ഇന്ത്യൻ ജെൻ സി എവിടെ? തെരുവിലെ സമരം ഉപേക്ഷിച്ച് അവർ സോഷ്യൽ മീഡിയയിലേക്ക് മാറിയതെന്തുകൊണ്ട്?

എഴുപതുകളിലെ ഇന്ദിരാ ഗാന്ധി വിരുദ്ധ പ്രക്ഷോഭങ്ങൾ മുതൽ സമീപകാല അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ വരെയുള്ളവ ലോകശ്രദ്ധ നേടിയ ഇന്ത്യൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ്. എന്നിരുന്നാലും, നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചതുപോലെ വിശാലമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇന്ത്യയിലുണ്ടാകാൻ ഇടയിലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും ജെൻ സി തലമുറ സർക്കാരുകളെ ചോദ്യം ചെയ്തും, തെരുവിലിറങ്ങിയും തങ്ങളുടെ ശബ്ദം ഉയർത്തുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ ജെൻ സി എവിടെയാണ്? അവർ എന്തുകൊണ്ടാണ് പൊതുവെ തെരുവിലിറങ്ങാൻ മടിക്കുന്നത്? നമുക്ക് നോക്കാം!
Also Read : നേപ്പാളിലെ പുതിയ പ്രധാനമന്ത്രിക്ക് പിന്നിൽ മോദി; ‘ജെൻ സി’കളുടെ ഇഷ്ടപ്രകാരം ഭരണം
മറ്റ് രാജ്യങ്ങളിലെ യുവജനങ്ങളെ അപേക്ഷിച്ച്, ഇന്ത്യൻ ജെൻ സികളിൽ വലിയൊരു വിഭാഗം സാമ്പത്തിക സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യയിലെ യുവതലമുറയ്ക്ക് മുകളിലേക്ക് കുടുംബത്തിന്റെ ഭാരം വന്നു വീഴുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസം, വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഉയർന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവ കാരണം വലയുകയാണ് അവർ. പൊതു വിഷയങ്ങളിൽ ഇടപെട്ട് പ്രതിഷേധങ്ങൾ നടത്തുക എന്നതിലുപരി ഒരു നല്ല ജോലി നേടാനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമാണ് അവർക്ക് മുൻഗണന.

മാത്രമല്ല ഇന്ത്യയിലെ ജെൻ സികൾ ഒരു ഒറ്റ വിഭാഗമല്ല. അവർ പ്രാദേശികമായും ഭാഷാപരമായും ജാതിപരമായും വിഭജിക്കപ്പെട്ടവരാണ്. അവരെ ഒന്നിപ്പിക്കുന്ന ഒരു ശക്തിയില്ല. തൊഴിലില്ലായ്മ, അഴിമതി, അസമത്വം എന്നിവയിൽ അവർക്ക് അമർഷം ഉണ്ടെങ്കിലും, ആ വികാരം പലപ്പോഴും പ്രാദേശിക വിഷയങ്ങളെ ചുറ്റിപ്പറ്റി ഒതുങ്ങുന്നു. അതായത്, നഗരത്തിലെ യുവജനങ്ങൾ ജോലിയും അടിസ്ഥാന സൗകര്യങ്ങളും തേടുമ്പോൾ, ദളിത് യുവാക്കൾ ജാതി വിവേചനത്തിനെതിരെയും സാമൂഹിക നീതിക്കായും ശബ്ദമുയർത്തുന്നു. തമിഴ് യുവാക്കൾ ജല്ലിക്കെട്ട് പോലെയുള്ള സാംസ്കാരിക വിഷയങ്ങളിൽ തെരുവിലിറങ്ങാൻ മടിക്കുന്നില്ല. എന്നാൽ അവിടെയും ഓരോ വിഭാഗത്തിൻ്റെയും ആവശ്യങ്ങളും പ്രശ്നങ്ങളും വ്യത്യസ്തമായതിനാൽ അവർ ഒറ്റക്കെട്ടായി ഒരു ദേശീയ സമരത്തിലേക്ക് വരാൻ സാധ്യത കുറവാണ്.

