ചൈന ഇനി വിറയ്ക്കും; ഹാമർ നമ്മൾ നിർമ്മിക്കും

വർഷം 2020, സ്ഥലം ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും ഇടയിലുള്ള പർവ്വത മേഖല. അധികം ആരുമങ്ങനെ എത്തിപ്പെടാത്ത ഇന്ത്യ-ചൈന അതിർത്തി. കൊടും തണുപ്പിലും ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു കയറുകയാണ് ചില ചൈനീസ് സൈനികർ. രാജ്യത്തെ ജീവനെ പോലെ കാക്കുന്ന ഇന്ത്യൻ സൈനികർ ഞൊടിയിടയിൽ ആക്രമണം ആരംഭിച്ചു. അപ്പോഴേക്കും ആരും എത്തിപ്പെടാത്ത മലമടക്കുകളിൽ, പാറക്കെട്ടുകൾ തുരന്ന് ചൈനീസ് സേന ബങ്കറുകൾ നിർമ്മിച്ചിരുന്നു. നമ്മുടെ ധീരജവാന്മാരെ ലക്ഷ്യമിട്ടുകൊണ്ട് അവർ അവിടെയും താവളമുറപ്പിച്ചു.

അന്ന്, ആ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യ വെറുതെ ഇരുന്നില്ല. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. ഇതിനെല്ലാം പുറമെ, പ്രതിരോധ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥർ ഒരു ഫോൺ കോൾ ചെയ്തു, ഫ്രാൻസിലേക്ക്. ആ വിളി, ലോകത്തിലെ ഏറ്റവും മികച്ച ബങ്കർ ബസ്റ്റർ മിസൈലുകൾക്ക് വേണ്ടിയായിരുന്നു. ഹൈലി അജൈൽ മോഡുലാർ മ്യൂണിഷൻ എക്‌സ്‌റ്റൻഡഡ് റേഞ്ച്, (Highly Agile Modular Munition Extended Range) ചുരുക്കത്തിൽ ഹാമർ (HAMMER). പേര് സൂചിപ്പിക്കുന്നത് പോലെ ശത്രുക്കളുടെ തലയിൽ ചുറ്റിക പോലെ പ്രഹരമേൽപ്പിക്കാൻ കഴിവുള്ള അത്യാധുനിക ആയുധം.
ചൈനീസ് സൈന്യം അറിഞ്ഞില്ല, അവരുടെ തലയ്ക്ക് മുകളിലൂടെ ഇന്ത്യ ഏറ്റവും ശക്തമായ വജ്രായുധം പറപ്പിക്കാൻ തയ്യാറെടുത്തുവെന്ന്. അധികം താമസിയാതെ ചൈന ഇന്ത്യൻ നീക്കങ്ങൾ അറിഞ്ഞു. അവർ കിടുങ്ങി. ചൈനയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചു. ഇന്ത്യ യുദ്ധത്തിന് തയ്യാറാണ്. ആ സൈനിക സമ്മർദ്ദത്തിന്റേയും ഹാമറിൻ്റെ ഭീഷണിയുടേയും ഫലമായി ചൈനീസ് സൈന്യം പതിയെ പിൻവലിയാൻ തുടങ്ങി.
നമ്മുടെ സൈനിക നീക്കങ്ങളും, നയതന്ത്രപരമായ ശക്തിയും, ഒപ്പം ഹാമർ ഉയർത്തിയ ഭീഷണിയും ചേർന്നതോടെ ചൈനീസ് സൈന്യത്തിന് വ്യക്തമായ സന്ദേശം ലഭിച്ചു. യുദ്ധത്തിനു തയ്യാറെങ്കിൽ, ഇന്ത്യ അതിലും വലിയ പ്രതിപ്രഹരത്തിനു തയ്യാറാണ്. ആ ഒരൊറ്റ ആയുധ വിന്യാസം ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ വ്യക്തമാക്കി.

