ആവനാഴിയിൽ പുത്തൻ പടക്കോപ്പുകൾ നിറച്ച് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പേറും

ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കൊടുങ്കാറ്റ് വീശിയടിക്കാൻ പോവുകയാണ്. ലോക സൈനിക ഭൂപടം മാറ്റിവരയ്ക്കാൻ പോകുന്ന തന്ത്രപരമായ വിപ്ലവമാണ് ഇന്ത്യൻ സേന വിഭഗങ്ങൾക്കിടയിൽ നടന്നു കൊണ്ടിരിക്കുന്നത്. 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-6 (Agni-6 Missile) എന്ന അത്യാധുനിക മിസൈൽ, ശത്രുവിൻ്റെ റഡാറുകളെ കബളിപ്പിക്കാൻ കെൽപ്പുള്ള ഇലക്ട്രോണിക് ഗ്രൗളർ ജെറ്റ് (Growler jet) ആളില്ലാത്ത യുദ്ധത്തിൻ്റെ ഭാവി നിർവചിക്കാൻ പോന്ന കാറ്റ്സ് വാരിയർ ഡ്രോണുകൾ (CATS Warrior Drone). ഈ ആധുനിക ആയുധങ്ങൾ നമ്മുടെ സൈന്യത്തിന് നൽകാൻ പോകുന്ന ശക്തി എന്തായിരിക്കും? നമുക്ക് നോക്കാം.

ഇന്ത്യൻ സൈനിക ശക്തി അടുത്ത അധ്യായം തുറക്കുകയാണ്. വരാനിരിക്കുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മൾ ലോകത്തെ ഞെട്ടിക്കാൻ പോവുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതിരോധ മേഖലയിലെ ഗെയിംചെയ്ഞ്ചർ പദ്ധതിയായ അഗ്നി-6 മിസൈൽ തന്നെയാണ്. അഗ്നി-6 എന്നത് ഒരു സാധാരണ മിസൈലല്ല, 10,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള, അതായത് ഭൂഖണ്ഡങ്ങൾ താണ്ടാൻ പോലും കഴിവുള്ള ഭൂഖണ്ഡാന്തര മിസൈൽ ആണത്. ഒരേസമയം പല ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഒന്നിലധികം വാർഹെഡുകൾ അടങ്ങിയ ഇന്ത്യയുടെ മൂർച്ചയേറിയ കുന്തമുന. നമ്മുടെ ഏറ്റവും ശക്തമായ പ്രതിരോധ കവചം. ഇന്ത്യ ഇനി ലോകത്തെ ഏതൊരു ശക്തിക്കും ഒരു വെല്ലുവിളിയാണ്, അതിൽ തർക്കമില്ല.

ചൈനയുടെയും പാകിസ്ഥാൻ്റെയും റഡാർ സംവിധാനങ്ങളെ കബളിപ്പിക്കാനായി ഇന്ത്യ സ്വന്തമായി ഇലക്ട്രോണിക് യുദ്ധവിമാനം നിർമ്മിക്കുന്നു, സു-30 ഗ്രൗളർ (Su-30 Growler). നമ്മുടെ നിലവിലെ സു-30, തേജസ് എം2 വിമാനങ്ങളിൽ അത്യാധുനികമായ മോഡുലാർ EW പോഡുകൾ സംയോജിപ്പിച്ച് ഉണ്ടാക്കുന്ന ഫൈറ്റർ ജെറ്റാണ് ഗ്രൗളർ. ശത്രു രാജ്യത്തിൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

ഗ്രൗളർ, ഉയർന്ന പവർ ഉള്ള റേഡിയോ സിഗ്നലുകൾ പുറത്തുവിട്ട് ശത്രുവിൻ്റെ റഡാറുകൾക്ക് ശരിയായ സിഗ്നൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഒരു വിമാനം എവിടെയാണെന്ന് റഡാറിന് കൃത്യമായി കണ്ടെത്താൻ കഴിയാതെ വരുന്നു. സു-30 ഗ്രൗളർ ഇന്ത്യയുടെ മറ്റ് യുദ്ധ വിമാനങ്ങൾക്ക് പടച്ചട്ടയാകുന്നു. എന്തിന്, നമ്മുടെ ബ്രഹ്മോസ് മിസൈലുകൾക്ക് പോലും ഇത് ഒരു രക്ഷാകവചമാകും. സൈബർ യുദ്ധത്തിൻ്റെ ഈ കാലത്ത്, ഇന്ത്യയുടെ വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാക്കുന്ന നീക്കമാണിത്.

