ലാമ മുതൽ ഷേക്ക് ഹസീന വരെ; രാഷ്ട്രീയാഭയം തേടിയവരെ കൈവിടാത്ത ഇന്ത്യയുടെ ചരിത്രം

ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അവിടുത്തെ കോടതി വധശിക്ഷ വിധിച്ചത് ഇന്നലെയാണ്. എന്നാൽ, ജീവഭയം കാരണം ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന മുൻ ബംഗ്ലാദേശ് ഭരണാധികാരിയെ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടുന്നത് ഇത് ആദ്യമായിട്ടല്ല.

കഥ തുടങ്ങുന്നത് 1975-ലാണ്. ബംഗ്ലാദേശിന് അന്ന് ചോരയുടെ മണമായിരുന്നു. സൈനിക അട്ടിമറിയുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ച് വീശിയപ്പോൾ, രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും പോലും അതിദാരുണമായി കൊല്ലപ്പെട്ടു. ആ ഭീകര നിമിഷങ്ങളിൽ, വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ മകൾ ഹസീനയും അവരുടെ സഹോദരിയും, ജീവനുംകൊണ്ട് ഓടിയൊളിക്കാൻ ഒരിടം തേടി. അവർക്ക് മുന്നിൽ വാതിലുകൾ മുഴുവൻ അടഞ്ഞപ്പോൾ, ഇന്ത്യ വാതിൽ തുറന്നു.

അവിടെ രാജകുമാരിയായി ജീവിച്ച ഹസീന, ഇവിടെ ആറ് വർഷത്തോളം ഒരു സാധാരണക്കാരിയായി ജീവിച്ചു. അധികമാരും തിരിച്ചറിയാതെ ഡൽഹിയിലെ പാണ്ഡാര റോഡിലെ വീട്ടിൽ അവർ ഏകാന്തതയുടെയും ഭയത്തിന്റെയും ദിനങ്ങൾ തള്ളിനീക്കി. അന്ന് അവർക്കുവേണ്ടി വാദിക്കാനോ, അവരുടെ നഷ്ടത്തെ ഓർക്കാൻ പോലുമോ ലോകം തയ്യാറായിരുന്നില്ല. പക്ഷേ ഹസീനക്ക് ഇന്ത്യ താങ്ങും തണലുമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സംരക്ഷണത്തിൽ കഴിഞ്ഞതിന്റെ കരുത്തുമായി ആറു വർഷത്തെ പ്രവാസത്തിനു ശേഷം, ഹസീന ശക്തയായി തിരികെ പോയി. ജനാധിപത്യപരമായ പോരാട്ടങ്ങളിലൂടെ ഷെയ്ഖ് ഹസീന ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായി.

ചരിത്രം വീണ്ടും ആവർത്തിച്ചു. 2024-ൽ, വീണ്ടും രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായി ലോകത്തിലെ ഏത് രാജ്യത്തേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും, അവർ രണ്ടാമതും അഭയം തേടി ഇന്ത്യയുടെ മണ്ണിലേക്കെത്തി. അത് നന്മയുള്ള ഒരു നാടിൻമേലുള്ള അവരുടെ വിശ്വാസമായിരുന്നു.

ഇത് ആദ്യമായല്ല പിറന്ന നാട്ടിൽ നിന്നും വേരറ്റ് ഇന്ത്യയിലേക്കെത്തുന്ന പ്രമുഖർക്ക് ഇന്ത്യ അഭയം നൽകുന്നത്. ആരെയും നിരാശരാക്കാതെ, ഇന്ത്യയുടെ മടിത്തട്ടിൽ അവർക്ക് സംരക്ഷണം നൽകിയ അനവധി സംഭവങ്ങളുണ്ട് നമ്മുടെ ചരിത്രത്തിൽ. ഈ മണ്ണിൽ കാലുകുത്തിയ ഓരോ പ്രവാസിക്കും, നമ്മൾ നൽകിയത് കേവലം അഭയം മാത്രമല്ല, രണ്ടാം ജന്മം കൂടിയാണ്, സ്വാതന്ത്ര്യത്തിൻ്റെ പ്രകാശമാണ്. നമുക്ക് ആ കഥകളിലൂടെ ഒന്ന് സഞ്ചരിക്കാം.

