ലോകം ഇന്ത്യയെ തനിച്ചാക്കിയപ്പോൾ കൈപിടിച്ച സുഹൃത്ത്; 1974-ൽ തളരാതെ കൂടെ നിന്ന ഫ്രാൻസ്

ലോകം ഇന്ന് ആയുധശക്തിയുടെയും സാങ്കേതികവിദ്യയുടെയും വലിയൊരു മത്സരക്കളമാണ്. ഈ ആഗോളരാഷ്ട്രീയ ചതുരംഗത്തിൽ ഇന്ത്യ നിർണ്ണായകമായ ചില നീക്കങ്ങൾ നടത്തുകയാണ്. നമ്മുടെ ആകാശവും സമുദ്രവും ഒരേപോലെ സംരക്ഷിക്കാൻ പോന്ന, ഇന്ത്യയെ ലോകത്തിലെ പ്രതിരോധ വൻശക്തികളുടെ പട്ടികയിൽ ഒന്നാമതെത്തിക്കാൻ പോകുന്ന വലിയൊരു നീക്കം. ഫ്രാൻസുമായി ചേർന്ന് ഇന്ത്യ ചരിത്രപരമായ ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ പോകുന്നു. എന്തുകൊണ്ടാണ് ഇത് ഇന്ത്യയ്ക്ക് ഇത്ര നിർണ്ണായകമാകുന്നത്? നമുക്ക് നോക്കാം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഫ്രാൻസ് എന്നത് വെറുമൊരു വ്യാപാര പങ്കാളി മാത്രമല്ല. പതിറ്റാണ്ടുകളായി നമ്മളോടൊപ്പം നിൽക്കുന്ന, വിശ്വസിക്കാവുന്ന ഒരു സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണ്. പലപ്പോഴും നിർണ്ണായക ഘട്ടങ്ങളിൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ മടിച്ചുനിന്നപ്പോൾ, ഫ്രാൻസ് ഇന്ത്യയ്ക്കൊപ്പം നിന്നു. ഓർമ്മയില്ലേ, റഫാൽ കരാർ? അത് വെറുമൊരു യുദ്ധവിമാന ഇടപാട് മാത്രമായിരുന്നില്ല, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമായിരുന്നു. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയപ്പോൾ ലോകരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഫ്രാൻസ് ഇന്ത്യയെ പൂർണ്ണമായി തള്ളിപ്പറഞ്ഞില്ല. വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. എന്നാൽ ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾ മനസ്സിലാക്കി ഉപരോധം ഏർപ്പെടുത്താൻ വിസമ്മതിച്ച പ്രധാനപ്പെട്ട പാശ്ചാത്യ രാജ്യം ഫ്രാൻസായിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കണമെന്ന് ഏറ്റവും ശക്തമായി വാദിക്കുന്ന രാജ്യവും ഫ്രാൻസാണ്.

പ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറ്റം ചെയ്യുന്നതിൽ ഫ്രാൻസ് എപ്പോഴും ഉദാരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റു പല രാജ്യങ്ങളും സാങ്കേതികവിദ്യ രഹസ്യമാക്കിവയ്ക്കുമ്പോൾ ഫ്രാൻസ് ഇന്ത്യയുമായി അറിവ് പങ്കിട്ടു. ഈ വിശ്വാസമാണ് ഇപ്പോഴത്തെ ഈ പുതിയ സഹകരണത്തിന്റെ അടിത്തറ. ഇത് വെറുമൊരു കച്ചവട ഉടമ്പടിയല്ല. സ്വന്തം പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പങ്കാളിത്തമാണിത്. ആത്മനിർഭർ ഭാരത് എന്ന് നാം പറയുമ്പോൾ, അത് കേവലം ഒരു മുദ്രാവാക്യമല്ല, അതൊരു ലക്ഷ്യമാണ് അതിന്റെ ഭാഗമായി സ്വന്തമായി പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കുക, ഉൽപ്പാദിപ്പിക്കുക, കയറ്റുമതി ചെയ്യുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണിത്.

Also Read : ട്രംപിനെ കാണാൻ മോദി പുറപ്പെടുന്നു… ആദ്യം ഫ്രാൻസിലേക്ക്; അടുത്ത ലക്ഷ്യം യുഎസ്

2026-നെ ഇന്ത്യയും ഫ്രാൻസും ‘ഇന്നൊവേഷൻ ഇയർ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്രിട്ടിക്കൽ മിനറൽസ് എന്നിവയിൽ വലിയ തോതിലുള്ള ഗവേഷണങ്ങൾ നടക്കാൻ പോകുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവൽ ബോണും ഇക്കഴിഞ്ഞ 13ന് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയിൽ നിർണ്ണായകമായ പല തീരുമാനങ്ങളും പ്രഖ്യാപിക്കപ്പെട്ടു.

