മെക്സിക്കോയുടെ 50% തീരുവയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ; ഏകപക്ഷീയമായ തീരുമാനമെന്ന് വിമർശനം

ഇറക്കുമതിക്ക് 50% വരെ തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ തീരുമാനത്തിൽ ഇന്ത്യ ഔദ്യോഗികമായി ആശങ്ക രേഖപ്പെടുത്തി. ഏകപക്ഷീയമായ ഈ നടപടി ഏകദേശം 52,000 കോടി രൂപയുടെ നഷ്ട്ടം ഇന്ത്യക്കുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. മെക്സിക്കൻ കോൺഗ്രസിന്റെ ഇരുസഭകളും അംഗീകരിച്ച ഉയർന്ന തീരുവ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. മുൻകൂട്ടിയുള്ള കൂടിയാലോചനകളില്ലാതെ തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ നടപടി, സാമ്പത്തിക സഹകരണ ബന്ധങ്ങൾക്കും ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തിനും അടിസ്ഥാനമായ സുതാര്യത തത്വങ്ങൾക്കും വിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
Also Read : ഇന്ത്യയ്ക്ക് എതിരെ ഭീഷണിയുമായി ട്രംപ്; ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി
ഇന്ത്യൻ കയറ്റുമതിക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയിൽ നിക്ഷിപ്തമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാളും മെക്സിക്കോയുടെ ഇക്കണോമി ഉപമന്ത്രി ലൂയിസ് റോസെൻഡോയും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നു. ഇന്ത്യൻ എംബസി നേരത്തെ തന്നെ മെക്സിക്കൻ അധികൃതരെ സമീപിച്ച് ഇന്ത്യൻ കയറ്റുമതിക്ക് പ്രത്യേക ഇളവുകൾ തേടിയിരുന്നു.
ഓട്ടോമൊബൈൽസ്, യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, പ്ലാസ്റ്റിക് തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകളെയാണ് ഈ തീരുവ വർദ്ധനവ് കാര്യമായി ബാധിക്കുക. മെക്സിക്കോയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനുമാണ് ഈ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, യു.എസ്.-മെക്സിക്കോ-കാനഡ കരാർ അവലോകനത്തിന് മുന്നോടിയായി അമേരിക്കയുടെ വ്യാപാര താൽപ്പര്യങ്ങൾക്കനുസരിച്ച് നീങ്ങാനുള്ള മെക്സിക്കോയുടെ ശ്രമമായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here