‘ലോകസമാധാനത്തിന് ഇന്ത്യ യൂറോപ്യൻ യൂണിയൻ ബന്ധം നിർണായകം’; പ്രധാനമന്ത്രി

ലോകത്ത് സമാധാനവും സുരക്ഷിതത്വവും നിലനിർത്താൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒന്നിച്ചുനിൽക്കുന്നത് വലിയ കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്നിലെ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ എന്നിവയെക്കുറിച്ച് ഇരുപക്ഷവും വിശദമായ ചർച്ചകൾ നടത്തി. ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുക്രെയ്നിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിന് നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്ന് ഇരുപക്ഷവും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
‘മദർ ഓഫ് ഓൾ ഡീൽസ്’ (Mother of All Deals)എന്നാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ കരാറിലൂടെ ഏകദേശം 200 കോടി ജനങ്ങൾ ഉൾപ്പെടുന്ന വലിയ വ്യാപാര മേഖലയാണ് തുറക്കപ്പെടുന്നത്. ‘നമ്മളിത് സാധിച്ചെടുത്തു, രണ്ട് വൻശക്തികൾ ചേർന്ന് ഇരുവിഭാഗത്തിനും ഗുണകരമായ പങ്കാളിത്തമാണ് തിരഞ്ഞെടുത്തത്’ എന്നാണ് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ പ്രതികരിച്ചത്.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പിലാക്കണമെന്നും ‘ദ്വിരാഷ്ട്ര പരിഹാരം’ (Two-State solution) വഴി സമാധാനം കണ്ടെത്തണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ഇറാനിലെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ അവർ, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here