നിർണ്ണായകമായ ഒരു നീക്കം, ജെറ്റ് എൻജിനുകളുടെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനുള്ള ഫ്രാൻസിന്റെ സന്നദ്ധതയാണ്. ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങളായ തേജസ് മാർക്ക്-2, എ.എം.സി.എ എന്നിവയ്ക്ക് കരുത്തുറ്റ എൻജിനുകൾ ആവശ്യമാണ്. ഈ എൻജിനുകൾ ഇന്ത്യയിൽ തന്നെ, 100% സാങ്കേതികവിദ്യ കൈമാറ്റത്തോടെ നിർമ്മിക്കാൻ ഫ്രഞ്ച് കമ്പനിയായ സഫ്രാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ, ആണവ അന്തർവാഹിനികൾ, അത്യാധുനിക മിസൈൽ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും ഫ്രാൻസ് ഇന്ത്യയുമായി കൈകോർക്കും. കൽവരി ക്ലാസ് അന്തർവാഹിനികളുടെ നിർമ്മാണം, ഐ.എൻ.എസ്. വിക്രാന്തിനായുള്ള റഫാൽ -എം യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം ഈ സഹകരണത്തിന്റെ ഭാഗമാണ്. ലോകം ഇന്ന് ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക ശക്തി, ഇന്തോ-പസഫിക് മേഖലയിലെ സംഘർഷങ്ങൾ ഈ സാഹചര്യങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

Also Read : ചൈന-അമേരിക്ക തർക്കം ഇന്ത്യക്ക് നേട്ടമാകും; അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാനാകുമെന്ന് പ്രതീക്ഷ

ആധുനിക യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും തലച്ചോറ് എന്ന് വിശേഷിപ്പിക്കാവുന്ന ‘ചിപ്പുകൾ’ അഥവാ സെമി കണ്ടക്ടറുകളുടെ നിർമ്മാണത്തിലും ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്ക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സാങ്കേതിക കുത്തകകൾക്കിടയിൽ ഇന്ത്യയ്ക്ക് സ്വന്തമായൊരു ‘ചിപ്പ് ഇക്കോസിസ്റ്റം’ ഉണ്ടാക്കാൻ ഈ സഖ്യം സഹായിക്കും. 1974-ൽ അമേരിക്കയും കാനഡയും ഇന്ത്യയുമായുള്ള ആണവ സഹകരണം നിർത്തിയപ്പോൾ, ഇന്ത്യയുടെ ‘രാജസ്ഥാൻ അറ്റോമിക് പവർ പ്ലാന്റിന്’ ആവശ്യമായ ഇന്ധനം നൽകാൻ തയ്യാറായത് ഫ്രാൻസായിരുന്നു എന്നത് ചരിത്രം. ഫ്രാൻസുമായുള്ള ഈ സഹകരണം ഇന്ത്യയ്ക്ക് ആഗോള പ്രതിരോധ മേഖലയിൽ വലിയ മേൽക്കൈ നൽകും. സംയുക്ത സൈനികാഭ്യാസങ്ങൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, നിർണ്ണായകമായ വിവരങ്ങൾ പങ്കുവെക്കൽ ഇതെല്ലാം ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയെ സഹായിക്കും. ഈ പങ്കാളിത്തം ഇന്ത്യയുടെ ആഗോള നയതന്ത്ര ബന്ധങ്ങൾക്കും വലിയ ഊർജ്ജം നൽകും.

ഇന്ത്യയുടെ യുവ തലമുറയിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഇത് പുതിയ വാതിലുകൾ തുറക്കും. വിദേശ സാങ്കേതികവിദ്യ പഠിച്ച്, അത് നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിച്ച്, ലോകത്തിന് മുന്നിൽ നമ്മുടെ സ്വന്തം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഇത് പ്രചോദനമാകും. വെല്ലുവിളികളില്ലാത്ത ഒരു യാത്രയുമില്ല. സാങ്കേതികവിദ്യ കൈമാറ്റത്തിലെ നിയമപരമായ തടസ്സങ്ങൾ, നിർമ്മാണത്തിലെ കാലതാമസം, സാമ്പത്തികമായ കാര്യങ്ങൾ ഇതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ, ഇന്ത്യയുടെ ദൃഢനിശ്ചയവും ഫ്രാൻസിന്റെ സഹകരണ മനോഭാവവും ഉണ്ടെങ്കിൽ, ഈ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാൻ കഴിയും. സ്വന്തമായി യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ അതും ലോകോത്തര നിലവാരത്തിൽ നിർമ്മിക്കുന്ന ഒരു ഇന്ത്യയെ നമ്മുക്ക് സ്വപ്നം കാണാം. ഫ്രാൻസുമായുള്ള ഈ പങ്കാളിത്തം ആ സ്വപ്നത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top