റഷ്യൻ എണ്ണയെച്ചൊല്ലി അമേരിക്കയുടെ വിമർശനം; വകവെക്കാതെ ഇന്ത്യയും യൂറോപ്പും; ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപനം ഉടൻ

ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാരക്കരാറി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവെച്ചു. ‘മദർ ഓഫ് ഓൾ ഡീൽസ്’ (Mother of All Deals) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ, ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നിനെ സ്വാധീനിക്കുന്നതാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഈ ധാരണയിലെത്തിയത്. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ നരേന്ദ്ര മോദിയും യൂറോപ്യൻ കമിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലിയണും വ്യാപാര കരാറിനെക്കുറിച്ചുള്ള സംയുക്‌ത പ്രസ്‌താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്ക് യൂറോപ്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കും. നിലവിൽ യൂറോപ്പിൽ 10 ശതമാനത്തോളം നികുതി നൽകേണ്ടിയിരുന്ന ഇന്ത്യൻ വസ്ത്രങ്ങൾക്ക് ഇനി തീരുവ ഭാരമില്ലാതെ വിപണിയിൽ പ്രവേശിക്കാം. യൂറോപ്പിൽ നിന്നുള്ള ഇറക്കുമതി കാറുകൾക്ക് ഇന്ത്യയിൽ വില കുറയും. നിലവിൽ 110 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി 40 ശതമാനത്തിലേക്കും പിന്നീട് 10 ശതമാനത്തിലേക്കും കുറയ്ക്കാൻ ധാരണയായിട്ടുണ്ട്.

Also Read : ഫോക്സ്‌വാഗണും ബിഎംഡബ്ല്യുവും പകുതി വിലയ്ക്ക്?; ഇന്ത്യയും യൂറോപ്പും കൈകോർക്കുമ്പോൾ

ഏകദേശം 200 കോടി ജനങ്ങൾ ഉൾപ്പെടുന്ന വിശാലമായ വിപണിയാണ് ഈ കരാറിലൂടെ തുറക്കപ്പെടുന്നത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ കരാറിനെതിരെ അമേരിക്ക കടുത്ത ഭാഷയിൽ വിമർശിച്ചു. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്ന സമയത്താണ് ഈ നീക്കം. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി അത് ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യയുടെ നടപടിയിലൂടെ റഷ്യൻ യുദ്ധത്തിന് യൂറോപ്യൻ രാജ്യങ്ങൾ പണം നൽകുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപിച്ചു.

അമേരിക്കയുടെ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും ട്രംപിന്റെ താരിഫ് ഭീഷണികളും നേരിടാൻ ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ കരാറിനുണ്ട്. റഷ്യയെയും ചൈനയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യ എനർജി വീക്ക് 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ കരാറിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top