അടുത്ത കഥ തുടങ്ങുന്നത് 1959-ൽ, ഇന്ത്യയുടെ വടക്കേ അതിർത്തിയിലാണ്. ടിബറ്റിന്റെ ആത്മീയ പ്രകാശമായിരുന്ന പതിനാലാമത് ദലൈ ലാമ, ടെൻസിൻ ഗ്യാറ്റ്‌സോക്ക് അന്ന് പ്രായം ഇരുപത്തിനാല്. ചൈനീസ് അധിനിവേശത്തിൽ ടിബറ്റ് ഞെരിഞ്ഞമരുന്ന സമയം. ചവിട്ടിനിൽക്കുന്ന മണ്ണ് പോലും ഒലിച്ചുപോകുന്ന സാഹചര്യം. ചൈനീസ് ഡ്രാഗൺ ടിബറ്റിനെ വരിഞ്ഞു മുറുക്കി. ലോകം മുഴുവൻ കൈയ്യൊഴിഞ്ഞപ്പോഴും ലാമക്കും സംഘത്തിനും ടിബറ്റൻ സംസ്കാരിക മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് അന്തസ്സോടെ ജീവിക്കാൻ ഒരിടം നൽകാൻ കരുത്തേറിയ ഒരു അയൽരാജ്യം ഉണ്ടായിരുന്നു, ഇന്ത്യ.

അരുണാചൽ പ്രദേശിലെ മലയിടുക്കുകളിലൂടെ അതിർത്തി കടന്നെത്തിയ ദലൈ ലാമക്ക് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഇന്ത്യയുടെ കാരുണ്യവും കരുതലും എന്താണെന്ന് കാട്ടികൊടുത്തു. ചൈനയുമായുള്ള സൗഹൃദം വഷളാകുമെന്ന ഭീഷണിയുണ്ടായിട്ടും, മനുഷ്യത്വത്തിന് വിലനൽകിയ ഇന്ത്യൻ നീക്കം. നമ്മൾ അദ്ദേഹത്തിന് അഭയം നൽകി. ഹിമാചൽ പ്രദേശിലെ ധർമ്മശാല ഇന്ന് ലോകത്തിന് മുന്നിൽ ഒരു ചെറിയ ടിബറ്റ് ആയി തലയുയർത്തി നിൽക്കുന്നു. ദലൈ ലാമയ്ക്ക് പിന്നാലെ, ഒന്നര ലക്ഷത്തോളം ടിബറ്റൻ ജനത ഒഴുകിയെത്തി.അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാമായി അവർക്ക് താങ്ങാനിടം നൽകി ഇന്ത്യ.

ഇന്നും, ആറ് പതിറ്റാണ്ടിനു ശേഷവും, ധർമ്മശാലയിൽ അവർക്ക് വിദ്യാഭ്യാസം, സംസ്കാരിക സ്വാതന്ത്ര്യം എല്ലാം നൽകി ഇന്ത്യ അവരെ സംരക്ഷിക്കുന്നു. നമ്മളവർക്ക് നൽകിയത് ആത്മാഭിമാനത്തോടെയുള്ള ഒരു ജീവിതമാണ്. സമാനമായ സാഹചര്യങ്ങളിൽ അകപ്പെട്ട് ജീവൻ കാക്കാൻ നെട്ടോട്ടമോടിയ നിരവധി നേതാക്കൾക്ക് ഇന്ത്യ രക്ഷാകവചമായിട്ടുണ്ട്.

രാഷ്ട്രീയമായി എതിർക്കുന്ന രാജ്യത്തിലെ പ്രമുഖ നേതാക്കൾക്ക് പോലും, ജീവൻ ഭീഷണിയാകുമ്പോൾ, ഇന്ത്യ അഭയം നൽകി. അതൊന്നും കേവലമൊരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല, കക്ഷിരാഷ്ട്രീയത്തിലുപരി ഇന്ത്യ എന്ന മഹത്തായ രാജ്യമുയർത്തുന്ന മാനവികതയുടെ അടയാളപ്പെടുത്തലായിരുന്നു, അതിർത്തികളില്ലാത്ത മാനുഷികതയായിരുന്നു.

1979-ൽ സുൾഫിക്കർ അലി ഭൂട്ടോ എന്ന പാകിസ്ഥാൻ മുൻ ഭരണാധികാരിയെ ജനറൽ സിയാ ഉൾ ഹഖിന്റെ സൈന്യം അന്യായമായി കൊലപ്പെടുത്തി. സൈനിക ഭരണകൂടത്തിന്റെ വേട്ടയാടലും രാഷ്ട്രീയമായ ഭീഷണികളും കാരണം അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തം രാജ്യം വിട്ട് പ്രവാസജീവിതം നയിക്കേണ്ടി വന്നു. അങ്ങനെ അദ്ദേഹത്തിന്റെ മകൾ ബേനസീർ ഭൂട്ടോ രാഷ്ട്രീയ പ്രവാസത്തിലേക്ക് കടന്നു. 1984-ൽ അവർ ബ്രിട്ടനിലേക്ക് പോവുകയും അവിടെ പ്രവാസജീവിതം നയിക്കുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ അവർക്ക് സുരക്ഷിതമായി രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അന്താരാഷ്ട്ര പിന്തുണ നേടാനും ഇന്ത്യ ഒരു പ്രധാന കേന്ദ്രമായി നിലകൊണ്ടു. ഈ കാലയളവിൽ ഇന്ത്യ ഭരിച്ചത് പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. പാകിസ്ഥാനുമായി രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, അവർ ബേനസീറിന് ഇന്ത്യയിൽ തങ്ങാനുള്ള സൗകര്യം നൽകി.