മറ്റൊരു വലിയ തടസ്സം രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെടുമെന്ന ഭയമാണ്. വിയോജിപ്പുകളെ അടിച്ചമർത്താൻ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഈ ലേബൽ ഉപയോഗിക്കുന്നത് യുവജനങ്ങളെ പരസ്യ പ്രതിഷേധങ്ങളിൽ നിന്നും അകറ്റുന്നു. ഒരുകാലത്ത് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രങ്ങളായിരുന്ന സർവ്വകലാശാലകൾ പോലും ഇപ്പോൾ പ്രതിഷേധങ്ങൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുകയാണ്. ഇത് ജെൻ സികളുടെ ആവേശം കെടുത്തുന്നുണ്ട്.
2010ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ തുടക്കമിട്ട അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളും 2012ൽ ഡൽഹി കൂട്ടബലാത്സംഗത്തിനെതിരേ ഉയർന്ന പ്രതിഷേധങ്ങളും ഇപ്പോഴത്തെ ജിൻ സി തലമുറ കണ്ടറിഞ്ഞതാണ്. പിന്നീട് 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും പ്രധാനമായും വിദ്യാർത്ഥികളായിരുന്നു.
പക്ഷെ ആ പ്രതിഷേധങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങൾ അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് വഴിമാറി. 2019ലെ ഡൽഹി കലാപത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരൻ എന്നാരോപിച്ച് അറസ്റ്റിലായ, ജെഎൻയു ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് യൂണിയൻ ജേതാവ് ഉമർ ഖാലിദ് ഇപ്പോഴും ജയിലിലാണ്. ഈ കേസുകളിൽ ചുമത്തപ്പെട്ട യുഎപിഎ പോലുള്ള ഗുരുതരമായ വകുപ്പുകൾ വിദ്യാർത്ഥികളെ സമരമുഖത്ത് നിന്നും പിന്നോട്ട് വലിച്ചു.

ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ ഇന്ത്യൻ യുവാക്കൾക്ക് പൊതുവെ രാഷ്ട്രീയത്തോടുള്ള താൽപ്പര്യം കുറഞ്ഞുവരികയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2024ലെ തിരഞ്ഞെടുപ്പിൽ 18 വയസ്സുള്ളവരിൽ 38% പേർ മാത്രമാണ് വോട്ടർമാരായി രജിസ്റ്റർ ചെയ്തത്.
ഇതിനർത്ഥം ഇന്ത്യൻ ജെൻ സികൾ അരാഷ്ട്രീയവാദികളാണ് എന്നല്ല. അവർ സ്വന്തം രാഷ്ട്രീയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകടിപ്പിക്കുന്നും പ്രചരിപ്പിക്കുന്നും ഉണ്ട്. ഹാഷ്ടാഗ് ക്യാമ്പയിനുകൾ, ഓൺലൈൻ പെറ്റീഷനുകൾ എന്നിവയിലൂടെ അവർ സാമൂഹിക പ്രശ്ങ്ങളിൽ ഇടപെടുന്നു. നേരിട്ടുള്ള പ്രതിഷേധത്തേക്കാൾ, ഡിജിറ്റൽ ആക്ടിവിസമാണ് അവരുടെ വഴി. അവർക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടെങ്കിലും, അത് തെരുവിലേക്ക് എത്തുന്നില്ല.
എന്തായാലും ഇതാണ് പുതിയ കാലം! സമരങ്ങൾ ഇപ്പോൾ സമയത്തിനും, സേഫ്റ്റിക്കും പ്രാധാന്യം നൽകുന്നു. ഒരു ദിവസം തെരുവിൽ നിന്ന് ലാത്തിച്ചാർജ് വാങ്ങി ആരോഗ്യം കളയുന്നതിലും ഇഫക്ടീവ് ആകുക, ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരു ട്രെൻഡിംഗ് ഹാഷ്ടാഗ് എത്തിച്ച് വിഷയത്തിന് പ്രചാരം നൽകുന്നതാണ് എന്നവർ പഠിച്ച് കഴിഞ്ഞു. അവർ വെറും ‘കീബോർഡ് വാരിയേഴ്സ്’ മാത്രമാണോ? അതോ തെരുവിലെ ശബ്ദത്തേക്കാൾ ശക്തമായ ഡിജിറ്റൽ ജനാധിപത്യത്തിൻ്റെ പുതിയ രൂപത്തിലേക്ക് ഇന്ത്യ മാറുകയാണോ? കാത്തിരുന്നു കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here