ആധുനിക യുദ്ധഭൂമിയിൽ ഇന്ത്യ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ആളില്ലാത്ത യുദ്ധം മുന്നിൽ കണ്ടുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമാണ് 2,500 കിലോമീറ്റർ ദൂരപരിധിയും 1,200 കിലോ ഭാരമുള്ള കാറ്റ്സ് വാരിയർ എന്ന ഡ്രോൺ. 2028ൽ ആദ്യ പറക്കൽ നടത്താനുള്ള ഒരുക്കങ്ങളിലാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യൻ സേനയുടെ ആവനാഴിയിലെ ആയുധങ്ങൾ ഇനിയുമനേകം. അവയിൽ ഭൂരിഭാഗവും മെയ്ഡ് ഇൻ ഇന്ത്യ.

സാധാരണ ക്രൂയിസ് മിസൈലുകളുടെ ഭീമമായ വില ഉയർത്തുന്ന വെല്ലുവിളികളെ മറികടന്ന് കൊണ്ട് വെറും 5 കോടി രൂപയിൽ താഴെ ചെലവിൽ 300 കി.മീ റേഞ്ചുള്ള എയർ ലോഞ്ച്ഡ് റോക്കറ്റാണ് പിനാക മാർക്ക് 4 (Pinaka Mk-4). കുറഞ്ഞ ചെലവിൽ ശത്രുതാവളങ്ങളിൽ പ്രഹരങ്ങളുടെ പ്രളയം സൃഷ്ടിക്കാൻ ഇന്ത്യൻ സേനയുടെ പണിപ്പുരയിൽ തയ്യാറാകുന്ന മാരകായുധം.

കൂടാതെ ലഡാക്ക് മുതൽ രാജസ്ഥാൻ വരെ അതിർത്തിയിൽ ഇപ്പോൾ 3D പ്രിൻ്റഡ് ബങ്കറുകളാണ് (3D Printed Bangar). ത്രിഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക കോൺക്രീറ്റ് മിശ്രിതം പാളികളായി നിക്ഷേപിച്ച്, വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിക്കുന്ന, ബാലിസ്റ്റിക് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സൈനിക താവളങ്ങളാണ് 3D പ്രിൻ്റഡ് ബങ്കറുകൾ. ആധുനികതയുടെ വഴിയെ ഇന്ത്യ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്.

ഇറ്റലിയുടെ ബ്ലാക്ക് ഷാർക്ക് ഹെവിവെയ്റ്റ് ടോർപ്പിഡോകൾ (Black Shark Heavyweight Torpedo) ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഇത് നമ്മുടെ നാവികസേനക്ക് വലിയ ഊർജ്ജമാകും. അങ്ങനെ 2025 ഇന്ത്യൻ സേനയിലെ പരിഷ്‌കരണങ്ങളുടെ വർഷമായി മാറുകയാണ്. ഈ വാർത്തകൾ നൽകുന്ന സൂചന വ്യക്തമാണ്. ഇന്ത്യ അതിർത്തികളിൽ മാത്രമല്ല, സൈനിക സാങ്കേതികവിദ്യയിലും സ്വയം പര്യാപ്തതയിലും ലോക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. പ്രതിരോധ ഗവേഷണം, ആയുധ നിർമ്മാണം, യുദ്ധ തന്ത്രങ്ങൾ എല്ലാത്തിലും നമ്മൾ മുന്നേറ്റം നടത്തുകയാണ്. ഈ ദൗത്യങ്ങൾ പൂർത്തിയാകുമ്പോൾ, ലോകത്തെ പ്രതിരോധ ഭൂപടം തന്നെ മാറും, അതിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും മുകളിലായിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top