70 കിലോമീറ്റർ ദൈർഘ്യമുള്ള ഹ്രസ്വസുദൂരം മിസൈലാണെങ്കിലും ഹാമറിന്റെ പ്രഹര ശേഷി അപാരമാണ്. പാറകൾ തുരന്നും, കോൺക്രീറ്റ് ബങ്കറുകൾ തകർത്തും ആഴത്തിൽ പ്രഹരം ഏൽപ്പിക്കാൻ സാധിക്കുന്ന ആധുനികമായ ആയുധം. അതിർത്തിയിലെ മലമ്പ്രദേശങ്ങളിലും പർവത മേഖലകളിലും ഒളിച്ചിരിക്കുന്ന ശത്രുതാവളങ്ങളെ നശിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഇനി നാം ആ മൂർച്ചയേറിയ ആയുധത്തിനായി മറ്റാരെയും ആശ്രയിക്കേണ്ട ആവശ്യമില്ല.
ഇനി ഹാമർ ഇന്ത്യയിൽ നിർമ്മിക്കും. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഫ്രാൻസിലെ സഫ്രാൻ കമ്പനിയുമായി സംയുക്തമായി ഹാമർ മിസൈലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ പോകുകയാണ്. തുടക്കത്തിൽ മിസൈലിൻ്റെ പ്രധാനപ്പെട്ട മെക്കാനിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങൾ ഉൾപ്പെടെ 60% വരെ തദ്ദേശീയവൽക്കരണം സാധ്യമാകും. അതായത്, നമ്മൾ വിദേശികളെ വിശ്വസിച്ചിരുന്ന കാലം ഇവിടെ അവസാനിക്കുകയാണ്. എന്നാൽ പലർക്കുമുണ്ടാകാം ഒരു സംശയം. നമുക്ക് ലോകത്തിലെ ഏറ്റവും മികച്ച മിസൈലായ ബ്രഹ്മോസ് ഉള്ളപ്പോൾ എന്തിനാണ് മറ്റൊരു ആയുധം.

ബ്രഹ്മോസ് ഒരു സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ, ദീർഘദൂരത്തിലുള്ള കപ്പലുകൾ, കെട്ടിടങ്ങൾ തുടങ്ങിയ വലിയ ലക്ഷ്യങ്ങളെ തകർക്കുന്നതിൽ ബ്രഹ്മോസാണ് കിരീടം വയ്ക്കാത്ത രാജാവ്. എന്നാൽ ഹാമർ ഒരു സ്മാർട്ട് ബോംബ് കിറ്റാണ്. ഇതിന് ബ്രഹ്മോസിൻ്റെ വേഗതയില്ല. പക്ഷേ, കൃത്യത അവിശ്വസനീയമാണ്. എതിരാളികൾ ഒളിച്ചിരിക്കുന്ന പാറക്കെട്ട് അല്ലെങ്കിൽ ബങ്കറിൻ്റെ കവാടം കൃത്യമായി തകർക്കാൻ കഴിയുന്ന മാരകായുധം.
ബ്രഹ്മോസ് എന്ന റഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു വൻശക്തിയായി നമ്മൾ മാറുന്നതിനോടൊപ്പം തന്നെ, ഹാമറിലൂടെ ഫ്രഞ്ച് സാങ്കേതികവിദ്യയും സ്വന്തമാക്കുകയാണ്. ഇത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏത് ആഗോള പ്രതിസന്ധിയിലും ഇന്ത്യയുടെ ആയുധ ലഭ്യതയെ സുരക്ഷിതമാക്കും. ചൈനയെ വിറപ്പിച്ച ആയുധം ഇനി നമ്മുടെ മണ്ണിൽ പിറക്കുമ്പോൾ, ഒരു കാര്യം ഉറപ്പാണ്, ഇനി ആയുധങ്ങൾക്കുവേണ്ടി നാം ആരെയും ആശ്രയിക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയായി ഇന്ത്യ മാറുകയായി. ഈ മാറ്റമാണ്, പുതിയ ഇന്ത്യയുടെ ശക്തി. അതിർത്തികളിൽ ഇനി ഇന്ത്യ തലകുനിക്കാൻ പോകുന്നില്ല. ഇതൊരു യുദ്ധപ്രഖ്യാപനമല്ല, സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്ന ഒരു രാഷ്ട്രത്തിൻ്റെ അജയ്യമായ ജൈത്രയാത്രയുടെ ശക്തിപ്രകടനമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here