ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടം; ലോകവ്യവസായ ഭൂപടം മാറുന്നു

ലോക സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ആഗോള കമ്പനികൾ ചൈനയിൽ നിന്ന് ചുവട് മാറ്റുന്നു. ഇന്ത്യ തന്നെയാണ് അവർക്ക് സുരക്ഷിതമായൊരിടം. ചൈനയുടെ നഷ്ടം, ഇന്ത്യയുടെ നേട്ടം എന്ന് ലോകം പറയുമ്പോൾ, അതിനർത്ഥം ഇതൊരു ഭാഗ്യാവസരം എന്നല്ല. വ്യാവസായിക സൗഹൃദമായ അന്തരീക്ഷം പടുത്തുയർത്തിയ ഇന്ത്യക്ക് ലോകം നൽകുന്ന അംഗീകാരം കൂടിയാണത്. നമ്മുടെ രാജ്യം ഒരു ചരിത്രപരമായ വഴിത്തിരിവിലാണ്. ഇന്ത്യ ലോകത്തിൻ്റെ ഉത്പാദന ശക്തികേന്ദ്രമായി മാറുന്ന വിപ്ലവകരമായ മാറ്റം നടക്കുന്ന കാലഘട്ടമാണിത്. അത് കൊണ്ട് തന്നെയാണ് ലോകം ഇന്ന് ഇന്ത്യയിലെ മാറ്റങ്ങൾ ഉറ്റുനോക്കുന്നത്. നമുക്ക് നോക്കാം ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യയിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലം എന്താണെന്ന്.
Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്
എന്തുകൊണ്ടാണ് വൻ ഭീമൻ കമ്പനികൾ ചൈന വിടാൻ ഇത്രയും തിടുക്കം കാണിക്കുന്നത്. പലകാരണങ്ങളുണ്ട് അതിന് പിന്നിൽ. മറ്റു രാജ്യങ്ങളുമായി നിലനിൽക്കുന്ന നയതന്ത്ര പ്രശ്നങ്ങൾ തന്നെയാണ് പ്രധാന കാരണം.അമേരിക്കയുമായുള്ള വ്യാപാര യുദ്ധം, തായ്‌വാനുമായി നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ എന്നിവ കാരണം ചൈനയെ വിശ്വസിച്ച് വ്യാപാരം നടത്താൻ കമ്പനികൾ താൽപ്പര്യം കാട്ടുന്നില്ല. കൂടാതെ ചൈനയിൽ തൊഴിലാളികളുടെ വേതനം കുത്തനെ ഉയർന്നു. ഉത്പാദനച്ചെലവ് കൂടി. അപ്പോൾ സ്വാഭാവികമായും കമ്പനികൾ ലാഭം തേടി പുതിയ തീരത്തേക്ക് ചേക്കേറും. അങ്ങനെ ആഗോള വ്യാപാര മേഖലയിൽ പുതിയൊരു നയം ഉരുത്തിരിഞ്ഞു വന്നു ചൈന പ്ലസ് വൺ. ചൈനയ്ക്ക് പുറത്ത് മറ്റൊരു സംവിധാനം. സത്യസന്ധമായ വ്യാപാര നയങ്ങളും ജനാധിപത്യഭരണ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയല്ലാതെ മറ്റൊരു ഓപ്ഷൻ കമ്പനികൾക്കില്ല.
Also Read : ആവനാഴിയിൽ പുത്തൻ പടക്കോപ്പുകൾ നിറച്ച് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പേറും
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര യുവശക്തി നമ്മുടെ രാജ്യത്തുണ്ട്. ഡെമോഗ്രാഫിക് ഡിവിഡൻ്റ് എന്ന് ലോകം വിളിക്കുന്ന, കായിക ശേഷിയും ഉൽപ്പാദനക്ഷമതയുമുള്ള യുവാക്കൾ. അവർ തന്നെയാണ് നമ്മുടെ ശക്തി. നമുക്ക് ആവശ്യത്തിന് തൊഴിലാളികളുണ്ട്. ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന സാങ്കേതിക വിദഗ്ദ്ധരുണ്ട്. ഉത്പാദന സൗഹൃദമായ പരിതസ്ഥിതികൾ മാത്രമല്ല ഇന്ത്യയുടെ സവിശേഷത. ലോകത്തെ ഏറ്റവും വലിയ മാർക്കറ്റ് കൂടിയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കമ്പോളം.
