ചൈനയുടെ ഉറക്കംകെടുത്തി K-4; അബ്ദുൽ കലാമിനോടുള്ള ആദരം

കരയിൽ നമ്മൾ കരുത്തരാണ്, ആകാശത്ത് നമ്മൾ അജയ്യരാണ്. ഇപ്പോൾ കളി നടക്കുന്നത് ആഴക്കടലിലാണ്. ശത്രുവിന്റെ റഡാറുകൾക്ക് പോലും പിടികൊടുക്കാതെ, സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ചിരുന്ന് ശത്രുവിന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്ന ഇന്ത്യയുടെ ഏറ്റവും പുതിയ ആയുധം K-4 മിസൈൽ. ഇത് വെറുമൊരു പരീക്ഷണമല്ല, ഇത് ചൈനയ്ക്കുള്ള ഇന്ത്യയുടെ ശക്തമായ താക്കീതാണ്. ബംഗാൾ ഉൾക്കടലിൽ നിന്ന് കുതിച്ചുയരുന്ന ഈ മിസൈലിനെ എന്തിനാണ് ചൈന ഭയക്കുന്നത് ? നമുക്ക് നോക്കാം!
മിസൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും സങ്കീർണ്ണവും എന്നാൽ അതിശക്തവുമായ ഒന്നാണ് ‘കോൾഡ് ലോഞ്ച്’ (Cold Launch) സിസ്റ്റം. K-4 എന്ന അന്തർവാഹിനി മിസൈലിൽ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. സാധാരണ മിസൈലുകൾ വിക്ഷേപിക്കുമ്പോൾ അതിന്റെ എൻജിൻ ലോഞ്ചറിനുള്ളിൽ വെച്ച് തന്നെ കത്തുകയും വലിയ തോതിൽ തീയും പുകയും പുറന്തള്ളുകയും ചെയ്യും . എന്നാൽ കോൾഡ് ലോഞ്ചിൽ മിസൈലിന്റെ എൻജിൻ വിക്ഷേപണ സമയത്ത് പ്രവർത്തിക്കില്ല. മിസൈലിനെ ലോഞ്ചറിൽ നിന്ന് പുറത്തേക്ക് തള്ളാൻ വായുസമ്മർദ്ദമോ ഗ്യാസ് ജനറേറ്ററോ ആണ് ഉപയോഗിക്കുന്നത്. മിസൈൽ അന്തർവാഹിനിയിൽ നിന്ന് പുറപ്പെട്ട്, ജലോപരിതലത്തിന് നിശ്ചിത ഉയരത്തിൽ എത്തിയ ശേഷം മാത്രമേ അതിന്റെ സ്വന്തം റോക്കറ്റ് മോട്ടോർ ജ്വലിക്കുകയുള്ളൂ.
Also Read : ചൈന കിതയ്ക്കുന്നു ഇന്ത്യ കുതിക്കുന്നു; അമേരിക്കയെയും കടത്തിവെട്ടി ന്യൂസിലാൻഡുമായി കരാർ
മറ്റൊരു അഭിമാനകരമായ കാര്യം, K-4 മിസൈൽ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്നതാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒയാണ് ഈ അത്യാധുനിക മിസൈൽ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ സ്വന്തം അരിഹന്ത് ക്ലാസ് അന്തർവാഹിനികൾക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഈ മിസൈൽ, പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തതയുടെ ഉത്തമ ഉദാഹരണമാണ്. ഈ മിസൈലിന് K-4 എന്ന പേര് നൽകിയതിന് പിന്നിൽ ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്ന ഒരു കാരണമുണ്ട്. ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യയുടെ പിതാവ്, നമ്മുടെ പ്രിയപ്പെട്ട മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായാണ് ഈ പരമ്പരയ്ക്ക് K എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
ഭാരതത്തെ ലോകത്തിന് മുൻപിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ അദ്ദേഹത്തിന്റെ സ്വപ്നങ്ങളാണ് ഇന്ന് ആഴക്കടലിന്റെ അടിത്തട്ടിൽ ഇന്ത്യയുടെ കാവലാളായി മാറിയിരിക്കുന്നത്. പൃഥ്വിയും അഗ്നിയും പോലെ തന്നെ, കലാമിന്റെ ആത്മവീര്യം തുടിക്കുന്ന K-സീരീസ് മിസൈലുകൾ ഇന്ന് ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന വജ്രായുധങ്ങളാണ്. ഇന്ത്യയെ ഒരു സ്വയംപര്യാപ്തമായ ആണവശക്തിയാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിന്റെ പൂർത്തീകരണമാണ് ഇന്ന് നമ്മൾ കാണുന്ന ഈ തദ്ദേശീയ മിസൈലുകൾ.