1994-ൽ ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്‌റിൻ സ്വന്തം രാജ്യത്ത് മതതീവ്രവാദികളുടെ വധഭീഷണി നേരിട്ടപ്പോൾ, അവർ ലോകത്ത് അഭയം തേടി അലഞ്ഞു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ആ എഴുത്തുകാരിക്ക് ഇന്ത്യ സംരക്ഷണം നൽകി. ഇന്നും, ഭീഷണികൾ നിലനിൽക്കുമ്പോഴും ഇന്ത്യ തസ്ലീമ നസ്‌റിനെ കരുതലോടെ ചേർത്ത് പിടിച്ചിരിക്കുന്നു.

ഇത് കേവലം ഒന്നോ രണ്ടോ രാജ്യങ്ങളുടെ മാത്രം കഥയല്ല സ്വാതന്ത്ര്യത്തിനായി കേഴുന്ന മനുഷ്യരെ എന്നും ചേർത്തുപിടിച്ചിട്ടുള്ള ഭൂമികയാണ് ഇന്ത്യയുടേത്. നമ്മുടെ തെക്കൻ അയൽരാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട മനുഷ്യർക്കും ഇന്ത്യ ചവിട്ടിനിൽക്കാൻ മണ്ണു നൽകി.

ശ്രീലങ്കൻ ആഭ്യന്തരയുദ്ധം കത്തിനിന്ന സമയം. തമിഴ് രാഷ്ട്രീയ നേതാവായിരുന്ന അണ്ണാമലൈ വരദരാജ പെരുമാൾ LTTE-യുടെ വധഭീഷണിയാൽ പിറന്ന നാട്ടിൽ നിന്നും ഒളിച്ചോടേണ്ട ദുരവസ്ഥയിൽ എത്തി. 1990ൽ ജീവൻ രക്ഷിക്കാൻ അദ്ദേഹം ഇന്ത്യയുടെ സഹായം തേടി. ഭരണകൂടം അദ്ദേഹത്തെയും കുടുംബത്തെയും രഹസ്യമായി രക്ഷപ്പെടുത്തി സുരക്ഷിതമായി പാർപ്പിച്ചു.

മാലിദ്വീപിന്റെ മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദ്, മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിട്ടപ്പോൾ, 2013-ൽ മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടി. ഇന്ത്യ നൽകിയ നയതന്ത്രപരമായ സംരക്ഷണത്തിലൂടെ മുഹമ്മദ് നഷീദ് ആ പ്രതിസന്ധി മറികടക്കുകയായിരുന്നു.

ദലൈ ലാമയും അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് അനുയായികളും, ഷെയ്ഖ് ഹസീനയും, തസ്ലീമ നസ്‌റിനും, വരദരാജ പെരുമാളും അങ്ങനെ ആയിരങ്ങൾ ഇവിടെ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ അതിർവരമ്പുകളില്ലാതെ, മതപരമായ വിവേചനമില്ലാതെ, അടിസ്ഥാനപരമായ ജീവിക്കാനുള്ള അവകാശം മുറുകെ പിടിച്ച് അന്തസോടെ ജീവിച്ച മനുഷ്യർ.

ജീവഭയം പേറി വരുന്നവർക്ക് ഇവിടെ അഭയമല്ല, കരുണയുടെ മാതൃത്വമാണ് നമ്മൾ നൽകാറുള്ളത്. നിസ്സഹായതയോടെ ജീവനും കയ്യിൽ പിടിച്ച് ഓടിയൊളിക്കുന്ന മനുഷ്യരെ എന്നും ഇന്ത്യ മാതൃത്വത്തോടെ ചേർത്ത് പിടിച്ചിട്ടേയുള്ളു. അത് നമ്മുടെ പാരമ്പര്യമാണ്. അതിർത്തികൾ അടയുമ്പോൾ, നിയമപുസ്തകങ്ങൾ മൗനം പാലിക്കുമ്പോൾ, ലോകം മുഖം തിരിക്കുമ്പോൾ ഇവിടെ നിങ്ങൾക്ക് ജീവിക്കാം എന്ന് നിറഞ്ഞ മനസ്സോടെ അഭയം നൽകുന്ന ധാർമ്മിക ബോധമാണത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top