Also Read : ചൈനക്കും പണികൊടുത്ത് ട്രംപ്; 100% അധിക തീരുവ ഉടൻ; സോഫ്റ്റ് വെയറുകൾക്കും പിടിവീഴും
വിദേശ കമ്പനികൾക്ക് ഇടം കൊടുക്കുക മാത്രമല്ല, അവർ നടത്തുന്ന കച്ചവടത്തിലൂടെ ലാഭം ഉണ്ടാക്കാനും ആ ലാഭവിഹിതം നാടിൻറെ വികസനത്തിന് വേണ്ട പദ്ധതിൾക്ക് ചിലവഴിക്കാനും ഇന്ന് ഇന്ത്യക്ക് കഴിയുന്നുണ്ട് . ഉൽപ്പാദനം വർദ്ധിക്കുന്നതിന് അനുസരിച്ച് തൊഴിലാളികൾക്ക് ലാഭം ലഭിക്കുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതികൾ (പി.എൽ.ഐ) അതിന്റെ ഭാഗമാണ്. ഇത് ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഉൽപാദനം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ആഭ്യന്തര, വിദേശ കമ്പനികളിൽ നിന്ന് ഗണ്യമായ നിക്ഷേപങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

ആപ്പിളിൻ്റെ ഉത്പാദന പങ്കാളികളായ ഫോക്സ്കോണും (Foxconn) ടാറ്റ ഇലക്ട്രോണിക്സും ഇന്ത്യയിൽ നിന്ന് മൊബൈൽ ഫോൺ കയറ്റുമതി നടത്തി റെക്കോർഡ് നേട്ടമുണ്ടാക്കുന്നു. വെറും ഒരു മാസം കൊണ്ട് നമ്മൾ 2.4 ബില്യൺ ഡോളറിൻ്റെ മൊബൈൽ ഫോണുകളാണ് കയറ്റുമതി ചെയ്തത്. മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾ ഇന്ന് ലോകത്തിൻ്റെ പല കോണുകളിലേക്കും കച്ചവടം ചെയ്യപ്പെടുന്നു.
ആപ്പിൾ മാത്രമല്ല, ഫോർഡ്, എച്ച്.പി, എൽ.ജി തുടങ്ങിയ വൻകിട കമ്പനികൾ ചൈനയിൽ നിന്നുള്ള അവരുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ഫോർഡ് ഇന്ത്യയെ ഹൈ-എൻഡ് എഞ്ചിനുകളുടെ ഉത്പാദന കേന്ദ്രമായി മാറ്റാൻ പോകുന്നു. എച്ച്.പി ഇന്ത്യയിൽ വിൽക്കുന്ന പേഴ്സണൽ കമ്പ്യുട്ടറുകൾ ഇവിടെത്തന്നെ നിർമ്മിക്കാൻ പോകുന്നു.
നമ്മൾ ഒരു വഴിത്തിരിവിലാണ്. ലോകം നമ്മളെ വിശ്വസിച്ച് നിക്ഷേപം നടത്താൻ തയ്യാറാണ്. അടുത്ത 25 വർഷം ഇന്ത്യയുടേതാണ്. നമ്മൾ ഓരോരുത്തരും ഈ മാറ്റത്തിൻ്റെ ഭാഗമാണ്. നമ്മുടെ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. നമ്മുടെ കർഷകർ അസംസ്‌കൃത വസ്തുക്കൾ നൽകുന്നു. ഓർക്കുക, ചൈന നൂറുകണക്കിന് വർഷംകൊണ്ട് ഉണ്ടാക്കിയെടുത്ത ഉത്പാദന ശക്തിയെയാണ് നമ്മൾ വെല്ലുവിളിക്കാൻ പോകുന്നത്. വെല്ലുവിളി വലുതാണ്. പക്ഷേ, അവസരം അതിലും വലുത്. നമുക്കൊരുമിച്ച് കൈകോർക്കാം. ലോകത്തിൻ്റെ പുതിയ ഫാക്ടറിയായി ഇന്ത്യയെ മാറ്റിയെടുക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here