സ്വന്തമായി യാത്രാവിമാനം നിർമ്മിക്കാൻ ഇന്ത്യ; ബോയിംഗും എയർബസും വിറയ്ക്കും

ആകാശം ഇനി നമുക്ക് വെറുമൊരു അതിരല്ല, അത് നമ്മുടെ പുതിയ തട്ടകമാണ്. പതിറ്റാണ്ടുകളായി വിദേശ വിമാന കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരുന്ന മേഖലയിലേക്ക് ഇന്ത്യ കടക്കുകയാണ്. ബോയിംഗും എയർബസും എടിആറും പോലുള്ള വമ്പൻ വിമാന കമ്പനികളാണ് നമ്മുടെ ആകാശം ഭരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ പോവുകയാണ്.

സ്വന്തമായി ഒരു കാർ നിർമ്മിക്കുന്നതു പോലെയല്ല ഒരു യാത്രാവിമാനം നിർമ്മിക്കുന്നത്. അത് വളരെ സങ്കീർണ്ണമായ ഒരു പ്രോസസാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം അവകാശപ്പെടാനാവുന്ന ആ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യ കടക്കാൻ പോകുന്നു. റീജിയണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് – 90 (Regional Transport Aircraft – 90) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി 12,511 കോടി രൂപയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

Also Read : വിമാനത്തിനുള്ളിൽ ഇനി ചാർജിംഗ് വേണ്ട; പവർ ബാങ്കുകൾ വില്ലനാകുന്നു! പുതിയ വ്യോമയാന നിയമങ്ങൾ അറിയാം

എന്താണ് ഈ ആർടിഎ- 90 നമുക്ക് നോക്കാം. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണിത്. ഈ പണം ഉപയോഗിക്കുന്നത് വിദേശത്ത് നിന്ന് സാങ്കേതികവിദ്യ വാങ്ങാനല്ല. വിമാനത്തിന്റെ ഡിസൈൻ, വികസനം, പ്രോട്ടോടൈപ്പ് നിർമ്മാണം, പരീക്ഷണ പറക്കലുകൾ എന്നിവ ഇന്ത്യയിൽ തന്നെ നടത്താനാണ് തീരുമാനം. കേന്ദ്ര സർക്കാർ ഇതിനായി ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (Special Purpose Vehicle) അഥവാ എസ്പിവി (SPV) രൂപീകരിക്കുകയാണ്. ഒരു വലിയ ലക്ഷ്യം വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ സർക്കാർ രൂപീകരിക്കുന്ന ഒരു പ്രത്യേക സ്വതന്ത്ര കമ്പനിയാണ് എസ്പിവി. ലളിതമായി പറഞ്ഞാൽ, നമ്മുടെ പ്രമുഖ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസും സ്വകാര്യ മേഖലയിലെ വമ്പന്മാരും കൈകോർക്കുന്ന ഒരു സംയുക്ത സംരംഭം.

ഈ വൻ തയ്യാറെടുപ്പുകളോടെ നമ്മൾ നിർമ്മിക്കാൻ പോകുന്നത് ഒരു 90-സീറ്റർ വിമാനമാണ്. സാധാരണ കാണുന്ന ചെറിയ വിമാനങ്ങളല്ല, മറിച്ച് അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ, ഇന്ധനക്ഷമതയേറിയ, ലോകനിലവാരത്തിലുള്ള ഒരു ഇന്ത്യൻ വിമാനം. നിലവിൽ വിദേശ വിമാനങ്ങൾ വാങ്ങാനും പാട്ടത്തിനെടുക്കാനും ഇന്ത്യ കോടിക്കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. സ്വന്തം വിമാനം വരുന്നതോടെ ഈ പണം രാജ്യത്ത് തന്നെ നിൽക്കും.

Also Read : തോക്കിൻമുനയിൽ തകർന്ന ഈസ്റ്റ് വെസ്റ്റ് മുതൽ അൽഹിന്ദ് വരെ; വ്യോമയാന ചരിത്രത്തിലെ മലയാളിഗാഥ

നമ്മുടെ ആഭ്യന്തര റൂട്ടുകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാകും ഈ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഇന്ത്യയിൽ വലിയ നഗരങ്ങളെ ബന്ധിപ്പിക്കാൻ എയർബസ്, ബോയിംഗ് വിമാനങ്ങൾ ധാരാളമുണ്ട്. എന്നാൽ കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കോ, സേലത്ത് നിന്ന് ചെന്നൈയിലേക്കോ ഉള്ള ചെറിയ റൂട്ടുകളിൽ ഈ വിമാനങ്ങൾ ലാഭകരമല്ല. അവിടെയാണ് നമുക്ക് റീജിയണൽ വിമാനങ്ങൾ വേണ്ടിവരുന്നത്. നിലവിൽ ഈ റൂട്ടുകളിൽ പറക്കുന്ന ഭൂരിഭാഗം വിമാനങ്ങളും വിദേശത്ത് നിന്ന് വലിയ തുകയ്ക്ക് ലീസിനെടുത്തവയാണ്. ഇത് ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. പ്രാദേശികമായി നിർമ്മിക്കുന്ന വിമാനങ്ങൾ പറന്നു തുടങ്ങുന്നതോടെ സാധാരണക്കാർക്കും വിമാന യാത്ര സാധ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും.

