമായി ഉന്നയിക്കാൻ സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here