2025 ഡിസംബർ 23 ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലായിരിക്കുമ്പോൾ, ബംഗാൾ ഉൾക്കടലിന്റെ അടിത്തട്ടിൽ നിന്ന് ഒരു ഭീമൻ കുതിച്ചുയർന്നു. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ INS അരിഘാട്ടിൽ നിന്നായിരുന്നു ആ വിക്ഷേപണം. K-4 മിസൈൽ. ഇതിന്റെ പ്രത്യേകതകൾ കേട്ടാൽ ഏതൊരു ശത്രുവും ഒന്ന് ഭയക്കും. 3,500 കിലോമീറ്റർ ദൂരപരിധി. അതായത്, ചൈനയുടെ ഏത് നഗരത്തെയും ലക്ഷ്യം വെക്കാൻ ഇതിന് സാധിക്കും. ഒന്നര ടണ്ണിലധികം ഭാരമുള്ള ന്യൂക്ലിയർ മെറ്റിരിയലുകൾ വഹിക്കാനുള്ള ശേഷി ഇതിലൊക്കെ ഉപരി, ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് സാങ്കേതികവിദ്യ. ഇതൊക്കെ തന്നെയാണ് ചൈനയെ ഭയപ്പെടുത്തുന്നത്. മുൻപ് ഉണ്ടായിരുന്ന K-15 മിസൈലിന്റെ പരിധി വെറും 750 കി.മീ മാത്രമായിരുന്നു. അത് പാകിസ്ഥാനെ ലക്ഷ്യം വെക്കാൻ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ. K-4 വന്നതോടെയാണ് ചൈന ഭയക്കുന്ന രീതിയിലേക്ക് ഇന്ത്യയുടെ കടലിലെ പ്രഹരശേഷി വളർന്നത്.
അത് കൊണ്ട് തന്നെയാണ് പ്രതിരോധ വിദഗ്ധർ ഈ മിസൈലിനെ ചൈന സ്‌പെഷ്യൽ’ എന്ന് വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനീസ് അന്തർവാഹിനികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ അനാവശ്യമായി ചുറ്റിക്കറങ്ങുന്നുണ്ട്. ശ്രീലങ്കയിലും മ്യാൻമറിലും അവർ താവളങ്ങൾ ഒരുക്കുന്നു. അതിനിടയിൽ ഇന്ത്യയുടെ തന്ത്രപരമായ നീക്കമാണ് K-4. പാകിസ്ഥാനെ നേരിടാൻ നമുക്ക് പൃഥ്വിയും അഗ്നിയും ധാരാളമാണ്. എന്നാൽ ചൈനയുടെ ഉള്ളിലേക്ക് ചെന്ന് പ്രഹരിക്കണമെങ്കിൽ കടലിലെ കരുത്ത് അത്യാവശ്യമാണ്. ചൈനയുടെ വിമാനവാഹിനി കപ്പലുകളെ പോലും നിഷ്പ്രഭമാക്കാൻ ശേഷിയുള്ള ഒരു സൈലന്റ് കില്ലർ തന്നെയാണ് K-4. ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ വായുവിൽ വെച്ച് സഞ്ചാരപഥം മാറ്റാനുള്ള ശേഷിയുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ.
Also Read : ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’; അരിഘട്ട് ചൈനക്കുള്ള താക്കീതോ? രണ്ട് ആണവ അന്തർവാഹിനികൾ പണിപ്പുരയില്‍
മ്യാൻമറിലെ കോക്കോ ദ്വീപുകളിൽ ചൈന റഡാറുകൾ സ്ഥാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ സബ്മറൈൻ ബേസുകളിൽ ചൈനയുടെ സ്വാധീനം കൂടുന്നു. നമ്മുടെ തൊട്ടടുത്ത് ചൈന ചക്രവ്യൂഹം തീർക്കുമ്പോൾ, ആ ചക്രവ്യൂഹം തകർക്കാനുള്ള ഇന്ത്യയുടെ വജ്രായുധം കൂടിയാണ് K-4. ലോകം മാറുകയാണ്. സമാധാനം ആഗ്രഹിക്കുമ്പോഴും യുദ്ധത്തിന് തയ്യാറെടുത്തു നിൽക്കുക എന്നതാണ് യഥാർത്ഥ പ്രതിരോധം. K-4 മിസൈൽ ഒരു ആയുധം മാത്രമല്ല, അത് ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസമാണ്. കരയിൽ നിന്ന് വിക്ഷേപിക്കുന്ന അഗ്നി മിസൈലുകൾ, ആകാശത്ത് നിന്ന് വിക്ഷേപിക്കാൻ ശേഷിയുള്ള റാഫേൽ വിമാനങ്ങൾ എന്നിവയ്ക്കൊപ്പം കടലിൽ നിന്നും ശത്രുതാവളം ലക്ഷ്യമാക്കി പറന്നുയരാൻ കെൽപ്പുള്ള K-4 കൂടി ചേരുമ്പോൾ ഇന്ത്യയുടെ പ്രതിരോധ കവചം പൂർണ്ണമാകുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here