കൂടാതെ ഒരു വിമാന നിർമ്മാണ ശാല എന്നത് ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങൾക്ക് ജീവൻ നൽകുന്ന ഒന്നാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. ഇത് വെറുമൊരു സ്വപ്നമല്ല, പണിപ്പുരയിലുള്ള യാഥാർത്ഥ്യമാണ്. ‘സരസ്’ (SARAS) വിമാനം നിർമ്മിച്ച് നമ്മൾ കരുത്ത് തെളിയിച്ചതാണ്. കുറഞ്ഞ ചിലവിൽ വിമാനം നിർമ്മിക്കുകയല്ല എല്ലാതരം സാങ്കേതിക മികവുകളോടും ഉള്ള വിമാനങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ രാജ്യം. പഴയ വിമാനങ്ങളിൽ പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കേബിളുകളും ഹൈഡ്രോളിക് സംവിധാനങ്ങളും ഉപയോഗിച്ചാണ്. അതിന് വലിയ അധ്വാനം ആവശ്യമാണ്. എന്നാൽ ഫ്ലൈ ബൈ വയർ (Fly-by-wire) സിസ്റ്റമാകും ഇന്ത്യ പുറത്തിറക്കാൻ പോകുന്ന പുത്തൻ വിമാനത്തിലുണ്ടാവുക. വിമാനം പൂർണ്ണമായും ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്ക് പോലെ മാറും. പൈലറ്റ് നൽകുന്ന നിർദ്ദേശങ്ങൾ ഇലക്ട്രോണിക് സിഗ്നലുകളായി മാറുകയും കമ്പ്യൂട്ടർ അത് അപഗ്രഥിച്ച് വിമാനത്തെ നിയന്ത്രിക്കുകയും ചെയ്യും. പഴയ സിനിമകളിൽ കാണുന്നതുപോലെ നൂറുകണക്കിന് സ്വിച്ചുകളും സൂചികളുള്ള മീറ്ററുകളും ഇനി കാണില്ല. പകരം വലിയ എൽ.ഇ.ഡി സ്ക്രീനുകളായിരിക്കും പൈലറ്റിന് മുന്നിൽ ഉണ്ടാവുക.

Also Read : വിസ്താര ഒരാഴ്ചക്കിടെ റദ്ദാക്കിയത് നൂറിലധികം സര്‍വീസുകള്‍; റിപ്പോര്‍ട്ട്‌ തേടി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും; പൈലറ്റുമാരുടെ അഭാവമെന്ന് വിശദീകരണം

പക്ഷേ, വെല്ലുവിളികൾ ചെറുതല്ല. വിമാന നിർമ്മാണത്തിലെ കടുത്ത അന്താരാഷ്ട്ര നിയമങ്ങൾ, എൻജിൻ സാങ്കേതിക വിദ്യയിലെ സ്വയംപര്യാപ്തത എന്നിവ നാം മറികടക്കേണ്ടതുണ്ട്. അതിനായി ഒരു അന്താരാഷ്ട്ര പാർട്ണറെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ മിടുക്കും ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഒന്നിക്കുമ്പോൾ പിറക്കുന്നത് ലോകം മുഴുവൻ കീഴടക്കാൻ ശേഷിയുള്ള ഒരു ഇന്ത്യൻ വിമാനമായിരിക്കും. ലോകത്തെ ഏറ്റവും മികച്ചവരിൽ നിന്ന് പഠിച്ച്, അവരേക്കാൾ മികച്ചത് നിർമ്മിക്കാനാണ് നാം ഒരുങ്ങുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യൻ ആകാശത്ത് പറന്നുയരുന്ന പത്തിൽ ഒന്ന് വിമാനമെങ്കിലും മേക്ക് ഇൻ ഇന്ത്യ ആയിരിക്കണം എന്നതാണ് ലക്ഷ്യം. പ്രതിരോധ മേഖലയിൽ ‘തേജസ്’ യുദ്ധവിമാനം പറത്തിയ ആത്മവിശ്വാസവുമായി നാം സിവിലിയൻ മേഖലയിലേക്കും ചുവടുവെക്കുന്നു. ഇതൊരു ഗതാഗത കുതിപ്പ് മാത്രമല്ല, ഇന്ത്യ ഒരു ഗ്ലോബൽ മാനുഫാക്ചറിങ് ഹബ്ബ് ആയി മാറുന്നതിന്റെ അടയാളമാണ്. വിമാനങ്ങൾക്കായി ലോകം ഇനി ഇന്ത്യയിലേക്ക് നോക്കുന്ന കാലം വിദൂരമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top